
ലോകം ആഗോളഗ്രാമമായി ചുരുങ്ങിയപ്പോൾ ലജ്ജിപ്പിക്കലിന് സാർവത്രിക അരങ്ങ് ഒരുങ്ങി കിട്ടുകയുമായിരുന്നു. ഒരു സന്ദേശം, ഒരു ചിത്രം, ഒരു വീഡിയോ കൊണ്ട് നിമിഷങ്ങൾക്കുള്ളിൽ വ്യക്തികളെയും സമൂഹങ്ങളെയും താറുമാറാക്കാൻ സംഹാര ശക്തിയുള്ള സോഷ്യൽ മീഡിയക്കാലത്ത്, ലജ്ജ എന്ന വികാരം സാമൂഹ്യ രാഷ്ട്രീയ ആയുധമായും പരിണമിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്, തൃശൂർ കറന്റ് ബുക്സ് പ്രസാധനം നിർവഹിച്ചഡോ.എം.മോഹന്റെ 'ലജ്ജയുടെ മന:ശാസ്ത്രം ലജ്ജിപ്പിക്കലിന്റെ രാഷ്ട്രീയം' എന്ന കൃതിയുടെ വായന അർത്ഥപൂർണമാകുന്നത്. ലജ്ജയുടെ മന:ശാസ്ത്ര വിശദീകരണവും ലജ്ജിപ്പിക്കലിനു പിന്നിലെ കീഴ്പ്പെടുത്തൽ അധികാരവും തുറന്നുകാട്ടുക മാത്രമല്ല ലജ്ജാതിജീവനത്തിന്റെ കൈപ്പുസ്തകമായും അതു മാറുന്നു. ഡോ. എസ്.രാജുവിന്റെ അവതാരിക പുസ്തക പ്രസക്തി എടുത്തു പറയുന്നുണ്ട്.
ലജ്ജയെന്നത് വെറും വ്യക്തിപരമായ വികാരം മാത്രമായല്ല, സാമൂഹ്യമായ നിർമ്മിതി കൂടിയാണെന്ന തിരിച്ചറിവാണ് ഈ കൃതിയുടെ കാതൽ. ലജ്ജയെ അധികാരോപകരണമായി മാറ്റുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രക്രിയയെ അതു വിശകലനം ചെയ്യുന്നു. കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിൽ ജാതി, ലിംഗം, വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ ലജ്ജിപ്പിക്കൽ എങ്ങനെ ഒരു അധികാരോപകരണമായി പ്രവർത്തിക്കുന്നു എന്നതിന്റെ കൃത്യമായ നിരീക്ഷണങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നുണ്ട്. കൊളോണിയൽ വാഴ്ച, സ്ത്രീവിരുദ്ധത, സാമ്പത്തിക അസമത്വം എന്നിവയെല്ലാം ലജ്ജിപ്പിക്കലിന്റെ വ്യത്യസ്ത മുഖങ്ങളാണെന്ന് തെളിയിക്കുന്നു.
വിഷലജ്ജാ വിമുക്തമായ ഒരു പുതുജീവിതത്തിന്റെ ഭൂപടം വരച്ചു കാട്ടാനും ഈ കൃതി ശ്രമിക്കുന്നു. ലജ്ജയുടെ ഫലപ്രദമായ നിയന്ത്രണമെന്നത് അതിനെ നിരാകരിക്കലല്ലെന്നും അതിനെ ആത്മവിശ്വാസത്തോടെ നേരിട്ട് അതിജീവിക്കലാണെന്നും ഈ പുസ്തകം അഭിപ്രായപ്പെടുന്നു. വിമർശനാത്മക അവബോധം, സ്വയം നിരീക്ഷണം, ഫലപ്രദമായ ആശയവിനിമയം, സഹാനുഭൂതി എന്നിവയെ ലജ്ജാതിജീവനത്തിനുള്ള പ്രവർത്തനോപാധികളായി നിർദ്ദേശിക്കുകയും ചെയ്യുന്നു. വിഷലജ്ജാ പ്രതിരോധവും ലജ്ജിപ്പിക്കൽ നിർമ്മാർജനവും പുതിയ സമൂഹത്തിന്റെ മുഖമുദ്രയാകണം. അതിനായി നമ്മുടെ ക്ലാസ്മുറികൾ ഒരുക്കണം. ലജ്ജിപ്പിക്കലില്ലാത്ത വീട്ടകങ്ങളും ക്ലാസ്മുറികളും മറ്റു പൊതു ഇടങ്ങളും സൃഷ്ടിക്കപ്പെടണം. വിദ്യാർത്ഥികൾക്കുള്ള ജീവിത നൈപുണ്യ പദ്ധതിയുടെ ഭാഗമായി ലജ്ജിപ്പിക്കൽ വിരുദ്ധ മൂല്യബോധനം ഉൾപ്പെടുത്തണം.
സോഷ്യൽ മീഡിയ ലജ്ജിപ്പിക്കലിന്റെ വലിയൊരുവേദിയായി മാറിയിരിക്കുന്ന ഇക്കാലത്ത് ലജ്ജിപ്പിക്കൽ വിരുദ്ധ ചിന്തകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു വ്യക്തിയുടെ ഒരു നിമിഷത്തെ വീഴ്ച, ഒരു തെറ്റ്, ഒരു അബദ്ധം ഇവയെല്ലാംസോഷ്യൽ മീഡിയയിൽ എക്കാലത്തേക്കുമുള്ള അപമാനമായി മാറുന്നു. യുവാക്കളും കൗമാരക്കാരും ലജ്ജയുടെ ഭാരം താങ്ങാനാവാതെ ആത്മഹത്യയിൽ അഭയംതേടുന്നു. ഈ പശ്ചാത്തലത്തിൽ ലജ്ജയെ മനസിലാക്കാനും അതിന്റെ വിഷകരമായ പ്രഭാവങ്ങളെ അതിജീവിക്കാനും ഈ കൃതി നൽകുന്ന ഉൾക്കാഴ്ചകൾ അമൂല്യമാണ്. ലളിതമായ ഭാഷയും അവതരണ ശൈലിയും ഈ പുസ്കത്തിന്റെ വായന അനായാസമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |