ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട പാനീയങ്ങളിലൊന്നാണ് കാപ്പി. പാലൊഴിച്ച സ്‌ട്രോംഗ് കാപ്പി എത്രവേണമെങ്കിലും കുടിക്കാൻ ഇഷ്‌ടമുള്ളവരുണ്ട്. ജിമ്മന്മാർക്കാകട്ടെ കട്ടൻ കാപ്പിയാണ് ഏറ്റവും ഇഷ്‌ടം. കാപ്പിപ്പൊടി ഉപയോഗത്തിന് ശേഷം കളയുകയാണ് നമ്മുടെ സാധാരണയുള്ള പതിവ്. എന്നാൽ ഉപയോഗം കഴിഞ്ഞ കാപ്പിപ്പൊടി കളയാതെ അതിന്റെ ബാക്കി കൊണ്ട് ചില ചില്ലറ പൊടിക്കൈകൾ പരീക്ഷിച്ചാൽ വീട് വൃത്തിയാകുകയും പ്രാണിശല്യം അകലുകയും ചെയ്യുമെങ്കിലോ? നല്ല കാര്യം അല്ലേ. എന്നാൽ ഇത്തരത്തിൽ ഒന്നുരണ്ട് കൊച്ച് കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. പാചകആവശ്യങ്ങൾക്ക് നാം അടുക്കളയിൽ കരുതാറുള്ള ബേക്കിംഗ് സോഡ ഉപയോഗം കഴിഞ്ഞ കാപ്പിപ്പൊടിയും ചേർത്ത് പ്രത്യേക രീതികളിൽ ഉപയോഗിക്കുകയാണ് വേണ്ടത്.
ദുർഗന്ധം അകറ്റാൻ: ബേക്കിംഗ് സോഡയും കാപ്പിപ്പൊടിയുടെ ബാക്കിയും ചേർത്തുള്ള മിശ്രിതം ഒരു ചെറിയ പാത്രത്തിലാക്കി ഫ്രിഡ്‌ജിൽ വച്ചാൽ അതിനുള്ളിലെ വല്ലാത്ത ഗന്ധം അകറ്റാം. മാലിന്യം നിറച്ച പാത്രത്തിൽ വക്കുന്നതും നാറ്റമുള്ള ഷൂസിൽ വയ്‌ക്കുന്നതും അവയിലെ ദുർഗന്ധം അകറ്റും.
ദേഹത്തിലെ മൃതകോശങ്ങൾ അകറ്റും: ദുർഗന്ധം അകറ്റാൻ മാത്രമല്ല ശരീരത്തിന്റെ ഭംഗിക്കും ഈ മിശ്രിതം നല്ലതാണ്. എന്നാൽ മുഖത്ത് ഉപയോഗിക്കുന്നത് നല്ലതല്ല. ഒരു സ്‌പൂൺ കാപ്പിപ്പൊടിയുടെ അവശിഷ്‌ടവും ഒരുതരി ബേക്കിംഗ് സോഡയുമെടുത്ത് വെള്ളത്തിലോ തൈരിലോ ചേർത്ത് കൈയിലും കാലിലും പുരട്ടാം. ശരീരത്തിലെ മൃതകോശങ്ങളെല്ലാം ഇതിലൂടെ മാറും. തേച്ച് അൽപം മസാജ് ചെയ്‌ത് മിനുട്ടുകൾക്കകം കഴുകിക്കളയണം. അലർജി ഉള്ളവർ ഈ കൂട്ട് പരീക്ഷിക്കരുത്. മാത്രമല്ല ഇത് പ്രയോഗിച്ചാൽ ഡ്രൈ സ്‌കിൻ ആയി മാറും എന്നതിനാൽ മോയ്‌സ്ചറൈസർ ശേഷം ഉപയോഗിക്കുന്നത് ഉചിതമാകും.
പ്രാണികളെ അകറ്റും: കാപ്പിയും ബേക്കിംഗ്‌സോഡയും ചേർത്ത മിശ്രിതം വീട്ടിൽ പ്രാണികൾ പുറത്തുവരുന്നയിടങ്ങളിൽ തളിച്ചാൽ പാറ്റ, ഉറുമ്പ് അടക്കം പ്രാണികളെല്ലാം അകന്നുപോകും.
എത്ര കടുപ്പമേറിയ കറയും അകറ്റും: അടുക്കളയിലെ സിങ്കിലെയോ പഴയ പാത്രങ്ങളിലെയോ എല്ലാം തുരുമ്പിന്റെ കറയോ പാടുകളോ കാപ്പിയും ബേക്കിംഗ് സോഡയും ചേർത്ത മിശ്രിതം ഉപയോഗിച്ച് തുടച്ചാൽ ഒഴിവാക്കാനാകും. ബേക്കിംഗ് സോഡയുടെ ഗുണവും കാപ്പിയുടെ ചെറുസുഗന്ധവും ചേരുന്നതിനാൽ ഈ മിശ്രിതം ഉപയോഗിച്ചിടത്തെല്ലാം വൃത്തിയാകുന്നതിനൊപ്പം നല്ല മണവും അനുഭവപ്പെടും. ഇവ കൃത്യമായി ഉപയോഗിച്ചാൽ യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുകയില്ല.
Baking soda, a common kitchen ingredient, can be combined with used coffee grounds and repurposed in practical ways around the home. Both ingredients are known for their deodorizing and cleaning properties, making the mixture useful for tackling unpleasant odors and certain household cleaning tasks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |