ഓണത്തിന് രണ്ട് ദിവസം മുമ്പ് ഒരു തത്തമ്മയുമായി തുടങ്ങിയ പരിചയം, കുടുംബത്തിന്റെ ആത്മബന്ധമായി വളർന്ന സംഭവം ഇപ്പോൾ നാട്ടിലാകെ കൗതുകമാണ്. അരൂർ പഞ്ചായത്ത് 23-ാം വാർഡിലെ കെ.കെ അജയഘോഷിന്റെ വീട്ടിലാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അപൂർവ ബന്ധം വിരിഞ്ഞത്.
രാവിലെ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് മരക്കൊമ്പിൽ അനങ്ങാതെ ഇരിക്കുന്ന പച്ചത്തത്ത അജയഘോഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഏറെ നേരം കഴിഞ്ഞിട്ടും തത്ത അവിടെത്തന്നെ ഇരിക്കുന്നത് കണ്ടപ്പോൾ കൗതുകം തോന്നി. ഒരു തക്കാളിയെടുത്ത് തത്തയ്ക്ക് നേരെ നീട്ടിയെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് തത്തയ്ക്ക് കാണാൻ പാകത്തിന് ടെറസിൽ തക്കാളി വച്ചശേഷം അദ്ദേഹം മടങ്ങി. അൽപസമയം കഴിഞ്ഞ് ചെന്നുനോക്കിയ അജയഘോഷ് കണ്ടത് തക്കാളി കൊത്തിത്തിന്നുന്ന തത്തയെയാണ്.
അദ്ദേഹത്തെ കണ്ടതോടെ തത്ത പറന്നുപോയെങ്കിലും ഒരു കൂടിക്കാഴ്ചയുടെ തുടക്കമായിരുന്നു അത്.
വൈകുന്നേരമായപ്പോൾ തത്തമ്മ വീണ്ടും മരക്കൊമ്പിലെത്തി. ശ്രദ്ധ ക്ഷണിക്കുന്നതുപോലെ ചിലച്ച തത്തയ്ക്ക് അജയഘോഷ് കുറച്ച് ചോറ് കൊടുത്തു. ആദ്യം അകലം പാലിച്ചിരുന്ന തത്തമ്മ പിന്നീട് പതുക്കെ താഴെയിറങ്ങി അത് കഴിച്ചു. അടുത്ത ദിവസങ്ങളിലും തത്തമ്മയുടെ വരവ് മുടങ്ങിയില്ല. അജയഘോഷ് വീട്ടിലില്ലാത്ത സമയങ്ങളിൽ ഭാര്യ നിത, മകൾ സന, അമ്മ എന്നിവർ ചേർന്ന് തത്തയ്ക്ക് ഭക്ഷണം നൽകാൻ തുടങ്ങി. ആദ്യം അകലെ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നതെങ്കിൽ പിന്നീട് അകലം കുറഞ്ഞു.
വാട്ടർ ടാങ്കിന് മുകളിൽ ഇരുന്ന് ഭക്ഷണം കഴിച്ചിരുന്ന തത്തമ്മ പിന്നീട് ഉമ്മറത്തേക്കും വീട്ടുകാരുടെ തൊട്ടരികിലേക്കും എത്തിത്തുടങ്ങി. ഒരുദിവസം പോലും മുടങ്ങാതെ എത്തി മൂന്ന് നേരവും ഭക്ഷണം കഴിച്ച് മടങ്ങുന്നതാണ് ഇപ്പോഴത്തെ പതിവ്. ഓരോ ദിവസവും ഭയം കുറഞ്ഞുവന്നതോടെ, തത്തമ്മ ഇന്ന് വീട്ടുകാരുടെ അടുത്തെത്തി യാതൊരു മടിയുമില്ലാതെ ഭക്ഷണം കഴിക്കുന്നതായി അജയഘോഷ് പറയുന്നു. വീട്ടുകാർ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയാൽ ജനലരികിലെത്തി ശബ്ദമുണ്ടാക്കും. അതിനും പ്രതികരണമില്ലെങ്കിൽ ജനലിലൂടെയോ, വാതിലിലൂടെയോ വീടിനുള്ളിലെത്തി പാറിക്കളിക്കും. ഒരു തക്കാളിയിൽ തുടങ്ങിയ പരിചയം ഇന്ന് വീട്ടുമുറ്റത്തെ സ്ഥിരം സന്ദർശനമായി മാറിയിരിക്കുകയാണ് ഈ തത്തമ്മ.
A unique bond has developed between a family in Aroor Panchayat and a parrot. The parrot, initially hesitant, began visiting Ajaya Ghosh's home two days before Onam after being offered a tomato. It now regularly visits three times daily, eating food provided by the family, and has become comfortable, even entering the house, becoming a local curiosity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |