സുമിത്രായനം - കഥ
സെക്രട്ടറിയേറ്റിൽ ജോലിചെയ്യുന്ന, ട്രെയിനിലെ സ്ഥിരയാത്രക്കാരുമായി വിശേഷങ്ങൾ പങ്കുവെക്കുന്ന തിരക്കിലാണ് സുമിത്ര. നന്നേ മെലിഞ്ഞ രൂപം. കുടുംബം നോക്കുന്നവൾ. പുതുതലമുറയിലെ ഗോഷ്ടികൾ ഒന്നും വശമില്ലാത്ത സാധാരണക്കാരി. തലസ്ഥാനത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അവൾക്ക് ഈ സൗഹൃദവലയം ഏറെ ആശ്വാസകരമാണ്. ട്രെയിനിൽ നിന്നും ചായയും കടിയും ഒക്കെ വാങ്ങിച്ച്, വീട്ടുവിശേഷവും നാട്ടുവിശേഷവും ഒക്കെ പങ്കിട്ടാണ് പതിവുയാത്ര. പോക്കും, വരവുമെല്ലാം ട്രെയിനിൽ തന്നെ.
സുഹൃത്ത്‌സംഘം ഒരുമിച്ചു തന്നെ ഇരിക്കാറാണ് പതിവ്. പക്ഷേ തിങ്കളാഴ്ചയിലെ തിരക്ക്മൂലം സുമിത്രമാത്രം ഒറ്റപ്പെട്ടു. സൊറ പറയാൻ കൂട്ട് ഇല്ലാത്തതു കൊണ്ട് ഉറങ്ങാതെ ഉറങ്ങിയും, വീട്ടുവിശേഷങ്ങൾ അയവിറക്കിയും അവൾ സമയം ചിലവഴിച്ചു. ഓടുന്ന തീവണ്ടിക്കും മുൻപേ പായുന്ന പുറം കാഴ്ചകളെ വിസ്മയത്തോടെ നോക്കിയിരിക്കുന്ന കൊച്ചു ബാലൻ കണ്ണിലുടക്കിയതപ്പോഴാണ്. വലിയ വർണ്ണനകളൊന്നും കൊടുക്കാൻ ഇല്ലാത്ത രൂപം. തലമുടി പറ്റേ വെട്ടിവെച്ചിരിക്കുന്നു. ക്ഷീണം തോന്നുന്ന അവന്റെ കണ്ണുകൾ ഇരുമ്പ് കമ്പികൾക്കിടയിലൂടെ എന്തൊക്കെയോ പരതാൻ ശ്രമിക്കുന്നുണ്ട്.
അഭീ ...ജനൽ കമ്പിയിൽ തൊടാതെ മോനെ....
കമ്പിയിൽ പിടിക്കാൻ ശ്രമിക്കുമ്പോൾ അവന്റെ കൈ തട്ടിമാറ്റി ശകാരിക്കുന്നുണ്ട്, അവന്റെ അമ്മ .
'അഭി'. അതാണവന്റെ പേര്.
അഭി എന്നുതന്നെയാണോ , അതോ അതൊരു ചെല്ലപേരാണോ എന്ന കാര്യത്തിൽ സുമിത്രയ്ക്ക് വ്യക്തത വന്നില്ല. അവന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളൊക്കെയും അവൾക്ക് കാണാൻ സാധിക്കുന്നുണ്ട്. പക്ഷേ ഒരേ വശത്തിരിക്കുന്ന അഭിയുടെ അമ്മയെ സ്വല്പം പ്രയാസപ്പെട്ടാണ് അവൾ നിരീക്ഷിക്കുന്നത്.
ചീകി ഒതുക്കാത്ത മുടിയിഴകൾ കാറ്റിൽ പാറി പറക്കുന്നു. വാടിയ കണ്ണുകളിൽ ഉറക്കച്ചടവ് കാണാം. ചുറ്റും നടക്കുന്ന ഒന്നിലും ശ്രദ്ധചെലുത്താതെ എന്തൊക്കെയോ ആലോചിച്ചു സ്തബ്ധയായിരിക്കുന്നു അവൾ.
യാത്രകളിൽ തനിക്കു ചുറ്റുമിരിക്കുന്നവരെ നിരീക്ഷിക്കാറുണ്ട് സുമിത്ര. ഒരു യാത്രയിൽ തന്നെ ചിലരുമായി പരിചയം സമ്പാദിക്കും. മറ്റു ചിലർ അതിൽ അതിർവരമ്പുകൾ കൽപ്പിക്കാറുണ്ട്. ജീവിതയാത്രയിൽ ദിനംപ്രതി എത്രയെത്ര മുഖങ്ങൾ കടന്നുപോകുന്നു. അവരിൽ ചിലർ ചോദ്യങ്ങളാണ്... ചിലർ ഉത്തരങ്ങളും!
കൊച്ചുകുട്ടികളുടെ ചുറുചുറുക്കില്ലാത്ത, കുസൃതികളില്ലാത്ത, വാശിയും ബഹളങ്ങളുമില്ലാത്ത അഭിയെയും, അവന്റെ അമ്മയെയും കൗതുകത്തോടെ, അല്പം സഹതാപത്തോടെ സുമിത്ര നോക്കിയിരുന്നു.
തൊട്ടടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വലിയ തിരക്കൊഴിഞ്ഞു.സീറ്റിൽ ഇരിക്കുന്നവരൊക്കെയും കൈയിലെ മൊബൈൽ ഫോണിലെ കാഴ്ചകളിൽ മുഴുകിയിരിക്കുകയാണ്. ചിലർ ചിരിക്കുന്നുണ്ട്, മറ്റു ചിലർ അത്ഭുതപ്പെടുന്നു. ചിലർ ഇയർ ഫോൺ ചെവിയിൽ തിരുകുന്ന തിരക്കിലാണ്. ഫോണിൽ മുഴുകുന്ന ശീലം ഇല്ലാത്തതുകൊണ്ടാകാം, സുമിത്ര അവളുടെ ചുറ്റുമുള്ള സഹയാത്രികരെ ശ്രദ്ധിക്കുന്നത്.
അഭിയുടെ അമ്മ ഉറക്കത്തിലാണ്ടുപോയപ്പോഴും ജനലഴികളിൽ പിടിച്ചു ദൂരേക്ക് നോക്കിയിരിക്കുകയാണ് അവൻ.
വ്യക്തമല്ലാത്ത പുറം കാഴ്ചകൾ പിന്നിലേക്ക് പാഞ്ഞുകൊണ്ടേയിരുന്നു..
എപ്പോഴോ അവന്റെ നോട്ടം സുമിത്രയിലേക്കെത്തി. അഭിയോട് സംസാരിക്കാൻ ഒരവസരംകാത്തിരിക്കുകയായിരുന്ന സുമിത്ര അവനെ അടുത്തേക്ക് കൈ നീട്ടി വിളിച്ചു. അവളുടെ അരികിലേക്ക് വരാൻ കൂട്ടാക്കിയില്ലെങ്കിലും, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. കളങ്കമില്ലാത്ത ചിരി. സ്വാർഥതയില്ലാത്ത ചിരി. ഹൃദയത്തിൽ നിന്നുള്ള ചിരി...
അഭി എന്നാണല്ലേ മോന്റെ പേര്...?സുമിത്ര അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു.
'അല്ല... അഭിനന്ദ്'.
അല്പം താഴ്ന്ന സ്വരത്തിൽ അവൻ മറുപടി പറഞ്ഞു.
'ഏത് ക്ലാസ്സിലാ മോൻ പഠിക്കുന്നത്'..?
ചോദ്യത്തിനൊപ്പം നാലാം ക്ലാസ്സിൽ എന്ന മറുപടി കിട്ടി.
'മോൻ എവിടെ പോകുവാ '..?സുമിത്ര ചോദ്യം തുടർന്നു.
തിരുവനന്തപുരം....
ഒരു ചെറു പുഞ്ചിരിയോടെ അഭി ഉത്തരം നൽകി ....
വളരെ പെട്ടെന്നാണ് അവർ തമ്മിൽ പരിചയത്തിലായത്. ഇതേ പ്രായത്തിൽ സുമിത്രയ്ക്ക് ഒരു മോനുണ്ട്. അതാവും അവന്റെ ഇഷ്ടങ്ങളെ ചോദിച്ചറിയാനും, അവനെ മനസിലാക്കാനും ഉള്ളിൽ നിന്നും ഈ ത്വര. വർത്തമാനത്തിന്റെ ആഴം കൂടിയപ്പോൾ അവർ തമ്മിലുള്ള അകലം കുറഞ്ഞുകൊണ്ടിരുന്നു.
ഇഷ്ടമുള്ള നിറം, കാർട്ടൂൺ കഥാപാത്രങ്ങൾ, വണ്ടികൾ അങ്ങനെ എന്തൊക്കെയോ അവൾ അഭിയോട് ചോദിച്ചു. മറുപടിയാവട്ടെ, ഒന്നോ രണ്ടോ വാക്കിൽ ഒതുക്കി വീണ്ടും പുറം കാഴ്ചകളിലേക്ക് മുഴുകിയിരുന്നു അഭി.
അഭിയുടെ അമ്മ ഉറക്കമുണർന്നപ്പോൾ അവളുടെ മടിയിലേക്ക് അവൻ ചാഞ്ഞിരുന്നു. മുഖം അവളുടെ നെഞ്ചിലുരസി, ചിണുങ്ങിയും കൊഞ്ചിയും തണുത്ത കാറ്റിനൊപ്പം ആ കണ്ണുകൾ മെല്ലെ അടഞ്ഞു.
കുറച്ച് മണിക്കൂറുകൾ സുമിത്രയുടെ കണ്ണുകളെ പിടിച്ചിരുത്തിയത് ആ അമ്മയും മകനുമാണ്. ആ കാഴ്ചക്കൊപ്പം നേരിയ നിശ്വാസത്തോടെ അവൾ വീട്ടിലേക്കു ഫോൺ ചെയ്തു. അമ്മയോട് തന്റെ മക്കളുടെ വിശേഷങ്ങൾ ചോദിച്ചു. ട്രെയിൻ കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ മഴച്ചാറ്റൽ ഉണ്ടായിരുന്നു.
പഴയ യാത്രക്കാർ ഇറങ്ങുന്നതിന്റെയും പുതിയവർ കയറുന്നതിന്റെയും തിരക്ക്...
ചായവില്പനക്കാരുടെ ശബ്ദകോലാഹലം.. റെയിൽവേ പോലീസിന്റെ വിസിലടികൾ....പക്ഷേ ഈ തിരക്കുകളൊന്നും ബാധിക്കാതെ അഭിയുടെ അമ്മ അവനെ ചേർത്തു പിടിച്ചു ജനലഴികളിലൂടെ ദൂരേക്ക് നോക്കിയിരുന്നു. വിരലുകളിലിറ്റു വീണ മഴത്തുള്ളികൾ പോലും അവൾ ശ്രദ്ധിച്ചതേയില്ല.
സുമിത്ര ട്രെയിനിൽ നിന്നിറങ്ങി രണ്ട് ചായ വാങ്ങി തിരിച്ചു കയറി. ഒരു ചായ ജനൽ പടിയിൽ വെച്ചു.
'ദാ.. ചായ... കുടിച്ചോളൂ.'.
അഭിയുടെ അമ്മക്ക് നേരെ ചായ നീട്ടികൊണ്ട് അവൾ പറഞ്ഞു.
ആദ്യം നിരസിച്ചെങ്കിലും സുമിത്ര നൽകിയ ചായ അവൾ സ്വീകരിച്ചു.
ഉപകാരം ചെയ്യുന്നതിലുപരി അമ്മയുടെയും മകന്റെയും വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കുക എന്ന ഉദ്ദേശ്യം കൂടി ചായ നൽകിയതിന് പിന്നിലുണ്ടായിരുന്നു.
എങ്ങോട്ടേക്കാണ് യാത്ര..?
ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ,
'തിരുവനന്തപുരം' എന്ന മറുപടിയാണ് പ്രതീക്ഷിച്ചതെങ്കിലും
'ആർ സി സി' ലേക്കെന്ന് പറഞ്ഞപ്പോൾ ആകെയൊരു അന്ധാളിപ്പാണ് അവൾക്ക്
തോന്നിയത്. ശാന്തമായ കടൽ പെട്ടന്ന് ഇരമ്പി വരുന്നപോലെ..
'മോനെ അവിടെയാ ചികിത്സിക്കുന്നത്.'
അവന്റെ മുടിയിൽ തലോടിക്കൊണ്ട് ആ അമ്മ നിശ്വസിച്ചു .
ആർ സി സി, ചികിത്സ, അഭിയുടെ നിഷ്കങ്കമായ മുഖം, അവന്റെ അമ്മയുടെ ഭാവഭേദമില്ലാത്ത സംസാരം .... ഇരമ്പി വന്ന കടൽ പെട്ടെന്ന് ക്ഷോഭിച്ച പോലെ സുമിത്രയ്ക്ക് തോന്നി.
ഇനി വേറൊന്നും ചോദിക്കാൻ അവൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല..
ഒരു കേൾവിക്കാരി മാത്രമായി.
ചൂടു ചായ ഊതിയൂതി കുടിച്ചുകൊണ്ട് അഭിയുടെ അമ്മ തുടർന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു മോന്റെ ചികിത്സ. അവിടുത്തെ ഡോക്ടർ കഴിഞ്ഞ ആഴ്ച മോനെ തിരുവനന്തപുരത്തേക്ക് റഫർ ചെയ്തു.
.'ലുക്കിമിയ'..
തിരിച്ചറിയാൻ വൈകി...
പറഞ്ഞു തുടങ്ങിയ വാചകങ്ങൾ മുഴുവിക്കാതെ അവൾ അഭിയെ ചേർത്തുപിടിച്ചു. ഒഴുകാൻ കാത്തുനിന്ന കണ്ണുനീർ തുള്ളികളെ ഒളിപ്പിച്ചുവെയ്ക്കാൻ പാടുപെടുന്ന നിസ്സഹായയായ അമ്മയെ സുമിത്രക്ക് കാണാമായിരുന്നു.
അഭിയുടെ അച്ഛൻ എവിടെ?, ചികിത്സ എങ്ങനെ പോകുന്നു?. ഇപ്പോൾ അവന് എങ്ങനെ ഉണ്ട്.?.. ഉത്തരങ്ങൾ തേടിയുള്ള നൂറു ചോദ്യങ്ങൾ സുമിത്രയുടെ മനസ്സിലുണ്ട്.
പക്ഷേ അവൾ ചോദിച്ചില്ല. ഒരുപക്ഷേ, ചോദിച്ചിരുന്നെങ്കിൽ അവർ ഉത്തരം നൽകിയേനെ.
ഓടി അകലുന്ന ചിത്രങ്ങളിലൊന്നും പിന്നീടവളുടെ കണ്ണു പതിഞ്ഞില്ല . തന്റെ സ്റ്റേഷൻ എത്തിയിരുന്നെങ്കിൽ.. ഈ ദിവസം കഴിഞ്ഞു പോയിരുന്നെങ്കിൽ.. അടുത്ത ബോഗിയിൽ ഇരിക്കുന്ന കൂട്ടുകാർ ഒന്ന് വന്നിരുന്നെങ്കിൽ..ദുഃഖം നിറഞ്ഞ നിമിഷങ്ങളിൽ നിന്നും ഒളിച്ചോടുവാൻ സുമിത്ര ശ്രമിച്ചു.
ഉറക്കത്തിൽനിന്ന് അഭി എഴുന്നേറ്റതും കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വാട്ടർ ബോട്ടിലിൽ നിന്നും വെള്ളം കുടിക്കുമ്പോൾ അവൻ സുമിത്രയെ നോക്കി ചിരിച്ചു. പിന്നീട് തുരുമ്പിച്ച ജനലഴിയിൽ പിടിച്ചു ദൂരേക്ക് നോക്കി നിന്നു. ആ നിമിഷം
ഇതളുകൾ കൂമ്പിയ പനിനീർ പുഷ്പം പുതുവെയിലിൽ വിടർന്നപോലെ അവന്റെ കണ്ണുകളിൽ തെളിച്ചവും മുഖത്ത് പ്രസരിപ്പും കാണാമായിരുന്നു.
ആത്മസംഘർഷത്തിന്റെ നീരാളിപ്പിടിത്തത്തിൽ തന്നെയാണ് ഇപ്പോളുമവൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ ബേക്കറിയിൽ നിന്നും സുമിത്ര, അഭിക്ക് ഇഷ്ടമുള്ള മിഠായി വാങ്ങി നൽകി.
'താങ്ക്സ് ആന്റി'...
ചെറുചിരിയിൽ നന്ദി പ്രകടിപ്പിച്ചുകൊണ്ട് അവൻ അത് സ്വീകരിച്ചു.
വീണ്ടും കാണാം എന്ന പ്രതീക്ഷയോ, പരിചയം നിലനിർത്താനുള്ള ഫോൺ നമ്പരോ ഒന്നും തന്നെ പരസ്പരം കൈമാറാതെ അവർ യാത്ര പറഞ്ഞു പിരിഞ്ഞു. സ്റ്റേഷന് പുറത്ത് പാർക്കു ചെയ്ത ഓട്ടോറിക്ഷയിൽ കയറുമ്പോൾ അഭി ഉറക്കെ വിളിച്ചു പറഞ്ഞു,
ആന്റീ ..... റ്റാറ്റാ.
തിരികെ കൈവീശി കാണിക്കുമ്പോഴേക്കും അവർ കണ്ണിൽ നിന്നും അകന്നു പോയിരുന്നു. സുമിത്രയുടെ ആ ദിവസം കടന്നു പോയത് ഏറെ വിങ്ങലോടെ ആയിരുന്നു. ഓഫീസിലും യാത്രയിലും വീട്ടിലും അഭിയുടെയും അമ്മയുടെയും ഓർമ്മകൾ അവളെ അലട്ടിക്കൊണ്ടേയിരുന്നു.
അന്നു രാത്രിയിൽ തന്റെ മക്കളെ അവൾ ചേർത്തു പിടിച്ചു... നെറുകയിൽ പലവട്ടം ഉമ്മകൾ നൽകി. അപ്പോഴും പ്രകാശം മങ്ങിയ ആ കുഞ്ഞു മുഖം അവളെ വേട്ടയാടികൊണ്ടിരുന്നു.
കണ്ണുകളിൽ ഉറക്കം വീഴും മുൻപേ അവൾ സ്വയം പറഞ്ഞു..
ചിലർ ചോദ്യങ്ങളാണ്... ചിലർ ഉത്തരങ്ങളും.
എഴുത്ത്: പ്രിയങ്ക ശ്യാം
അസിസ്റ്റന്റ് പ്രൊഫസർ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം
കോട്ടയം
During a train journey to Thiruvananthapuram, Sumithra meets a young boy named Abhi and his mother. Initially drawn to the child's innocent smile, she strikes up a conversation with him. She later learns that Abhi has leukemia and is travelling to the Regional Cancer Centre (RCC) for treatment after being referred from Kozhikode Medical College.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |