തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയത് എഐസിസിയുടെയും രാഹുൽ ഗാന്ധിയുടെയും നിർദ്ദേശ പ്രകാരമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ മാതൃകാപരമായ രീതിയിലാണ് പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയത്. ഇടക്കാല ബഡ്ജറ്റിൽ 600 കോടി രൂപ പദ്ധതിക്കായി അനുവദിച്ചതിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് നന്ദിയുള്ളവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗമുദി ടിവിയുടെ 'സ്‌ട്രെയിറ്റ് ലൈൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപി ജോണിന്റെ വാക്കുകളിലേക്ക്
'വനിതകൾക്ക് സൗജന്യയാത്രയെന്ന പദ്ധതി എഐസിസിയും രാഹുൽ ഗാന്ധിയും മുന്നോട്ടുവച്ചതാണ്. നമ്മൾ ചില നിയന്ത്രണങ്ങൾ വയ്ക്കണമെന്ന അഭിപ്രായമുള്ളവരായിരുന്നു. പ്രകടന പത്രിക തയ്യാറാക്കിയവരിൽ ഒരാളാണ് ഞാൻ. സർക്കാർ അധികാരത്തിലേറിയപ്പോൾ ഈ പദ്ധതിയെ മാതൃകാപരമായ രീതിയിലാണ് നടപ്പിലാക്കിയത്. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ പേരിൽ ഒരു പദ്ധതി നടപ്പിലാക്കിയിട്ട്, അവരോട് അത് ഏറ്റെടുക്കാൻ പറയുന്നത് ശരിയല്ല. പബ്ലിക്ക് ഫിനാൻസ് അത് ഏറ്റെടുത്തു. ഇടക്കാല ബഡ്ജറ്റിൽ 600 കോടി രൂപ പദ്ധതിക്ക് അനുവദിച്ചു. അതോടെ ധനകാര്യ വകുപ്പിന് അത് എളുപ്പമായി. അക്കാര്യത്തിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് ഞാൻ നന്ദിയുള്ളവനാണ്.
ഈ പദ്ധതിയുടെ ആഴം എന്താണെന്ന് മനസിലാക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു. ഞാനടക്കമുള്ള രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ നേതാക്കൾ, മത നേതാക്കന്മാർ, ഇവരൊക്കെ നമ്മുടെ കേരളത്തിന്റെ ഒരു ഭദ്രലോകമാണ്. മലയാളി ഭദ്രലോകത്തിന്റെ എണ്ണം വലിയ തോതിൽ കൂടി. ഇവരാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. അവർക്ക് ബസ് യാത്രയൊന്നും അത്ര ഗൗരവമുള്ളതായിരുന്നില്ല. കൂടിപ്പോയാൽ പെൻഷൻ കൊടുക്കും. തൊഴിലിടത്തേക്കുള്ള യാത്രയും തിരിച്ചുപോക്കും, പ്രധാന പ്രശ്നമായിട്ടുള്ള 40 ശതമാനത്തോളം മനുഷ്യർ ഈ കേരളത്തിലുണ്ട്. സ്ത്രീകളുടെ യാത്രാക്കൂലി എന്നതിനെ ഇത്രയും വിസ്‌ഫോടനാത്മകമായ കരുത്ത് ഉണ്ടായിരുന്നു എന്നത് രാഹുൽ ഗാന്ധിയുടെ ടീമാണ് കണ്ടുപിടിച്ചത്'- സിപി ജോൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |