കാലിഫോർണിയ: ആപ്പിളിന്റെ പുതിയ സിഇഒയായി ജോൺ ടെർനസ് ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹത്തിന്റെയും എക്സിക്യൂട്ടീവ് ചെയർമാനായി മാറിയ ടിം കുക്കിന്റെയും പുതിയ പ്രതിഫല പാക്കേജ് കമ്പനി പുറത്തുവിട്ടു. ദശലക്ഷകണക്കിന് ഡോളർ മൂല്യമുള്ള ഓഹരി ആനുകൂല്യങ്ങളാണ് ഇരുവർക്കും ലഭിക്കുക.
പുതിയ സാമ്പത്തിക വർഷത്തിൽ ജോൺ ടെർനസിന് ഏകദേശം 5.8 കോടി ഡോളർ (ഏകദേശം 551 കോടി രൂപ) പ്രതിഫലമായി ലഭിക്കും. അതേസമയം, എക്സിക്യൂട്ടീവ് ചെയർമാനായ ടിം കുക്കിന് ഏകദേശം 4.7 കോടി ഡോളറാണ് (ഏകദേശം 446 കോടി രൂപ) പ്രതിഫലമായി ലഭിക്കുക. ഇന്നലെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ സമർപ്പിച്ച രേഖയിലാണ് ആപ്പിൾ ഇരുവരുടെയും പുതിയ പ്രതിഫല പാക്കേജ് വ്യക്തമാക്കിയത്. ജോൺ ടെർനസ് സിഇഒയായി ചുമതലയേറ്റ ദിവസമാണ് കമ്പനി രേഖ സമർപ്പിച്ചത്.
ടെർനസിന്റെ പ്രതിഫല പാക്കേജിൽ പ്രതിവർഷം 30 ലക്ഷം ഡോളർ (ഏകദേശം 28.5 കോടി രൂപ) ശമ്പളവും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള 5.5 കോടി ഡോളർ (ഏകദേശം 522 കോടി രൂപ) മൂല്യമുള്ള ഓഹരി ആനുകൂല്യങ്ങളുമാണ് ഉൾപ്പെടുന്നത്. 2026 സാമ്പത്തിക വർഷത്തേക്ക് ഏകദേശം 25 ലക്ഷം ഡോളർ (ഏകദേശം 23.7 കോടി രൂപ) മൂല്യമുള്ള പ്രോറേറ്റഡ് റെസ്ട്രിക്ടഡ് സ്റ്റോക്ക് യൂണിറ്റ് (ആർഎസ്‌യു) ആനുകൂല്യവും ടെർനസിന് ലഭിക്കും. 2027 സാമ്പത്തിക വർഷത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രധാന ഓഹരി ആനുകൂല്യത്തിൽ 75 ശതമാനം പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും.
സിഇഒ സ്ഥാനത്ത് നിന്ന് മാറി എക്സിക്യൂട്ടീവ് ചെയർമാനായതോടെ ടിം കുക്കിന്റെ പ്രതിഫലത്തിൽ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. കുക്കിന് ഇനി 20 ലക്ഷം ഡോളർ (ഏകദേശം 19 കോടി രൂപ) വാർഷിക ശമ്പളവും 2027 സാമ്പത്തിക വർഷത്തിൽ 4.5 കോടി ഡോളർ (ഏകദേശം 427 കോടി രൂപ) മൂല്യമുള്ള ഓഹരി ആനുകൂല്യങ്ങളുമാണ് ലഭിക്കുക. സിഇഒ ആയിരുന്നപ്പോൾ കുക്കിന്റെ വാർഷിക ശമ്പളം 30 ലക്ഷം ഡോളറായിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹം ആകെ ഏകദേശം 7.43 കോടി ഡോളർ (ഏകദേശം 706 കോടി രൂപ) പ്രതിഫലമായി നേടിയിരുന്നു.
ടിം കുക്കിന് പകരം സെപ്തംബർ ഒന്നിനാണ് ജോൺ ടെർനസ് ആപ്പിളിന്റെ സിഇഒയായി ചുമതലയേറ്റത്. കുക്ക് ഇനി എക്സിക്യൂട്ടീവ് ചെയർമാനായി കമ്പനിയിൽ തുടരും. ആപ്പിളിന്റെ ഓഹരി വില ഉയരുകയോ താഴുകയോ ചെയ്യുന്നതിനനുസരിച്ച് ടെർനസിനും കുക്കിനും ലഭിക്കുന്ന ഓഹരി ആനുകൂല്യങ്ങളുടെ യഥാർഥ മൂല്യത്തിലും മാറ്റമുണ്ടാകും. പുതിയ ക്യാഷ് ബോണസിനെക്കുറിച്ച് കമ്പനി രേഖയിൽ വ്യക്തമാക്കിയിട്ടില്ല.
Apple has revealed the new compensation packages for CEO John Ternus and Executive Chairman Tim Cook. Ternus will receive about $58 million, including a $30 million annual salary and stock benefits. Cook’s compensation will total around $47 million, with his annual salary reduced to $2 million. Ternus officially succeeded Cook as CEO on September 1, while Cook remains executive chairman.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |