SignIn
Kerala Kaumudi Online
Friday, 06 November 2026 12.48 AM IST

സാമൂഹിക മാദ്ധ്യമങ്ങൾക്കുള്ള നിയമപരിരക്ഷ റദ്ദാക്കാൻ നീക്കം, ഫേസ്ബുക്ക്, വാട്സാപ്പ്, ‌ ഇൻസ്റ്റ തിരിച്ചടി നേരിടും

dd
ഫേസ്ബുക്ക്, വാട്സാപ്പ്, ‌ഇൻസ്റ്റാഗ്രാം

ന്യൂഡൽഹി: സാമൂഹിക മാദ്ധ്യമങ്ങൾക്കുള്ള നിയമപരിരക്ഷ എടുത്തുകളയാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി സൂചന. ഇന്റർനെറ്ര് സേവനം നൽകുന്ന കമ്പനികൾ, മൊബൈൽ സേവനദാതാക്കൾ തുടങ്ങിയവർക്കു മാത്രമായി പരിരക്ഷ ചുരുക്കിയേക്കും. ഫേസ്ബുക്ക്, വാട്സാപ്പ്, ‌ഇൻസ്റ്റാഗ്രാം എന്നിവയടക്കം പ്ലാറ്റ്‌ഫോമുകൾക്ക് വൻതിരിച്ചടിയാകും. നിയമവിരുദ്ധ ഉള്ളടക്കങ്ങളിൽ സിവിൽ, ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും.

ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കത്തിൽ നിലവിൽ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകളെ നേരിട്ട് ഉത്തരവാദികളാക്കുന്നില്ല. 'സേഫ് ഹാർബർ' എന്നു പേരിട്ടു വിളിക്കുന്ന നിയമപരിരക്ഷ ഐ.ടി നിയമത്തിലെ വകുപ്പ് 79ലാണ് വ്യവസ്ഥ ചെയ്‌തിരിക്കുന്നത്. ഇതു പിൻവലിക്കുമെന്നാണ് സൂചന. നിയമത്തിൽ ഭേദഗതി കൊണ്ടുവന്നേക്കും.

നിയമവിരുദ്ധമായ ഉള്ളടക്കം നീക്കണമെന്ന് കോടതിയോ സർക്കാരോ ഉത്തരവിട്ടാൽ മാത്രമാണ് നിലവിൽ നിയമപരിരക്ഷയുടെ ആനുകൂല്യം ലഭിക്കാത്തത്. റീച്ച് കൂട്ടാൻ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകൾ സങ്കീർണമായ അൽഗോരിതം ഉപയോഗിക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഉപയോക്താക്കൾ എന്തു കാണണമെന്ന് പ്ലാറ്റ്ഫോമുകൾ തീരുമാനിക്കുന്നു. അതിനാൽ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അവർക്ക് ഒഴിഞ്ഞുനിൽക്കാനാകില്ലെന്നാണ് നിലപാട്.

കേന്ദ്രത്തിനും മെറ്രയ്‌ക്കും നോട്ടീസ്

കുട്ടികളിലേക്ക് അശ്ലീലദൃശ്യങ്ങളും,​ അപകടകരമായ ഉള്ളടക്കങ്ങളും എത്തുന്നത് തടയാൻ സമഗ്രമായ ചട്ടക്കൂട് വേണമെന്ന പൊതുതാത്പര്യഹ‌ർജിയിൽ കേന്ദ്രസർക്കാരിനും മെറ്രയ്‌ക്കും നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,​ ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,​ വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. കുട്ടികളെ തങ്ങളുടെ ആപ്പുകളിൽ അടിമകളാക്കുകയാണ് സാമൂഹിക മാദ്ധ്യമങ്ങൾ. ഉറക്കകുറവ്, വിഷാദം, നശീകരണ ചിന്ത എന്നിവ കുട്ടികളിലുണ്ടാകുന്നുവെന്നും പൊതുപ്രവർത്തക ശ്രീരൂപ ചൗധരി സമ‌ർപ്പിച്ച ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FACEBOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360