മരാൻഹാവോ : ആറു വർഷമായി പ്രണയിക്കുന്ന യുവതിയെ കണ്ട് പ്രണയം തുറന്നുപറഞ്ഞ് വിവാഹം കഴിക്കാൻ 1931 കിലോമീറ്റർ യാത്ര ചെയ്തെത്തിയ 49കാരന് ഒടുവിൽ നിരാശ. താൻ പ്രണയിച്ച യുവതി യഥാർത്ഥ വ്യക്തിയല്ലെന്നും എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ച മോഡലാണെന്നും തിരിച്ചറിഞ്ഞതോടെയാണ് ബ്രസീലുകാരനായ എഡിമർ മാർട്ടിൻസിന്റെ പ്രതീക്ഷകൾ തകർന്നത്.
ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മറാൻഹാവോ സ്വദേശിയാണ് കെട്ടിടനിർമ്മാണ തൊഴിലാളിയായ മാർട്ടിൻസ്. 2020ലാണ് സോഷ്യൽ മീഡിയയിൽ ജെസീക്ക ഒലിവേരയെ ഇയാൾ കാണുന്നത്. ജെസീക്ക ഫസൻഡെയ്റ എന്ന പേരിലും അറിയപ്പെട്ടിരുന്ന ഈ അക്കൗണ്ടിന് മൂന്നുലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഫാമിലെ മനോഹരമായ ഗ്രാമീണ ജീവിതം ചിത്രീകരിക്കുന്ന വീഡിയോകളായിരുന്നു അക്കൗണ്ടിൽ പങ്കുവച്ചിരുന്നത്. അമ്മയുടെ മരണത്തെ തുടർന്ന് കടുത്ത ഏകാന്തത അനുഭവിച്ചിരുന്ന മാർട്ടിൻസ് യുവതിയുമായി പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാമെന്ന് ആഗ്രഹിച്ചു, അക്കൗണ്ടിൽ പങ്കുവച്ച ഒരു വീഡിയോയിൽ യുവതി സാമ്പത്തികമായി സഹായിക്കാമെന്നും തന്റെ ഫാമിൽ താമസിക്കാൻ സൗകര്യം ഒരുക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു,
ഇതോടെ പ്രണയിനിയെ നേരിൽ കാണാൻ മാർട്ടിൻസ് തന്റെ പക്കലുള്ള വസ്തുവകകൾ എല്ലാം വിറ്റ് ബ്രസീലിലെ തെക്കുകിഴക്കൻ സംസ്ഥാനമായ മിനാസ് ജെറൈസിന്റെ തലസ്ഥാനമായ ബെലോ ഹോറിസോണ്ടെയിലേക്ക് യാത്ര തിരിച്ചു. ഒക്ടോബർ 9ന് യാത്ര തിരിച്ച മാർട്ടിൻസ് ഒക്ടോബർ 11നാണ് നഗരത്തിലെത്തിയത്. യുവതിയുടെ ചിത്രങ്ങൾ കൈവശമുണ്ടായിരുന്ന മാർട്ടിൻസ് നഗരത്തിലുടനീളം അന്വേഷിച്ചു. ആളുകളോടും തിരക്കി. എന്നാൽ ആർക്കും അവരെ തിരിച്ചറിയാനായില്ല. ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനിൽ സഹായം തേടി എത്തിയപ്പോഴാണ് യുവതി യഥാർത്ഥത്തിൽ ഇല്ലെന്നും സോഷ്യൽ മീഡിയ അക്കൗണ്ട് വ്യാജമാണെന്നും അറിയുന്നത്. താൻ പ്രണയിച്ച യുവതി എ.ഐ മോഡലാണെന്ന തിരിച്ചറിവോടെ മാർട്ടിൻസിന്റെ യാത്ര നിരാശയിൽ അവസാനിക്കുകയായിരുന്നു.
യാത്രയ്ക്കായി കൈയ്യിലുണ്ടായിരുന്ന പണം മുഴുവൻ ചെലവഴിച്ചതോടെ നഗരത്തിൽ ഒറ്റപ്പെട്ടുപോയ മാർട്ടിൻസിന് നഗരസഭാ അധികൃതരാണ് സഹായഹസ്തവുമായെത്തിയത്. സോഷ്യൽ വർക്കർമാർ ഇയാൾക്ക് ഭക്ഷണവും മറ്റുസൗകര്യവും നൽകിയതോടൊപ്പം തിരികെ സ്വന്തം സ്ഥലത്തേക്ക് മടങ്ങാനുള്ള ബസ് ടിക്കറ്റും സംഘടിപ്പിച്ചു നൽകി. കഴിഞ്ഞ ആറ് മാസത്തിനിടെ സമാനമായ രീതിയിൽ എഐ പെൺകുട്ടിയെ നേരിൽ കാണാമെന്ന പ്രതീക്ഷയിൽ ബെലോ ഹൊറിസോണ്ടെയിലേക്ക് യാത്ര ചെയ്ത് വഞ്ചിക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് മാർട്ടിൻസ് എന്ന് ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |