ഇടുക്കി: 'പൊന്നുപോലെ വളർത്തിയ മോളാണ്. പരാതിയില്ല, അവൾ നല്ലപോലെ ജീവിച്ചുകണ്ടാൽ മതി' - മകളുടെ വ്യാജ പോക്സോ കേസിൽ ജയിലിൽ കിടന്ന ആ പിതാവ് പറഞ്ഞുനിർത്തുമ്പാേഴേക്കും അദ്ദേഹത്തിന്റെ കണ്ഠമിടറിയിരുന്നു. ഇനിയൊരച്ഛനും ഇത്തരമൊരു ഗതിയുണ്ടാവരുതെന്നും അദ്ദേഹം ആരോടെന്നില്ലാതെ പറഞ്ഞു.
പ്രണയബന്ധത്തെ എതിർത്തതിന് 'സമ്മാനമായി' മകൾ നൽകിയ വ്യാജ പോക്സോ കേസിൽ കഴിഞ്ഞമാസം 24നാണ് കോടതി അദ്ദേഹത്തെ വെറുതേ വിട്ടത്. അതിനിടെ അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക വ്യഥ. കട്ടപ്പന മേരികുളം സ്വദേശിയായ 45കാരന്റെ നിരപരാധിത്വം തെളിയിക്കാൻ മുന്നിട്ടിറങ്ങിയത് ഭാര്യയാണ്.
'അച്ഛനോടായിരുന്നു അവൾക്ക് ഏറെ ഇഷ്ടം, തിരിച്ചും അങ്ങനെ തന്നെ, എന്നിട്ടും.... മകൾക്ക് അപായമൊന്നും സംഭവിക്കാതിരിക്കാനാണ് ശകാരിച്ചത്. അത് ഇത്രവലിയ പ്രശ്നമുണ്ടാക്കുമെന്ന് കരുതിയില്ല. ചെറുപ്പം മുതൽ ഹോസ്റ്റലിൽനിന്നാണ് അവൾ പഠിച്ചത്. അവധിക്ക് ഏതാനുംദിവസം മാത്രമാണ് വീട്ടിലുണ്ടാകുന്നത്. അപ്പോഴൊക്കെ വീട്ടിൽ എല്ലാവരും ഉണ്ടാകും. പിന്നെങ്ങനെ അവളുടെ ഈ പരാതി വിശ്വസിക്കും'- പെൺകുട്ടിയുടെ അമ്മ ചോദിച്ചു.
മകളുടെ പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്തതും ജയിലിൽ അടച്ചതും ഇളയ മകനെയും ബാധിച്ചിരുന്നു. നന്നായി പഠിച്ചുകൊണ്ടിരുന്ന ഇളയ മകൻ സ്കൂളിൽ പോകുന്നത് നിർത്തി. പത്താം ക്ലാസിലെ പരീക്ഷ എഴുതി നല്ല വിജയം കരസ്ഥമാക്കിയെങ്കിലും പ്ലസ് വണ്ണിൽ ചേർന്നില്ല. കാരണം പലരുടെയും പരിഹാസം തന്നെയാണ്. അമ്മ കൂലിപ്പണിക്ക് പോകുമ്പോൾ വീട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്നു ആ കുട്ടിയും.
കാമുകനുമായുള്ള ബന്ധവും നിരന്തരമുള്ള ഫോൺവിളികളും പിതാവ് ചോദ്യം ചെയ്തതാണ് പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. തുടർന്ന് പിതാവിൽ നിന്നും പീഡനത്തിന് ഇരയായി എന്നുകാട്ടി പരാതി നൽകുകയായിരുന്നു. കാമുകന്റെ അങ്കണവാടി ജീവനക്കാരിയായ മാതാവ് വഴി ചൈൽഡ് ലൈനിലാണ് പരാതി നൽകിയത്. ചൈൽഡ് ലൈൻ ഉപ്പുതറ പൊലീസിൽ അറിയിച്ചതോടെ അറസ്റ്റുചെയ്ത് റിമാൻഡിലാക്കി. കോടതിയിലും പെൺകുട്ടി പിതാവിനെതിരെ നിലപാടെടുത്തു. ജാമ്യാപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ട് റിമാൻഡിൽ തുടരുകയായിരുന്നു.
കാമുകനുമായുള്ള ബന്ധത്തെ പിതാവ് എതിർത്തതും വഴക്കുപറഞ്ഞതുമാണ് പരാതിക്കു കാരണമെന്ന വാദം അംഗീകരിച്ചാണു കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ജി.ആർ.ബിൽകുൽ വെറുതേ വിട്ടത്. പിതാവ് ജയിൽ കഴിയവേ പെൺകുട്ടിയെ കാണാൻ കാമുകൻ രാത്രി വീട്ടിലെത്തിയപ്പോൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. 18 വയസ് പൂർത്തിയായതോടെ പെൺകുട്ടി കാമുകനൊപ്പം പോവുകയും ചെയ്തു.
An Idukki man was acquitted after spending 18 months in jail due to a false POCSO complaint filed by his daughter. The Kattappana Fast Track Special Court found the daughter made the accusation because her father opposed her romantic relationship. The father expressed no complaint, only wishing for his daughter's well-being, despite the family's significant suffering from the ordeal.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |