മെൽബൺ: ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തമായൊരിടം നേടിയെടുത്ത വൈഭവ് സൂര്യവംശിയെ പോലെ മറ്റൊരു ഇന്ത്യൻ വംശജനും ലോക ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ വംശജനായ നീൽ പട്ടേലാണ് മികച്ച പ്രകടനത്തിലൂടെ ഓസ്ട്രേലിയയുടെ അണ്ടർ19 ടീമിൽ സ്ഥാനം നേടിയത്.
അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന മത്സരത്തിൽ ന്യൂ സൗത്ത് വെയിൽസിനെ പ്രതിനീധീകരിച്ച് ഓപ്പണറായി ഈ വലംകയ്യൻ ബാറ്റ്സ്മാനും ഉണ്ടാകും. ഏറ്റവും മികച്ച പ്രതിഭകളടങ്ങുന്ന 16അംഗ ടീമിനെയാണ് ഓസ്ട്രേലിയ തിരഞ്ഞെടുത്തിരിക്കുന്നത്.
സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 8 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. രാജ്കോട്ടിലും അഹമ്മദാബാദിലുമായി നടക്കുന്ന മത്സരങ്ങളിൽ മൂന്ന് ഏകദിനങ്ങളും രണ്ട് യൂത്ത് ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്.
യുവക്രിക്കറ്ററായ നീൽപട്ടേലിന്റെ കുടുംബത്തിന്റെ വേരുകൾ ഇന്ത്യയിലാണെങ്കിലും വളർന്നതും ക്രിക്കറ്റ് പരിശീലനം നേടിയതും ഓസ്ട്രേലിയയിലാണ്. നിലവിൽ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെ പ്രതിനീധീകരിക്കുന്ന നീൽ പട്ടേൽ വലംകയ്യനായ ഓപ്പണിംഗ് ബാറ്റ്സ്മാൻ ആണ്. ബാറ്രിംഗിനൊപ്പം സ്പിൻ ബൗളിംഗിലും മികച്ച പ്രകടനമാണ് ഈ യുവതാരം കാഴ്ചവയ്ക്കുന്നത്. സ്ഥിരതയാർന്ന ബാറ്റിംഗിനൊപ്പം സ്വന്തം പ്രകടനത്തിലൂടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതിലും മികച്ച കഴിവാണ് ഇദ്ദേഹത്തിനുള്ളത്.
ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ ക്രിക്കറ്റ് ക്ലബിലാണ് നീലിന്റെ തുടക്കം. പതിനാറാം വയസിൽ സിഡ്നി പ്രീമിയർ ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ആയിരത്തിലധികം റൺസ് നേടുന്ന അപൂർവ നേട്ടം നീൽ സ്വന്തമാക്കി. ജൂനിയർ തലത്തിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റിലും താരം ഇടം നേടി. തുടർന്ന് കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടവും ഈ പരിനാറുകാരൻ സ്വന്തമാക്കി. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തലാണ് ഓസ്ട്രേലിയയുടെ അണ്ടർ 19 ടീമിലേക്ക് പ്രവേശിക്കുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായാണ് വിദഗ്ദ്ധർ നീലിനെ വിലയിരുത്തുന്നത്. ഇന്ത്യൻ വംശജനായിട്ടും ഓസ്ട്രേലിയൻ പിച്ചിൽ കളിച്ചുവളർന്ന നീലിന്റെ ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾ ഏറെ നിർണായകമാണെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
വൈഭവ് സൂര്യവംശിയുടെയും നീൽ പട്ടേലിന്റെയും ക്രിക്കറ്റിലെ തുടക്കവും വളർച്ചയും ഏകദേശം ഒരുപോലയാണ്. വളരെ ചെറുപ്പത്തിൽ തന്നെ മികച്ച പ്രകടനങ്ങളിലൂടെ ദേശീയ അണ്ടർ19 ടീമുകളിൽ ഇടംപിടിക്കാൻ ഇരുതാരങ്ങൾക്കും സാധിച്ചു. ഏറെ ശ്രദ്ധേയമായ കാര്യം രണ്ടുപേരും ഓപ്പണിംഗ് ബാറ്റ്സ്മാൻമാർ ആണെന്നതാണ്. വൈഭവ് ഇന്ത്യയിൽ നിരവധി റെക്കോർഡുകൾ നേടിയപ്പോൾ നീൽ 16-ാം വയസിൽ സിഡ്നി പ്രീമിയർ ക്രിക്കറ്റിൽ തിളങ്ങി. ഇരുവരെയും ഭാവിയിലെ വാഗ്ദാനങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.
അണ്ടർ 19 ടീമിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വൈഭവ് എത്തിയതുപോലെ ഓസ്ട്രേലിയൻ സീനിയർ ടീമിലേക്ക് നീൽ പട്ടേലും എത്താൻ സാദ്ധ്യത കൂടുതലാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത ഐപിഎൽ സീസണിൽ കളിക്കുന്നതിനായി നീൽ പട്ടേലിനെ ടീമുകൾ നോട്ടമിടുമോയെന്നതും ഏറെ ശ്രദ്ധേയമാണ്.
Indian-origin teenager Neel Patel has earned a place in Australia's Under-19 squad for next month's India tour, drawing comparisons with India's young star Vaibhav Suryavanshi. A right-handed opening batter from New South Wales, Patel impressed with over 1,000 runs in Sydney Premier Cricket at age 16. Experts regard him as one of Australia's brightest prospects with a promising international future.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |