SignIn
Kerala Kaumudi Online
Sunday, 26 July 2026 3.59 AM IST

പറവകൾ പാർക്കും ദ്വീപ്

ca

ഒറ്റക്കാഴ്ചയിൽ വെള്ളാരംകല്ലുകൾ പോലെ തീരത്തെ തൊട്ട് അവർ ചിറകുവിരിച്ചു. കടൽക്കരയിൽ എണ്ണമില്ലാത്ത ഗാനറ്റ് പക്ഷികൾ. കടലിൽ കുളിച്ചും ഇരതേടിയും മരങ്ങളിൽ കൂടുകൂട്ടിയും ചിലച്ചും കളിച്ചും അരയന്നങ്ങൾ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷികൾക്ക് മാത്രമായൊരു ദ്വീപിനോട് ഏറെ വൈകി വിടചൊല്ലുമ്പോഴും മനസിന്റെ തീരത്ത് അവ ചിറകടിക്കുന്നുണ്ടായിരുന്നു.

കാനഡയിലെ ഷാർലറ്റ് ടൗണിൽ നിന്നുള്ള റോഡ് ട്രിപ്പിന്റെ രണ്ടാംദിവസമാണ് പെർസെയെന്ന മനോഹര തീരദേശ നഗരത്തിലെത്തിയത്. റൂംമേറ്റ്‌സിൽ നിന്ന് അതുലും മാർട്ടിനും എന്റെ യാത്രാകൂട്ടുകാരായിരുന്നു. ഞങ്ങൾ മൂന്നുപേരും പക്ഷികൾ മാത്രം പാർക്കുന്ന ദ്വീപിലേയ്ക്ക് തിരിച്ചു. വ്യത്യസ്ഥമായ അനുഭവങ്ങൾക്കൊണ്ട് 'ബൊണാവെഞ്ചർ ദ്വീപ്' വിസ്മയിപ്പിച്ചു കൊണ്ടേയിരുന്നു. ലക്ഷം പക്ഷികൾക്ക് ആവാസമാകുന്ന അപൂർവ ദേശം!

ഓളങ്ങൾക്കൊപ്പം
രാവിലെ തുടങ്ങിയത് നിഞ്ചിടിപ്പോടെയാണ്. പെർസെ ഹാർബറിലേയ്ക്ക് ഓടുമ്പോൾ ഞങ്ങൾ ഇടയ്ക്കിടെ സമയംനോക്കി പരിഭ്രാന്തരായി. രാവിലെ 8.55. കൃത്യം 9ന് പുറപ്പെടേണ്ട ആദ്യ ബോട്ടിൽ കയറാനുള്ള നെട്ടോട്ടം. ''നിങ്ങൾ വൈകിപ്പോയി, ബോട്ട് കിട്ടുമെന്ന് തോന്നുന്നില്ല'' -പെർസെ ഹാർബറിലെ ടിക്കറ്റ് കൗണ്ടറിലിരുന്ന സ്ത്രീയുടെ മുന്നറിയിപ്പ് ആധികൂട്ടി. എന്നാൽ കൗണ്ടറിന് പിന്നിലേയ്ക്ക് നോക്കിയപ്പോൾ ബോട്ട് പുറപ്പെട്ടിട്ടില്ല. ഞങ്ങൾക്ക് ആശ്വാസമായത് ആളുകൾ അപ്പോഴും ബോട്ടിനായി വരിനിൽക്കുന്നുണ്ടെന്നതായിരുന്നു. ബോട്ട് പുറപ്പെടാൻ ഇരുപത്തിയഞ്ച് മിനിറ്റോളം വൈകി. ആധിയകന്നു. ആ സമയം വീശിയ കടൽക്കാറ്റിന്റെ തണുപ്പ് മനസിനെയും കുളിർപ്പിച്ചു.

കടലിൽ പുകമഞ്ഞ് നിറഞ്ഞിരുന്നു. മൂടൽമഞ്ഞിനിടയിലൂടെ പെർസെ റോക്കിന്റെയും ദ്വീപിന്റെയും മനോഹര കാഴ്ചകൾക്കൊപ്പം മഞ്ഞിനെ കീറിമുറിച്ച് പറക്കുന്ന പലതരം കടൽപ്പക്ഷികൾ. ബോട്ടിന്റെ സ്പീക്കറിലൂടെ ക്യാപ്ടൻ കടലിടുക്കിന്റെയും ദ്വീപിന്റെയും സമ്പന്നമായ ചരിത്രം വിശദീകരിച്ചുകൊണ്ടേയിരുന്നു. ഇപ്പോൾ നാഷണൽ പാർക്കാണെങ്കിലും 1600കളിലും 1700കളിലും ന്യൂ ഫ്രാൻസിലെ ഏറ്റവും പ്രധാനപ്പെട്ട കോഡ് മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായിരുന്നു ബൊണാവെഞ്ചർ. 1790കളിൽ അയർലൻഡ്, ജെഴ്‌സി, നോർമണ്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ ഇവിടെ സ്ഥിരതാമസമാക്കി,​ യൂറോപ്പിലേയ്ക്ക് വൻതോതിൽ മത്സ്യം കയറ്റിയയ്ക്കുന്ന കമ്പനികളും സ്ഥാപിച്ചു.

വനപാതയിലെ വിസ്മയങ്ങൾ
ആദ്യബോട്ടിലുണ്ടായിരുന്ന ഞങ്ങൾ മുപ്പതോളം യാത്രക്കാർ ദ്വീപിലിറങ്ങി. ആളുകൾ കുറവായതിനാൽ എങ്ങും ശാന്തം. അവിടെയുണ്ടായിരുന്ന ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കുന്ന രണ്ട് ഗൈഡുകൾ ദ്വീപിന്റെ ഭൂപടവും നടന്നു പോകേണ്ട വഴികളും കാണിച്ചുതന്നു. നടക്കും മുന്നേ അവിടുത്തെ പ്രധാന കെട്ടിടത്തിൽ കയറി. ബൊണാവെഞ്ചർ ദ്വീപിൽ ആകെ രണ്ട് റെസ്റ്റോറന്റുകൾ മാത്രമാണുള്ളത്. ഒന്ന് ഞങ്ങൾ ബോട്ടിലിറങ്ങിയ സ്ഥലത്തും മറ്റൊന്ന് ദ്വീപിന്റെ മറുഭാഗത്തും. ദ്വീപിന്റെ നടുവിലൂടെ പോകുന്ന 4.50 കിലോമീറ്റർ നീളമുള്ള വനപാതയിലൂടെയായിരുന്നു നടത്തം. വഴിയിൽ വൃത്തിയുള്ള ശൗച്യാലയങ്ങളും പഴയകാല മനുഷ്യരുടെ ചരിത്രപ്രസിദ്ധമായ മരവീടുകളും കണ്ടു. 1970കൾ വരെ ഇവിടെ 35ഓളം കുടുംബങ്ങൾ താമസിച്ചിരുന്നു. പിന്നീട് ദ്വീപിന്റെ പ്രകൃതിഭംഗിയും പക്ഷികളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി ക്യൂബെക്ക് ഗവൺമെന്റ് ഇവിടം ഏറ്റെടുക്കുകയായിരുന്നു. നടന്നുപോകുന്ന വഴിയിലെല്ലാം ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചതിനാൽ, ചെറുദൂരം താണ്ടാൻ ഒന്നര മണിക്കൂറോളം വേണ്ടിവന്നു.

പക്ഷിത്തുരുത്ത്
ബൊണാവെഞ്ചർ ദ്വീപിന്റെ മറുഭാഗത്തെ പാറക്കെട്ടുകളിലെ കാഴ്ച വിവരിക്കാൻ വാക്കുകളില്ല. കാടിന്റെ അതിര് കഴിഞ്ഞതും ആയിരക്കണക്കിന് പക്ഷികളുടെ വലിയ ശബ്ദകോലാഹലം. ലോകപ്രശസ്തമായ വടക്കൻ ഗാനറ്റുകൾ ചിറകി വീശി സ്വാഗതം ചെയ്യും പോലെ. ആ പ്രദേശം മുഴുവൻ പക്ഷികളാൽ നിറഞ്ഞിരുന്നു. വെള്ള തൂവലുകളും തലയിൽ ചെറിയ മഞ്ഞ നിറവും തിളങ്ങുന്ന നീലക്കണ്ണുകളുമുള്ള പക്ഷികൾ. ഒന്നിനോടൊന്ന് ചേർന്നുകിടക്കുന്ന പതിനായിരക്കണക്കിന് കൂടുകളിലായി ഏതാണ്ട് ഒരു ലക്ഷത്തിലധികം ഗാനറ്റ് പക്ഷികൾ!
ആറടിയോളം ചിറകുവിസ്തീർണ്ണമുള്ള കൂറ്റൻ പക്ഷികൾ മാർച്ച് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലാണ് കൂടുകൂട്ടുന്നത്. ചിലർ കൊക്കുകൾ കൂട്ടിയുരസി സ്‌നേഹം പ്രകടിപ്പിച്ചു. മറ്റുചിലർ ആകാശത്തുനിന്ന് കടലിലേയ്ക്ക് മിന്നൽ വേഗത്തിൽ ഊളിയിട്ടു മീൻ പിടിച്ചു. ഈ പക്ഷിക്കൂട്ടം ദിവസം 60 ടണ്ണോളം മീൻ ആഹാരമാക്കുന്നുണ്ടത്രെ! വേട്ടക്കാരിൽ നിന്ന് ഇവയെ രക്ഷിക്കാനായി 1919ൽ ദ്വീപിനെ സംരക്ഷിത പക്ഷിസങ്കേതമായി പ്രഖ്യാപിച്ചതാണ്. ഫോണിൽ ആവശ്യത്തിന് ചിത്രങ്ങളും വീഡിയോകളും പകർത്തി ഞങ്ങൾ അവിടെ കുറെസമയം ചെലവഴിച്ചു.
തിരികെ നടക്കേണ്ട സമയം അതിക്രമിച്ചിരുന്നു. ഇവിടെയാണ് ഞങ്ങളുടെ യാത്രയിലെ ട്വിസ്റ്റ്, ദ്വീപിന്റെ ഉള്ളിലൂടെയുള്ള എളുപ്പവഴിക്ക് പകരം, കടലിന്റെ വശങ്ങളിലൂടെയുള്ള നീളമേറിയ പാതയിലൂടെ പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ കൂട്ടുകാർ ക്ഷീണിച്ചതിനാൽ അവർക്ക് താല്പര്യമില്ലായിരുന്നു. ഒടുവിൽ ഒരു യഥാർത്ഥ യാത്രികനെപ്പോലെ ഈ തർക്കം തീർത്തത് നാണയമെടുത്ത് ടോസിട്ടാണ്. വീണത് ടെയിൽ ആയതിനാൽ മടക്കയാത്രയ്ക്ക് നീളമേറിയ പാത തിരഞ്ഞെടുത്തു.

തുടക്കത്തിൽ തണുപ്പന് കാഠിന്യമേറിയിരുന്നെങ്കിലും നടന്നുതുടങ്ങിയതോടെ തണുപ്പ് മാറി. ആ വഴി തിരഞ്ഞെടുത്തത് നല്ല തീരുമാനമായെന്ന് പിന്നീട് മനസിലായി. വഴിയിലുടനീളം കടൽ വിസ്മയിപ്പിച്ചു. രാവിലെ കണ്ട ശാന്തമായ അന്തരീക്ഷമല്ലായിരുന്നു ബോട്ട് ജെട്ടിയിൽ. മുപ്പതുപേർക്ക് പകരം എൺപതോളം വിനോദസഞ്ചാരികൾ ബോട്ട് കാത്തുനിൽപ്പുണ്ടായിരുന്നു. ഈ ബോട്ടിൽ കയറാൻ പറ്റുമോ എന്നും തോന്നിപ്പോയി. എന്നാൽ അത്യാവശ്യം വലുപ്പമുള്ള ബോട്ട് കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്. ബോട്ടിൽ കയറി തിരിഞ്ഞു നോക്കുമ്പോൾ സന്തോഷം മാത്രം സമ്മാനിക്കുന്ന ദ്വീപ് കാറ്റിന്റെ രൂപത്തിൽ ഞങ്ങളെ യാത്രയാക്കും പോലെ തോന്നി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY