എല്ലാ വര്‍ഷവും ജൂലായ് 28-ന് ആചരിക്കുന്ന ലോക ഹെപ്പറ്റൈറ്റിസ് ദിനം, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നിശ്ശബ്ദ രോഗത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനുള്ള അവസരമാണ്. 2026-ലെ പ്രമേയം 'Hepatitis: Let's Break It Down' എന്നതാണ്. രോഗത്തെക്കുറിച്ചുള്ള അജ്ഞത, പരിശോധനയിലും ചികിത്സയിലുമുള്ള പരിമിതികള്‍, ചികിത്സാച്ചെലവ്, സാമൂഹിക അപമാനം (സ്റ്റിഗ്മ) തുടങ്ങിയ പ്രതിസന്ധികള്‍ ഇല്ലാതാക്കാനുള്ള ആഹ്വാനമാണ് ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്.
ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തുകയും അതിനെതിരായ ആദ്യ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്ത നോബല്‍ സമ്മാന ജേതാവായ ഡോ. ബറൂച്ച് ബ്ലംബര്‍ഗിന്റെ ജന്മദിനം കൂടിയാണ് ജൂലായ് 28.
കരളില്‍ ഉണ്ടാകുന്ന വീക്കത്തെയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ അഞ്ച് വൈറസുകളാണ് പ്രധാനമായും ഈ രോഗത്തിന് കാരണമാകുന്നത്.ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വര്‍ഷങ്ങളോളം യാതൊരു ലക്ഷണങ്ങളും പ്രകടമാക്കാതെ ശരീരത്തില്‍ നിലനില്‍ക്കാം. രോഗിക്ക് യാതൊരു അസ്വസ്ഥതയും അനുഭവപ്പെടാതെ തന്നെ വൈറസ് കരളിനെ നിശ്ശബ്ദമായി നശിപ്പിച്ചുകൊണ്ടിരിക്കും.
ക്ഷീണം, മഞ്ഞപ്പിത്തം, വയറുവീക്കം, കരളിന്റെ പ്രവര്‍ത്തന തകരാറ് മൂലമുള്ള ലക്ഷണങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെടുമ്പോഴേക്കും കരളിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാം. ചിലരില്‍ ഇത് കരള്‍ ചുരുങ്ങുന്ന സിറോസിസിലേക്കോ കരള്‍ കാന്‍സറിലേക്കോ വരെ നയിക്കാം.
അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ വരുന്നത് വരെ കാത്തിരിക്കരുത്. ലളിതമായ ഒരു രക്തപരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വളരെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയും.
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്നതാണ്. സാധാരണയായി ഇവ താല്‍ക്കാലിക രോഗബാധയാണെങ്കിലും, ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ഇ ഗുരുതര സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാകാം.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രോഗബാധിതരുടെ രക്തത്തിലൂടെയോ ശരീരസ്രവങ്ങളിലൂടെയോ പകരുന്നു. അണുവിമുക്തമാക്കാത്ത സൂചികള്‍ ഉപയോഗിക്കുക, സൂചികളോ റേസറുകളോ പങ്കുവയ്ക്കുക, സുരക്ഷിതമല്ലാത്ത ടാറ്റൂ അല്ലെങ്കില്‍ പിയേഴ്‌സിംഗ്, പ്രസവസമയത്ത് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് രോഗ കാരണങ്ങള്‍.
ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് ഫലപ്രദമായ വാക്‌സിന്‍ ലഭ്യമാണ്. അതേസമയം, ഹെപ്പറ്റൈറ്റിസ് സി-യ്ക്ക് വാക്‌സിന്‍ ഇല്ലെങ്കിലും, ആധുനിക മരുന്നുകളുടെ സഹായത്തോടെ 95 ശതമാനത്തിലധികം രോഗികളില്‍ 8 മുതല്‍ 12 ആഴ്ചയ്ക്കുള്ളില്‍ രോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ ഇന്ന് സാധിക്കുന്നു.
ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരില്‍ മാത്രമാണ് ഹെപ്പറ്റൈറ്റിസ് ഡി അണുബാധ ഉണ്ടാകുന്നത്. അതിനാല്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് ഡിയെയും തടയുന്നു.
ലോകത്ത് 35 കോടിയിലധികം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി ബാധിച്ച് ജീവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും തങ്ങള്‍ രോഗബാധിതരാണെന്ന കാര്യം അറിയില്ല. രോഗം തിരിച്ചറിയപ്പെടാത്തതിനാല്‍ ചികിത്സയും ലഭിക്കുകയില്ല.
അതുകൊണ്ടുതന്നെ അപകടസാധ്യതയുള്ളവര്‍ നിര്‍ബന്ധമായും പരിശോധന നടത്തണം. സുരക്ഷിതമല്ലാത്ത രക്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍, അണുവിമുക്തമല്ലാത്ത സാഹചര്യങ്ങളില്‍ ശസ്ത്രക്രിയയോ, ദന്തചികിത്സയോ, ടാറ്റൂ ചെയ്തവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പരിശോധന വളരെ പ്രധാനമാണ്.
ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ശാസ്ത്രീയ പരിഹാരങ്ങള്‍ ഇന്ന് ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ ലഭ്യമാണ്.
· ലളിതമായ രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താം.
· ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന മരുന്നുകള്‍ ലഭ്യമാണ്.
· ഹെപ്പറ്റൈറ്റിസ് ബി നിയന്ത്രിക്കുന്ന ചികിത്സയിലൂടെ സിറോസിസിന്റെയും കരള്‍ കാന്‍സറിന്റെയും സാദ്ധ്യത ഗണ്യമായി കുറയ്ക്കാം.
ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധം ജനനം മുതല്‍ തന്നെ ആരംഭിക്കണം. ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ നല്‍കുന്ന വാക്‌സിനും തുടര്‍ന്ന് ശുപാര്‍ശ ചെയ്യുന്ന ഡോസുകളും ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കാന്‍ സഹായിക്കുന്നു.
ഹെപ്പറ്റൈറ്റിസ് രോഗത്തെപ്പറ്റി ബോധവാന്മായിരിക്കുക. രോഗം പകരുന്നതെങ്ങനെ എന്ന് മനസ്സിലാക്കുക. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ സ്വീകരിക്കുക, അപകടസാദ്ധ്യതയുള്ളവര്‍ പരിശോധന നടത്തുക, ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും ഉപയോഗിക്കുക, സൂചികളോ റേസറുകളോ പങ്കുവെക്കാതിരിക്കുക, ടാറ്റൂ-പിയേഴ്‌സിംഗ് ചെയ്യുമ്പോള്‍ അണുവിമുക്ത ഉപകരണങ്ങള്‍ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക, രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സ വൈകരുത്.
അതോടൊപ്പം, ഹെപ്പറ്റൈറ്റിസ് ബാധിതരെ വിവേചനത്തിനിരയാക്കാതിരിക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് ഒരു അണുബാധയാണ്; അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ ജീവിതരീതിയെയോ വിലയിരുത്താനുള്ള കാരണമല്ല. സാമൂഹിക അപമാനത്തെ ഭയന്ന് പലരും പരിശോധനയും ചികിത്സയും ഒഴിവാക്കുന്നു. അതിനാല്‍ രോഗത്തെക്കുറിച്ചുള്ള നിശ്ശബ്ദത തകര്‍ക്കുന്നതും രോഗവ്യാപനം തടയുന്നതുപോലെ തന്നെ പ്രധാനമാണ്.
ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കാന്‍ വ്യക്തിപരമായ മുന്‍കരുതലുകള്‍ മാത്രം മതിയാകില്ല. പരിശോധന, വാക്‌സിനേഷന്‍, ചികിത്സ എന്നിവ എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യപരിപാലന പരിപാടികളിലും ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള വിഭാഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സ്‌ക്രീനിംഗിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
വൈറല്‍ ഹെപ്പറ്റൈറ്റിസിനെ പൊതുജനാരോഗ്യ ഭീഷണിയില്‍ നിന്ന് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. അത് സാദ്ധ്യമാകണമെങ്കില്‍ ശാസ്ത്രീയ പുരോഗതിക്കൊപ്പം ജനകീയ അവബോധവും, എളുപ്പത്തില്‍ ലഭ്യമാകുന്ന പരിശോധനയും ചികിത്സയും, സര്‍ക്കാരിന്റെ ശക്തമായ പിന്തുണയും ആവശ്യമാണ്.
ഈ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തില്‍ നമുക്ക് കൈകോര്‍ക്കാം - ഹെപ്പറ്റൈറ്റിസ് തടയാം, ചികിത്സിക്കാം, ഹെപ്പറ്റൈറ്റിസ് സി പൂര്‍ണമായും ഭേദമാക്കാം. ഒരു വാക്‌സിന്‍, ഒരു രക്തപരിശോധന, അല്ലെങ്കില്‍ രോഗത്തെക്കുറിച്ചുള്ള ഒരു തുറന്ന സംഭാഷണം പോലും ഒരു ജീവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കും.
Dr. Dilmo Yeldo
Junior Consultant Medical Gastroenterology
SUT Hospital, Pattom,TVM
World Hepatitis Day, observed on July 28, focuses on raising awareness about this silent liver disease affecting millions. The 2026 theme 'Hepatitis: Let's Break It Down' targets ignorance, limited testing, treatment costs, and social stigma. Early blood tests are crucial, as Hepatitis B and C can cause silent, severe liver damage. Effective vaccines for B and curative treatments for C are available.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |