ചെന്നൈ: ഉത്സവ സീസണിൽ യാത്രക്കാരിൽ നിന്ന് തോന്നിയ നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകൾക്കെതിരെ തമിഴ്നാട് ഗതാഗതവകുപ്പിന്റെ നടപടി. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 400 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. സ്വകാര്യ ബസുകൾക്ക് 10.31 ലക്ഷം രൂപ പിഴയാണ് സർക്കാർ ഈടാക്കിയത്. ബന്ധപ്പെട്ട വാഹന ഉടമകളോട് വിശദീകരണം നൽകാനും നിർദേശിച്ചിട്ടുണ്ട്.
സാധാരണയായി 600 മുതൽ 1,000 രൂപ വരെ ഈടാക്കുന്ന ദീർഘദൂര യാത്രകൾക്ക് ഉത്സവകാലത്ത് ചില ബസുകൾ 3,000 മുതൽ 5,000 രൂപ വരെ വാങ്ങിയതായി പരിശോധനയിൽ കണ്ടെത്തി. ചെന്നൈ-കോയമ്പത്തൂർ യാത്രയ്ക്ക് 1,000 രൂപയ്ക്ക് പകരം 3,000 രൂപ വരെയും ചെന്നൈ-കന്യാകുമാരി റൂട്ടിൽ 5,000 രൂപ വരെയും ഈടാക്കിയ സംഭവങ്ങളാണ് കണ്ടെത്തിയത്.
യാത്രാനിരക്കിൽ വൻ വർദ്ധന ഉണ്ടായതായി യാത്രക്കാരിൽ നിന്ന് പരാതികൾ ഉയർന്നതോടെയാണ് പരിശോധന ശക്തമാക്കിയത്. റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരുടെയും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിലുള്ള സംഘങ്ങളാണ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്.
യാത്രക്കാരിൽ നിന്ന് അധികമായി വാങ്ങിയ പണം തിരിച്ചുനൽകാനുള്ള നടപടികളും ഗതാഗതവകുപ്പ് ആരംഭിച്ചു. ഇതിനുപുറമെ, തമിഴ്നാട്ടിൽ സർവീസ് നടത്തിയ ഇതരസംസ്ഥാന സ്വകാര്യ ബസുകളിൽ നിന്ന് കുടിശ്ശികയായിരുന്ന 15,33,220 രൂപയുടെ നികുതിയും അധികൃതർ പിരിച്ചെടുത്തു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തിയ നാല് ഇതരസംസ്ഥാന ബസുകളും പരിശോധനയ്ക്കിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പിടിയിലായി.
Tamil Nadu authorities have taken action against 400 private buses for overcharging passengers during the festive season, imposing fines totaling ₹10.31 lakh. Some buses were found charging ₹3,000–₹5,000 for journeys that normally cost ₹600–₹1,000.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |