
15 വർഷത്തെ കുക്ക് യുഗത്തിന് തിരശീല
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ടെക്ക് കമ്പനികളിലൊന്നായ ആപ്പിളിന്റെ നേതൃത്വത്തിൽ നിർണായക മാറ്റം. 15 വർഷത്തെ കാലാവധി പൂർത്തിയാക്കിയ ടിം കുക്കിന് പകരക്കാരനായി ഹാർഡ്‌വെയർ എൻജിനിയറിംഗ് മേധാവി ജോൺ ടർനസ് ഇന്നലെ ആപ്പിളിന്റെ പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി(സി.ഇ.ഒ) ചുമതലയേറ്റു. ടിം കുക്ക് കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയർമാനായി തുടരും. ആഗോള തലത്തിലെ നയതന്ത്ര ഇടപെടലുകളിലും സർക്കാർ ബന്ധങ്ങളിലും കുക്ക് തുടർന്നും പങ്കാളിയാകുമെന്ന് ആപ്പിൾ വ്യക്തമാക്കി.
ആപ്പിൾ സഹ സ്ഥാപകനായ സ്‌റ്റീവ് ജോബ്സ് സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 2011 ആഗസ്റ്റിലാണ് ടിം കുക്ക് കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തത്. ഐ ഫോണിനപ്പുറം വെയറബിൾസ്, സേവനങ്ങൾ, മാക്, ഐപാഡ് തുടങ്ങിയ മേഖലകളിൽ ആപ്പിളിന്റെ സാന്നിദ്ധ്യം ശക്തമാക്കിയതാണ് കുക്കിന്റെ കാലത്തെ പ്രധാന നേട്ടം. 2015ൽ ആപ്പിൾ വാച്ചും 2016ൽ എയർപോഡുകളും 2024ൽ വിഷൻ പ്രോയും വിപണിയിലെത്തി. ആപ്പിൾ സിലിക്കൺ ചിപ്പുകളിലേക്കുള്ള മാറ്റവും ഈ കാലയളവിലെ പ്രധാന സാങ്കേതിക മുന്നേറ്റമായിരുന്നു.
ഹാർഡ്‌വെയറിൽ നിന്ന് സി.ഇ.ഒ പദവിയിലേക്ക്
ഹാർഡ്‌വെയർ എൻജിനിയറിംഗ് മേധാവി പദത്തിൽ നിന്നാണ് 51 വയസുള്ള ജോൺ ടെർനസ് ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കുന്നത്. 2001ൽ ആപ്പിളിന്റെ ഡിസൈൻ ടീമിൽ ചേർന്ന ടെർനസ് 2021ൽ ഹാർഡ്‌വെയർ എൻജിനിയറിംഗ് സീനിയർ വൈസ് പ്രസിഡന്റായി. ഐഫോൺ, ഐപാഡ്, മാക്, എയർപോഡ്‌സ് തുടങ്ങിയ ഉത്പന്നങ്ങളുടെ ഹാർഡ്‌വെയർ വികസനത്തിൽ നിർണായക പങ്ക് വഹിച്ചു. അതേസമയം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച ടർനസിന് വെല്ലുവിളിയാകുമെന്ന് വിലയിരുത്തുന്നു.
നിക്ഷേപകരെ സമ്പന്നരാക്കിയ കുക്ക്
കുക്ക് സി.ഇ.ഒയായി ചുമതല ഏൽക്കുമ്പോൾ ആപ്പിളിന്റെ വിപണി മൂല്യം 35,000 കോടി ഡോളറായിരുന്നു. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുമ്പോൾ വിപണി മൂല്യം 4.6 ലക്ഷം കോടി ഡോളർ കവിഞ്ഞു. കമ്പനിയുടെ വാർഷിക വരുമാനം ഇക്കാലയളവിൽ 10,800 കോടി ഡോളറിൽ നിന്ന് 41,600 കോടി ഡോളറായി ഉയർന്നു. ഇരുനൂറിലധികം രാജ്യങ്ങളിൽ ഉത്പന്നങ്ങളും സേവനങ്ങളും എത്തിച്ചു. ഇന്ത്യയിലും വിപണി ശക്തമാക്കിയത് കുക്കിന്റെ കാലത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |