SignIn
Kerala Kaumudi Online
Sunday, 07 June 2026 2.04 AM IST

പ്രവാസി ജീവിതം പറയും 'ഒരു ഓസ്ട്രേലിയൻ കഥ'

ss

മനുഷ്യമനസ്സിനെ പിടിച്ചുലയ്ക്കും വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമാണ് അനിൽ കോനാട്ടിന്റെ 'ഒരു ഓസ്ട്രേലിയൻ കഥ' എന്ന ചെറുനോവൽ. അദ്ദേഹമെഴുതിയ 'ഓഷ്യനയിലെ ഗംട്രീ', 'സംസ്കാരം അതല്ലേ

എല്ലാം', 'നഴ്സ്', 'ബാഗ് പൈപ്പർ' എന്നീ കൃതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് 'ഒരു ഓസ്ട്രേലിയൻ കഥ'.

നീണ്ട കാലത്തെ ഓസ്ട്രേലിയൻ ജീവിതത്തിനിടയിൽ എഴുത്തുകാരൻ കണ്ടുമുട്ടിയ കഥാപാത്രങ്ങളാണ് നോവലിൽ.

അൽപ്പം പൊങ്ങച്ചവും ഒപ്പം നിഷ്കളങ്കതയും ബുദ്ധിമാനെന്ന ഭാവവുമായി നടക്കുന്ന സോളമൻ പുത്തൻ പണക്കാരനെന്ന നിലയിൽ പൊതു സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റാൻ നടത്തുന്ന ശ്രമങ്ങൾ കേരളീയജീവിതത്തിൽ നമുക്ക്‌ ചിരപരിചിതരായ ചിലരെ ഓർമ്മപ്പെടുത്തുന്നു.

വിദേശജീവിതം സ്വപ്നം കണ്ട് വിദേശത്ത് നഴ്സായ ജോളിയ വിവാഹം കഴിക്കുന്ന സോളമനെന്ന സാധാരണക്കാരന്റെ കഥയാ. ദരിദ്രനായിരുന്നെങ്കിലും കഠിനാദ്ധ്വാനത്തിലൂടെ ജീവിതപ്രതിസന്ധികളെ ഒന്നൊന്നായി മറികടന്ന അയാൾ ഓസ്ട്രേലിയ എന്ന സമ്പന്ന രാജ്യത്തെ വ്യവസായിയാകുന്നു.

തന്റെ സ്നേഹിതരിൽ നിന്നുണ്ടായ ചതിയിൽ ആടിയുലയുന്ന സോളമൻ അതിൽ നിന്നൊക്കെ ബുദ്ധിപൂർവ്വം രക്ഷപ്പെടുന്നു. അയാൾ അനുഭവിക്കുന്ന ആത്മ നൊമ്പരം അനുവാചകരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങും വിധമാണ് രചന. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നുള്ള സംശയം വായനക്കാരുടെ മനസിൽ ഉയരുമ്പോൾ നോവലിസ്റ്റ് തന്റെ അനുഭവങ്ങളാണ് അതിനു തെളിവുകളായി നിരത്തുന്നത്

സൗത്ത് ഓസ്ട്രേലിയയിലെ അഡ് ലൈഡിൽ തുടങ്ങുന്ന കഥ, കേരളത്തിലും പിന്നീട് ഓസ്ട്രേലിയയിലെ കാൻബറയും കടന്ന് അഡ്ലൈഡിലിൽ തന്നെ അവസാനിപ്പിക്കുന്നു. തെറ്റിദ്ധരിക്കപ്പെടുന്ന സോളമന് ജോളിയിൽ നിന്നും അകന്നു പോകേണ്ടി വന്നെങ്കിലും അവർ ഒരുമിക്കുന്നതോടെ നോവൽ അവസാനിക്കുന്നു. അനിൽ കോനാട്ടിന്റെ 'ഓഷ്യനയിലെ ഗംട്രീ, സംസ്കാരം അതല്ലേ എല്ലാം, നേഴ്സ്, ബാഗ് പൈപ്പർ എന്നീ കൃതികളിൽ നിന്നും തികച്ചുംവ്യത്യസ്തമാണ് 'ഒരു ഓസ്ട്രേലിയൻ കഥ'.

പണക്കൊതി മൂലം ഓസ്ട്രേലിയയിൽ പോവുകയും പണത്തിനു പിന്നാലെ പായുമ്പോൾ സ്വന്തം ജീവിതം കൈമോശം വരുന്ന ആശങ്കയിൽ കൈകാലിട്ടടിക്കുന്ന സോളമനും ജോളിയും ഇന്നത്തെ സമൂഹത്തിന്റെ നേർകാഴ്ചയാണ്. ഓസ്ട്രേലിയയിലെത്തിയ ഒരു മലയാളി കുടുംബത്തിന്റെ കഥ പച്ചയായി ആവിഷ്കരിക്കുകയാണ് ഇവിടെ നോവലിസ്റ്റ്. ദീർഘ നാളത്തെ ഓസ്ട്രേലിയൻ ജീവിതത്തിൽ സോളമൻ കണ്ട കാഴ്ചകളും അനുഭവങ്ങളും അയാളുടെ ചിന്തകളും മനോഹരമായി ചിത്രീകരിക്കാൻ എഴുത്തുകാരനു സാധിച്ചിട്ടുണ്ട്. സ്വയം ബുദ്ധിമാൻ എന്ന് കരുതി മറ്റുള്ളവരുടെ വില കുറച്ചു കണ്ട് അവരിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന സോളമൻ ഒരു ശരാശരി പ്രവാസിയുടെ പ്രതിനിധിയാണ്. അഹങ്കാരം കൊണ്ട് തകർന്നു പോയ തന്റെ കുടുംബ ജീവിതം തെറ്റുകൾ തിരുത്തി സോളമൻ ഭാര്യ ജോളിക്കൊപ്പം തിരിച്ചു പിടിക്കുന്നു. ചില നാടകീയ രംഗങ്ങൾ ഉണ്ടെങ്കിലും ലോകത്തെമ്പാടുമുള്ള പ്രവാസികൾക്കും

അഭിമാനിക്കാവുന്ന നോവലാണിത്.

നന്മ നിറഞ്ഞ കഥാപാത്രങ്ങളും എഴുത്തിലെ ലാളിത്യവുമാണ് അനിൽ കോനാട്ടിന്റെ പ്രത്യേകത. പണത്തിനുപരി മനുഷ്യ ബന്ധങ്ങളുടെ തീവ്രതയും ഇഴയടുപ്പവും തന്റേതായ ശൈലിയിൽ ലളിതവും ശക്തവുമായ ഭാഷയിൽ കാല്പനികതയും യാഥാർഥ്യവും ഇടകലർത്തി കേരളീയ -ഓസ്ട്രേലിയൻ സംസ്കാരത്തിന്റെ കൂടിച്ചേരലായാണ്

രചിച്ചിരിക്കുന്നത്. മനുഷ്യമനസിനെ പിടിച്ചുലയ്ക്കുന്ന വൈകാരിക മുഹൂർത്തങ്ങളും ബന്ധങ്ങളുടെ തീവ്രതയും വിവരിക്കുന്ന ഒരു ഓസ്ട്രേലിയൻ കഥ വായിച്ചു കഴിയുമ്പോൾ അതിലെ കഥാപാത്രങ്ങൾ നമ്മുടെ മനസിൽ ദീർഘനാൾ നിലനിൽക്കും. വിദേശ ജീവിതം സ്വപ്നം കാണുന്നവരും പ്രവാസികളും തീർച്ചയായും വായിക്കേണ്ട നോവലാണ് ഓസ്ട്രേലിയൻ പ്രവാസിയായ വിഷ്ണു കോനാട്ടിന്റെ കോനാട്ട് ബുക്സ് വിതരണം ചെയ്യുന്ന ഈ ചെറു പുസ്തകം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BOOK REVIEW, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY