SignIn
Kerala Kaumudi Online
Saturday, 23 May 2026 2.13 PM IST

നിയന്ത്രണം നഷ്ടപ്പെട്ട ബൂസ്റ്റർ കടലിൽ പതിച്ചു, എന്നിട്ടും വെല്ലുവിളികളെ തോൽപ്പിച്ച് ആദ്യ പരീക്ഷണം ലക്ഷ്യത്തിലെത്തിച്ച് 'സ്റ്റാർഷിപ്പ് വി3'

starship-v3

ടെക്സസ്: സ്പേസ് എക്സിന്റെ 'സ്റ്റാർഷിപ്പ്' മൂന്നാം പതിപ്പിന്റെ (വി3) ആദ്യ പരീക്ഷണ വിക്ഷേപണം ഇന്നലെ യു എസിലെ ടെക്സസിലുള്ള 'സ്റ്റാർബേസ്' ലോഞ്ച് പാഡിൽ നിന്നും വിജയകരമായി നടന്നു. ഫ്ലൈറ്റ് 12 എന്നറിയപ്പെട്ട ഈ പരീക്ഷണ ദൗത്യത്തിൽ പേടകം ഭ്രമണപഥത്തിലേക്ക് കുതിച്ചുയരുകയും ഇന്ത്യൻ മഹാസമുദ്രത്തിൽ ലക്ഷ്യമിട്ടതുപോലെ സുരക്ഷിതമായി പതിക്കുകയും ചെയ്തു. പ്രാദേശിക സമയം വൈകീട്ട് 5.30 നായിരുന്നു ചരിത്രപ്രധാനമായ ഈ വിക്ഷേപണം നടന്നത്.

മുമ്പ് നിശ്ചയിച്ച പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം ലോഞ്ച് ടവറിലെ ഹൈഡ്രോളിക് പിന്നിന്റെ തകരാർ മൂലം മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണം വൻ വിജയമാണെന്ന് സ്പേസ് എക്സ് അവകാശപ്പെടുമ്പോഴും, ഭാഗികമായ ചില തിരിച്ചടികൾ ദൗത്യത്തിനിടയിൽ നേരിട്ടതായാണ് റിപ്പോർട്ട്. വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് തിരികെ ഇറക്കാൻ ശ്രമിച്ച സൂപ്പർ ഹെവി ബൂസ്റ്റർ തകർന്നത് തിരിച്ചടിയായി. എങ്കിലും ഒരു മണിക്കൂറോളം നീണ്ട യാത്രയ്ക്ക് ശേഷം സ്റ്റാർഷിപ്പ് പേടകം കൃത്യമായി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിച്ചുകൊണ്ട് സ്പേസ് എക്സ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.

പുതിയ 'റാപ്റ്റർ 3' എൻജിനുകൾ ഘടിപ്പിച്ചാണ് വി3 പതിപ്പ് നിർമിച്ചിരിക്കുന്നത്. മുമ്പത്തെ പതിപ്പുകളെ അപേക്ഷിച്ച് ഉയർന്ന ഊർജവും പേലോഡ് (ഭാരം) വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്. 407 അടി ഉയരമുള്ള ഈ ഭീമൻ റോക്കറ്റിന്റെ വിക്ഷേപണം കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കകം തന്നെ പ്രധാന റോക്കറ്റിൽ നിന്നും സൂപ്പർ ഹെവി ബൂസ്റ്റർ വിജയകരമായി വേർപെട്ടു. തുടർന്ന് സ്റ്റാർഷിപ്പ് പേടകം ബഹിരാകാശം ലക്ഷ്യമാക്കി കുതിച്ചു. വേർപെട്ട ബൂസ്റ്റർ ഭൂമിയിലേക്ക് തിരിച്ചിറക്കുന്നതിനിടെ മെക്സിക്കോ ഉൾക്കടലിൽ കൃത്യമായ ലാൻഡിങ് നടത്താനായിരുന്നു പദ്ധതി. എന്നാൽ തിരിച്ചിറങ്ങുന്നതിന് ആവശ്യമായ രീതിയിൽ ബൂസ്റ്ററിലെ എൻജിനുകൾ വീണ്ടും ജ്വലിപ്പിക്കുന്നതിൽ സാങ്കേതിക തടസം നേരിട്ടു. നിയന്ത്രണം നഷ്ടപ്പെട്ട ബൂസ്റ്റർ കടലിലേക്ക് പതിക്കുകയും വലിയ സ്ഫോടനത്തോടെ തകരുകയുമാണുണ്ടായത്.

യാത്രാമദ്ധ്യേ സ്റ്റാർഷിപ്പ് പേടകത്തിന്റെ ആറ് റാപ്റ്റർ എൻജിനുകളിൽ ഒന്ന് പ്രവർത്തനരഹിതമായി. തുടർന്ന് കൃത്യമായ ഭ്രമണപഥ പാതയിൽ എത്തുന്നതിന് തടസമുണ്ടായെങ്കിലും സുരക്ഷിതമായ ഉപഭ്രമണപഥ പാതയിൽ തുടരാൻ പേടകത്തിന് സാധിച്ചു. വിക്ഷേപണത്തോടൊപ്പം 20 ഡമ്മി സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ വിന്യസിക്കുകയും പേടകത്തിന്റെ താപകവചം സ്കാൻ ചെയ്യുകയും ചെയ്തു. റോക്കറ്റിന്റെ ബാഹ്യദൃശ്യങ്ങൾ പകർത്താൻ പ്രത്യേകം ഡിസൈൻ ചെയ്ത ക്യാമറകളുള്ള രണ്ട് പരിഷ്കരിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും പേടകം വിജയകരമായി ബഹിരാകാശത്ത് വിന്യസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SPACE X, STARSHIP, LAUNCH, SUCCESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY