
കുട്ടിക്കാലത്ത് അസുഖം വന്ന് ആശുപത്രിയിലേക്ക് പോകുമ്പോൾ ഇഞ്ചക്ഷനെടുക്കുമെന്ന് കരുതി പേടിച്ചിട്ടുള്ളവരാകും നമ്മളിൽ പലരും. മുതിർന്നതിനുശേഷവും ഇഞ്ചക്ഷൻ സൂചി കാണുമ്പോൾ അലറി വിളിച്ചുകരയുന്ന ഒരാളെങ്കിലും നമ്മുടെ പരിചയത്തിലുണ്ടാകും. ഇപ്പോഴിതാ, ഇഞ്ചക്ഷനെടുക്കുമ്പോൾ കരയാതിരിക്കാനായി സ്വയം പ്രോത്സാഹനം നൽകുന്ന ഒരു കൊച്ചു മിടുക്കന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇഞ്ചക്ഷനെടുക്കാൻ നേരം അമ്മയെ വിളിച്ചുകരഞ്ഞാണ് പലർക്കും ശീലം. എന്നാൽ, ഈ മിടുക്കൻ വിളിക്കുന്നത് സൂപ്പർമാനെയാണ്.
ലിറ്റിൽ ദർശ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. അച്ഛന്റെ കൈയിലിരിക്കുന്ന ആ കൊച്ചു മിടുക്കന്റെ പിൻഭാഗത്ത് നഴ്‌സ് ഇഞ്ചക്ഷൻ സൂചി കയറ്റുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഈ സമയം 'സൂപ്പർമാൻ സൂപ്പർമാൻ' എന്ന് വിളിച്ച് അവൻ സ്വയം ആശ്വസിപ്പിക്കുന്നുണ്ട്. വേദന കടിച്ചമർത്തി കരച്ചിൽ പിടിച്ചുനിർത്തിയുള്ള അവന്റെ മുഖഭാവങ്ങൾ കണ്ട് ഒപ്പമുണ്ടായിരുന്നവർ ചിരിക്കുന്നതും വീഡിയോയിൽ കാണാം. 35 മില്യണിലധികം വ്യൂസും രണ്ട് മില്യണിലധികം ലൈക്കുകളും വീഡിയോയ്‌ക്ക് ലഭിച്ചിട്ടുണ്ട്.
വീഡിയോയിൽ ഉള്ളവർ സംസാരിക്കുന്നത് ഹിന്ദിയാണെങ്കിലും കമന്റ് ബോക്സ് നിറയെ മലയാളികളുടെ തിരക്കാണ്. അവന്റെ സെൽഫ് മോട്ടിവേഷനെ പ്രശംസിച്ചുകൊണ്ടാണ് പലരും കമന്റ് ചെയ്‌തിരിക്കുന്നത്. സൂപ്പർമാൻ സെറം ആണെന്ന് പറഞ്ഞ് അവനെയാരോ പറ്റിച്ചതാണെന്നും ചിലർ തമാശയായി പറയുന്നുണ്ട്. ' ചിരിക്കുന്ന സൂപ്പർമോൻ' , ' നീ സൂപ്പർമാനല്ലെടാ സൂപ്പർമോനാ', 'എ ജ്ജാതി സെൽഫ് മോട്ടിവേഷനാടാ' തുടങ്ങിയ കമന്റുകളും വീഡിയോയ്‌ക്ക് താഴെ കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |