SignIn
Kerala Kaumudi Online
Tuesday, 19 May 2026 1.30 AM IST

വായന അതിജീവനത്തിന് നിലമൊരുക്കൽ

a

പ്രപഞ്ചത്തിലേക്കു തുറക്കുന്ന നിസ്തുലമായ ജാലകങ്ങളാണ് ഓരോ മികച്ച നോവലുമെന്ന് പറയാം. ജീവിതയോഗ്യമല്ലാത്ത മഹാനരകമായും, ഇനിയൊരു ജന്മത്തെക്കൂടി മോഹിപ്പിക്കുന്ന അതിമനോഹര തീരമായും ലോകത്തെ രേഖപ്പെടുത്തുന്ന സാഹിത്യകൃതികളുണ്ട്. എന്നാൽ ജൈവസത്ത ഘനീഭവിച്ച ബൃഹത്തായ ഉണ്മയായാണ് മഹാദേവൻ തമ്പിയുടെ 'നിലം" എന്ന നോവൽ പ്രപഞ്ചത്തെ കാണുന്നത്. അതുകൊണ്ടാണ് സ്ത്രീശരീരത്തിലെ അറുപത്തിനാല് അവയവങ്ങൾക്കുള്ള മണവും ഗുണവും മൂലപ്രകൃതിയായ മണ്ണിൽ ആഖ്യാതാവ് ആരോപിക്കുന്നത്. അതിൽ ഗർഭപാത്രത്തിന്റെ ഗന്ധവും മുലപ്പാലിന്റെ രുചിയുമുള്ള മണ്ണത്രെ നെൽകൃഷിക്ക് അത്യുത്തമം. തുടർന്ന് നെൽവയലുകളിലേക്ക് നോവൽ തീർത്ഥയാത്ര ആരംഭിക്കുകയായി.


മനുഷ്യനെ മനുഷ്യനായി നിലനിർത്തണമെങ്കിൻ ഇന്ന് പ്രധാനമായി വേണ്ടത് 'ബയോഫീലിയ" എന്ന വികാരം സംരക്ഷിക്കലാണ്. ജൈവവസ്തുക്കളോട്; സഹജരാകട്ടെ, പക്ഷിമൃഗാദികളാകട്ടെ, സസ്യലതാദികളാകട്ടെ, മനുഷ്യർക്കു തോന്നുന്ന മൗലികമായ മമതാബന്ധമാണ് ബയോഫീലയ അല്ലെങ്കിൽ ജൈവോന്മുഖത. കാടുകൾ, പൂന്തോട്ടങ്ങൾ, ജൈവസമ്പുഷ്ടമായ ജലാശയങ്ങൾ- ഇവയെല്ലാം നമ്മിലുണർത്തുന്ന ശാന്തിയും സമാധാനവും ജൈവോന്മുഖത നിമിത്തമാണ്. ജൈവപ്രകൃതിയെ സ്‌നേഹിക്കാനും ആരാധിക്കാനുമുള്ള അഭിനിവേശം പ്രാചീനകാലം മുതൽ സംസ്‌കാരങ്ങൾ തുടരുന്നതാണല്ലോ. ജലദേവതമാരും മത്സ്യകന്യകമാരും അങ്ങനെ ഉയിരെടുത്തു വന്നവരാണ്.


എന്നാൽ വ്യവസായ വിപ്ലവാനന്തരം ജൈവപ്രകൃതിയോടുള്ള പ്രത്യക്ഷസ്‌നേഹം ആധുനിക മനുഷ്യനിൽ ക്രമേണെ നഷ്ടമായി. അബോധത്തിൽ പ്രകൃത്യോന്മുഖത പിടിച്ചുനിന്നെങ്കിലും ബോധമനസ് വൃക്ഷത്തെയും മൃഗത്തെയും നിത്യോപയോഗത്തിനുള്ള വിഭവങ്ങൾ മാത്രമായി പരിചരിച്ചു. ഇതരജീവജാലങ്ങൾ കച്ചവടച്ചരക്കായതിനു പിറകെ സ്വസഹോദരരും മനുഷ്യനിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ പ്രധാന സാഹിത്യപ്രമേയം അങ്ങനെ അന്യവൽക്കരണമായിത്തീർന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീകരപ്രതിഭാസം,​ പുതുതലമുറയുടെ അബോധത്തിൽ നിന്നുപോലും ജൈവോന്മുഖത ചോരുന്നു എന്നതാണ്. പകരം നിർജ്ജീവമായ വസ്തുലോകത്തോട് ആസക്തി വളരുന്നു!


മനുഷ്യകുലം അതിജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരോട് കാലം ഇന്ന് യാചിക്കുന്നത് ജൈവോന്മുഖത തിരിച്ചുപിടിക്കാനാണ്. പ്രബോധനങ്ങൾ വർജ്ജിച്ച്,​ അതിനായി പ്രവർത്തിക്കാൻ കഴിയുക സർഗാത്മക എഴുത്തുകാർക്കാണ്. കലാമർമ്മജ്ഞതയോടെ, ശില്പചാതുരിയോടെ, വിവേകപൂർത്തിയോടെ ആ ദൗത്യം മഹാദേവൻ തമ്പി 'നില"മെന്ന നോവലിൽ ഏറ്റെടുത്തിരിക്കുന്നു. സത്യത്തിൽ നെല്ലുപോറ്റിയെന്ന നാരായണൻ പോറ്റിയുടെ ആഖ്യാനയാത്ര വയലുകളെ തേടിപ്പിടിക്കാനുള്ള ഏതോ പര്യടനമല്ല. വസ്തുമനുഷ്യനിൽ നിന്ന് ജൈവമനുഷ്യനെ തിരിച്ചുപിടിക്കാനുള്ള മഹാപ്രസ്ഥാനമാണ്.

'നാരായണപ്പാടം കാണാനില്ല. നാലായിരപ്പറ വിസ്തൃതിയുള്ള, അയ്യായിരത്തി അഞ്ഞൂറ് ഏക്കറിൽ ഇരുപ്പൂകൃഷി ചെയ്തിരുന്ന നെൽവയലും, പാടത്തിന് പാത്തിയിട്ടുനിന്നിരുന്ന മാങ്കുന്നും കാണ്മാനില്ല. മഴമേഘങ്ങളെ മാറോടമർത്തി വയലകത്തേക്കു വിയർപ്പിറ്റിച്ചിരുന്ന നിമ്‌നോന്നതങ്ങളിലെ മേൽമണ്ണും കാണാതായിരിക്കുന്നു..." നോവൽയാത്ര ആരംഭിക്കുന്നത് ഒരു ഇല്ലായ്മയെ ഉണർത്തിച്ചുകൊണ്ടാണ്. കാർഷികപ്രകൃതിയുടെ അസാന്നിദ്ധ്യം മാത്രമല്ല ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. ജൈവപ്പറ്റുള്ള മനുഷ്യന്റെ അസാന്നിദ്ധ്യം കൂടിയാണ്.


കേവലം അമൂർത്തമായ ഭാവതീക്ഷ്ണതകളിൽ നോവൽ കുരുങ്ങിപ്പോകുന്നില്ല. കൃഷിവയലുകൾ പോറ്റിയെടുത്ത ജനസമൂഹങ്ങളുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക മൂർത്തതകളിലേക്കും ആഖ്യാനം പുരോഗമിക്കുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പ്രാദേശിക സമരങ്ങളുടെ ഉജ്ജ്വലമായ ചരിത്രമുഹൂർത്തങ്ങളും നോവലിൽ ഇതൾ വിടർത്തുന്നു. നെല്ലുപോറ്റിക്ക് അയ്യങ്കാളിയെ പരിചയപ്പെടുത്തിക്കൊടുത്തത് നീലനാണ്. അവർ പിന്നെ പരസ്പരം സ്‌നേഹാദരങ്ങൾ പുലർത്തുന്ന സുഹൃത്തുക്കളായി. കൃഷിയിലെ മൗലികരാഷ്ട്രീയം അയ്യങ്കാളിയാണ് നെല്ലുപോറ്റിയെ ധരിപ്പിക്കുന്നത്. യാത്ര ബാലരാമപുരത്തു നിന്ന് വെള്ളയാണിപ്പാടത്തെത്തുമ്പോഴാണ് വയലിൽ പൂണ്ടുകിടക്കുന്ന മറ്റൊരു കദന രാഷ്ട്രീയം വെളിപ്പെടുന്നത്. തമ്പിയുടെ പാടങ്ങളിൽ വിത്തു മുളയ്ക്കുകയില്ല, തമ്പിമാരുടെയും എട്ടുവീട്ടിൽപ്പിള്ളമാരുടെയും സ്ത്രീകളുടെ കണ്ണീരുപ്പിന്റെ ലവണരസമാണത്രെ പാടത്തെ ഉർവരമല്ലാതാക്കുന്നത്.


വി.എസ്. അച്യുതാനന്ദനുമായി നാരായണൻ പോറ്റിക്കുണ്ടായിരുന്ന അടുപ്പമാണ് വയൽപര്യടനത്തിൽ ഉരുത്തിരുഞ്ഞുവരുന്ന മറ്റൊരു കൗതുകം. 'പോറ്റീ, ഞാൻ നിങ്ങൾക്ക് എതിരാണ്. നിങ്ങൾ ഭൂവുടമകളുടെ ഭാഗത്താണ്; ഞാനാകട്ടെ തൊഴിലാളികളുടെ പക്ഷത്തും."- ഒരിക്കൽ അച്യുതാനന്ദൻ പോറ്റിയോട് പറഞ്ഞിരുന്നു. അതിന്,​ 'ഞാൻ നെല്ലിന്റെ ഭാഗത്താണ്, നല്ല വിളവു കിട്ടുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യ"മെന്ന പോറ്റിയുടെ പ്രതികരണത്തിന് വലിയ താത്വിക മാനമുണ്ട്. എല്ലാ വൈരുദ്ധ്യങ്ങൾക്കുമുപരി മനുഷ്യർ തങ്ങളെ തീറ്റിപ്പോറ്റുന്ന ജൈവപ്രകൃതിയുടെ പക്ഷത്തായിരിക്കണമെന്നാണ് അതിന്റെ സാരം. അതിജീവനപ്രധാനമായ ജൈവോന്മുഖതയില്ലെങ്കിൽ മനുഷ്യന് മറ്റൊന്നുകൊണ്ടും കാര്യമില്ലെന്ന തത്വജ്ഞാനമാണ് മഹാദേവൻ തമ്പി 'നില"മെന്ന നോവലിൽ ചാരുതയോടെ അവതരിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BOOK REVIEW, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY