തൃശൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. സയ്യിദിനെ തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.
ഇക്കണോമിക് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിംഗ് പരസ്യം കണ്ടാണ് പരാതിക്കാരൻ സയ്യിദ് സഫ്വാനെയും സംഘത്തെയും ബന്ധപ്പെട്ടത്. ആദ്യം പരാതിക്കാരനെ ഇവരൊരു വാട്‌സാപ്പ് ഗ്രൂപ്പിൽ ചേർത്തു. തുടർന്ന് ഷെയർ ട്രേഡിംഗ് നടത്തുന്നതിനായി വെബ്‌സൈറ്റ് ലിങ്കും ആവശ്യമായ നിർദേശങ്ങളും അയച്ചുനൽകി. ഇത് വിശ്വസിച്ച പരാതിക്കാരൻ 2024 സെപ്‌തംബർ 22 മുതൽ ഒക്‌ടോബർ 31 വരെ തന്റെ വിവിധ അക്കൗണ്ടുകളിൽ നിന്നും പ്രതികളുടെ അക്കൗണ്ടുകളിലേക്ക് 1,34,50,000 രൂപ അയച്ചുനൽകി. പക്ഷേ, നിക്ഷേപിച്ച തുകയോ ട്രേഡിംഗിൽ നിന്നുള്ള ലാഭമോ തിരികെ നൽകാൻ പ്രതികൾ തയ്യാറായില്ല.
തുടർന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ പണം വിവിധ അക്കൗണ്ടുകളിലേക്ക് എത്തിയതായും അവിടെ നിന്നും മറ്റ് പല അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തി. കഴിഞ്ഞ വർഷം ഒമ്പത് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ സയ്യിദ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ പത്ത് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നും നിർദേശിച്ചു. ഈ ഉത്തരവ് പാലിക്കാതെ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
The Thrissur Rural Cyber Police arrested 23-year-old Syed Safwan for allegedly defrauding a man of ₹1.34 crore through a fake online share trading scheme. Safwan was caught at Kozhikode airport while attempting to leave for Dubai. Police said he and his associates used a WhatsApp group and website to lure the victim into transferring money.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |