SignIn
Kerala Kaumudi Online
Thursday, 02 July 2026 1.06 PM IST

ഐസക്കിനെ വിളിക്കൂ, വീട്ടുജോലികൾ നിമിഷങ്ങൾ കൊണ്ട് ചെയ്തുതീർക്കാം; കക്ഷി വേലക്കാരിക്കും മേലെ

clothes-folding
പ്രതീകാത്മക ചിത്രം

ഓഫീസിലെ ജോലികഴിഞ്ഞ് ക്ഷീണിച്ച് തിരികെ വീട്ടിലേക്കുവരുമ്പോൾ രാവിലത്തെ വെപ്രാളത്തിൽ അലങ്കോലമാക്കിയിട്ട വീടെല്ലാം ആരെങ്കിലും വൃത്തിയാക്കിയിരുന്നെങ്കിൽ എന്ന് ആലോചിക്കാത്തവരുണ്ടാകുമോ? വീട്ടുജോലിക്ക് ആളെ നിയമിച്ചാലും മിക്കപ്പോഴും ഇത് നടക്കാറില്ല. അങ്ങനെചെയ്യണമെങ്കിൽ അവർക്ക് വൻ ശമ്പളവും കൊടുക്കേണ്ടിവരും. ഇത്തരം ആശങ്കകളെല്ലാം അസ്ഥാനത്താണെന്നാണ് അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ട്. വീട്ടുജാേലികൾ എല്ലാം വൃത്തിയായി ചെയ്യാൻ കഴിയുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനി. റോബോട്ടിന്റെ പേര് 'ഐസക് 1'.

നമ്മൾ പറയാതെതന്നെ മുറികൾ വൃത്തിയാക്കാനും വസ്ത്രങ്ങളുൾപ്പെടെയുള്ളവ വെടിപ്പായി വൃത്തിയാക്കാനും ഇവയ്ക്ക് കഴിവുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങളിൽ നിന്ന് മുഷിഞ്ഞവ മാത്രം തിരഞ്ഞെടുത്ത് അവ അലക്കി വൃത്തിയാക്കി ഉണക്കിയെടുക്കാനും ശേഷം ചുളിവുകൾ ഇല്ലാതെ മടക്കിവയ്ക്കാനം ഐസക്കിന് നന്നായി അറിയാം. ഇതിനൊപ്പം കിടക്കകൾ വൃത്തിയാക്കാനും തലയിണകളും പുതപ്പുകളും യഥാസമയം മാറ്റാനും ഐസക്കിന് കഴിയും. വീട്ടിനുള്ളിലും ചുറ്റുമുള്ള ഭാഗങ്ങൾ സ്വയം തിരിച്ചറിഞ്ഞാണ് ഐസക്ക് പ്രവർത്തിക്കുക. ഇനി തനിക്ക് കൈകാര്യം ചെയ്യാനാവാത്ത ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ റിമോർട്ട് ടെലി ഓപ്പറേഷനിലൂടെ ആ സാഹചര്യം വിജയകരമായി പൂർത്തിയാക്കാനും അവന് കഴിയും.

വീലുകളിലാണ് ഐസക്കിന്റെ സഞ്ചാരം. രണ്ട് യന്ത്രക്കൈകൾ ഉപയോഗിച്ചാണ് ജോലിയെല്ലാം ചെയ്യുന്നത്. ആവശ്യം കഴിഞ്ഞാൽ ഈ കൈകൾ മടക്കിവയ്ക്കാനാവും. അഞ്ച് വ്യത്യസ്തനിറങ്ങളിൽ ഐസക്കിനെ ലഭ്യമാണ്.പ്രവർത്തനത്തിനാവശ്യമായ ബാറ്ററി ഫുൾ ചാർജുചെയ്യാൻ രണ്ടുമണിക്കൂറാണ് വേണ്ടത്. ഫുൾ ചാർജുണ്ടെങ്കിൽ എട്ടുമണിക്കൂർ സുഖമായി പ്രവർത്തിക്കും.

നിലവിൽ ഏഴുലക്ഷം കൊടുത്താൽ ഐസക്കിനെ വീട്ടിലെത്തിക്കാം. വീട്ടുജോലിക്കാർക്ക് നൽകുന്ന ശമ്പളംവച്ച് കണക്കാക്കുമ്പോൾ ഇതൊരു വലിയ സംഖ്യ ആണെന്ന് തോന്നുമെങ്കിലും ദീർഘകാല ഉപയോഗം കണക്കാക്കുമ്പോൾ ശരിക്കും വാല്യു ഫോർ മണി എന്ന് ഉറപ്പിക്കാം എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. തുടക്കത്തിൽ ആവശ്യക്കാർക്ക് അനുസരിച്ച് മാത്രമേ ഉത്പാദനം നടത്തുന്നുള്ളൂ എങ്കിലും അടുത്ത വർഷത്തോടെ അമേരിക്കയിലുടനീളം വില്പന വ്യാപിപ്പിക്കാനാണ് നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMERICA HOME ROBOT, HOUSEHOLD ROBOT, AI ROBOT, HOME AUTOMATION, AMERICA ROBOT NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE