ഏറ്റവും സുരക്ഷിതമായി സന്ദേശമയക്കാവുന്ന ആപ്പാണ് വാട്‌സാപ്പ്. അതിനാൽത്തന്നെ ലോകമെമ്പാടുമുള്ള കോടിക്കണക്കിനുപേർ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. പല ഫീച്ചറുകളും ഇടയ്‌ക്കിടെ വാട്‌സാപ്പ് കൊണ്ടുവരാറുണ്ട്. അടുത്തിടെയാണ് ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് യൂസർനെയിം സംവിധാനം കൊണ്ടുവന്നത്. എന്നാൽ, സൈബർ തട്ടിപ്പുകൾ കൂടാൻ ഇത് കാരണമാകുമെന്ന തരത്തിൽ ആശങ്കകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ പുതിയൊരു ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുകയാണ് വീട്‌സാപ്പ്. ഉപയോക്താക്കളുടെ പ്രായം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ (ഡിപിഡിപി)നിയനത്തിന്റെ ഭാഗമായാണ് വാട്‌സാപ്പ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. നിലവിൽ ഇത് നിർബന്ധമല്ല. ഉപയോക്താക്കളുടെ പ്രായം സംബന്ധിച്ച വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും വാട്‌സാപ്പ് വ്യക്തമാക്കി. ഡിപിഡിപി നിയമപ്രകാരം, 18 വയസിന് താഴെയുള്ള കുട്ടികളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാക്കളുടെയോ അനുമതി നിർബന്ധമാണ്.
കുട്ടികളെ ലക്ഷ്യമാക്കിയുള്ള പരസ്യങ്ങൾ, ട്രാക്കിംഗ്, ഡാറ്റാ ദുരുപയോഗം എന്നിവ കർശനമായി വിലക്കിയിട്ടുണ്ട്. നിയമം പൂർണമായി നടപ്പാക്കുന്നതിന് മുമ്പ് സിസ്റ്റം സജ്ജമാക്കാനാണ് വാട്‌സാപ്പ് ഇപ്പോൾ പ്രായം ചോദിച്ചുകൊണ്ടുള്ള പോപ്പ് - അപ്പ് സന്ദേശങ്ങൾ ഉപയോക്താക്കൾക്ക് അയച്ചുതുടങ്ങിയത്.
അതേസമയം, വാട്‌സാപ്പിന്റെ യൂസർ നെയിം ഫീച്ചർ തൽക്കാലം ഉണ്ടാകില്ല. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിനും തട്ടിപ്പുകൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയം വാട്‌സാപ്പിന് നോട്ടീസ് അയച്ചിരുന്നു. സർക്കാരുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഈ ഫീച്ചർ ഇന്ത്യയിൽ തൽക്കാലം അവതരിപ്പിക്കില്ലെന്ന് വാട്‌സാപ്പ് ഉറപ്പുനൽകി. വാട്‌സാപ്പിന് പുറമേ ടെലഗ്രാം, സിഗ്നൽ തുടങ്ങിയ മെസേജിംഗ് ആപ്പുകൾക്കും യൂസർനെയിം ഫീച്ചറിലെ തട്ടിപ്പുകൾ തടയുന്നതുമായി ബന്ധപ്പെട്ട് ഐടി മന്ത്രാലയം നോട്ടീസ് നൽകിയിട്ടുണ്ട്.
WhatsApp is testing age verification prompts in India to comply with the upcoming Digital Personal Data Protection (DPDP) Act, ensuring better protection for minors' data. The platform says age information will remain private. Meanwhile, the rollout of WhatsApp usernames in India has been delayed after the government raised concerns about potential scams and fake accounts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |