കോഴിക്കോട്- വയനാട് ഇരട്ടത്തുരങ്കപ്പാത പദ്ധതിയുടെ ഭാഗമായ കല്ലാടി മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ കേരളം ആവർത്തിച്ച് നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് വീണ്ടും വിരൽചൂണ്ടുകയാണ്. പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളുടെ ഭാഗമായ വയനാട് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള മേഖലകളിലൊന്നായി മാറിക്കഴിഞ്ഞു. ശക്തമായ കാലവർഷം മണ്ണിടിച്ചിലിന് പ്രധാനകാരണമാകാറുണ്ടെങ്കിലും അതിനുമപ്പുറം വയനാടിന്റെ ഭൂമിശാസ്‌ത്ര ഘടന, കാലാവസ്ഥ വ്യതിയാനം, മനുഷ്യരുടെ അമിത ഇടപെടൽ എന്നിവയുടെ കൂട്ടായ സ്വാധീനവും തള്ളിക്കളയാനാകില്ല.
വയനാട്ടിലെ മണ്ണിടിച്ചിലുകളുടെ പ്രധാന കാരണം അവിടുത്തെ മണ്ണിന്റെ പ്രത്യേകമായ ഇരട്ടഘടനയാണ്. മുകളിൽ കട്ടിയുള്ളതും വെള്ളം എളുപ്പത്തിൽ ആഗിരണം ചെയ്യുന്നതുമായ ലാറ്ററൈറ്റ് മണ്ണും താഴെ വെള്ളം കടക്കാത്ത ഉറച്ച ഗ്രാനൈറ്റ് പാറയുമാണ് സാധാരണയായി കാണപ്പെടുന്നത്. അതിശക്തമായ മഴയിൽ മുകളിലത്തെ മണ്ണ് ധാരാളം വെള്ളം ആഗിരണം ചെയ്യുകയും അതിന്റെ ഭാരം വർദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ ഈ വെള്ളത്തിന് മണ്ണിനടിയിലേക്ക് ഇറങ്ങാൻ സാധിക്കാത്തതിനാൽ അത് മണ്ണിനും പാറയ്‌ക്കും ഇടയിലുള്ള ഭാഗത്ത് അടിഞ്ഞുകൂടുന്നു. ഇതോടെ മണ്ണും പാറയും തമ്മിലുള്ള പിടിത്തം കുറയുകയും ഒരുതരം വഴുവഴുപ്പുള്ള പാളി രൂപപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഗുരുത്വാകർഷണത്തിന്റെ ശക്തിയിൽ മലയോരത്തിന്റെ ചരിഞ്ഞ ഭാഗം മുഴുവനായി താഴേക്ക് തെന്നിമാറാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. വയനാട്ടിലെ പല മലഞ്ചരിവുകൾക്കും 20 ഡിഗ്രിയിലധികം ചരിവുള്ളതിനാൽ അപകടസാദ്ധ്യത കൂടുതലാണ്.
കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ മഴയുടെ സ്വഭാവം ഗണ്യമായി മാറ്റിയിട്ടുണ്ട്. മുൻകാലങ്ങളിൽ കുറഞ്ഞ അളവിൽ ദിവസങ്ങളോളം പെയ്യുന്ന മഴയ്‌ക്ക് പകരം ഇപ്പോൾ ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ വലിയ അളവിലുള്ള മഴ ലഭിക്കുന്നതാണ് പതിവ്. ഇക്കാരണത്താൽ വെള്ളത്തിന് മണ്ണിനടിയിലേക്ക് ആഴ്‌ന്നിറങ്ങാനുള്ള സമയം ലഭിക്കുന്നില്ല. സ്വാഭാവികമായ നീരൊഴുക്ക് പ്രവർത്തിക്കുന്നതിന് മുൻപുതന്നെ മലഞ്ചരിവുകൾ പൂർണമായും ജലസാന്ദ്രമാവുകയും മണ്ണിടിച്ചിലിന് സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു.
മലഞ്ചരിവുകളിലെ മണ്ണിനെ ഉറപ്പിച്ചുനിർത്താൻ ആ പ്രദേശത്ത് തനതായി വളർന്നിരുന്ന വൻമരങ്ങളുടെ ആഴത്തിലുള്ള വേരുകൾക്ക് നിർണായക പങ്കുണ്ട്. എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വയനാട്ടിലെ സ്വാഭാവിക വനങ്ങൾ നശിപ്പിച്ച് അവിടെ ചായ, കാപ്പി, റബർ തുടങ്ങിയ തോട്ടവിളകൾ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങി. ഇതിന്റെ ഗുരുതരമായ പ്രത്യാഘാതമാണ് 'സോയിൽ പൈപ്പിംഗ്' എന്ന പ്രതിഭാസം. മരങ്ങൾ മുറിച്ചുമാറ്റി കാലങ്ങൾ കഴിയുമ്പോൾ അവയുടെ വേരുകൾ അഴുകിപ്പോകുകയും ഭൂമിക്കടിയിൽ പൊള്ളയായ ഇടനാഴികൾ രൂപപ്പെടുകയും ചെയ്യുന്നു. മഴവെള്ളം ഈ വഴികളിലൂടെ ഒഴുകുമ്പോൾ ആ ഭാഗത്ത് മണ്ണ് ഒലിച്ചുപോകുകയും മലയെ ഉള്ളിൽ നിന്ന് തുരക്കുന്നതുപോലെയാക്കുകയും ചെയ്യുന്നു. ഇത് കാലക്രമത്തിൽ അപ്രതീക്ഷിതമായ വലിയ മണ്ണിടിച്ചിലുകൾക്ക് കാരണമാകുന്നു.
പരിസ്ഥിതി ദുർബലമായ മലപ്രദേശങ്ങളിൽ നടക്കുന്ന മനുഷ്യ ഇടപെടലുകളും ദുരന്തസാദ്ധ്യത വർദ്ധിപ്പിക്കുന്നു. വിനോദസഞ്ചാര വികസനം, റോഡ‌് വീതികൂട്ടൽ, വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയ്‌ക്കായി മലയുടെ അടിഭാഗം ആഴത്തിൽ മുറിച്ചുമാറ്റുന്നത് സ്വാഭാവികമായ താങ്ങ് ഇല്ലാതാക്കുന്നു. ഇതോടൊപ്പം സ്വാഭാവിക നീരൊഴുക്ക് തടയുന്നതും ഖനനം നടത്തിയ മണ്ണും നിർമ്മാണാവശിഷ്‌ടങ്ങളും ശാസ്‌ത്രീയമല്ലാതെ തള്ളുന്നതും വെള്ളക്കെട്ട് വർദ്ധിപ്പിക്കുന്നു. ഇതുവഴി മലഞ്ചരിവുകളിൽ കൂടുതൽ മർദം രൂപപ്പെടുകയും നിയന്ത്രിക്കാൻ കഴിയുന്ന അപകടങ്ങൾപോലും വൻ ദുരന്തങ്ങളായി മാറുകയും ചെയ്യുന്നു.
Wayanad’s landslides are not caused by heavy rainfall alone. The region’s fragile geology, intense rainfall events linked to climate change, deforestation, and unscientific construction have increased its vulnerability. In the ecologically sensitive Western Ghats, these combined factors weaken hill slopes, turning natural triggers into devastating disasters.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |