SignIn
Kerala Kaumudi Online
Thursday, 15 October 2026 11.30 AM IST

'ഇന്ത്യൻ യുവാവിനെ വിവാഹം കഴിക്കാനെത്തിയ റഷ്യൻ സുന്ദരി'; വൈറൽ പ്രണയകഥയിൽ ട്വിസ്റ്റ്, സത്യാവസ്ഥ പുറത്ത്

namit
നമിത്, ആൻഡ്രിയ

പാട്‌ന: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒരു വിദേശയുവതിയും ഇന്ത്യൻയുവാവും തമ്മിലുള്ള പ്രണയ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. റഷ്യക്കാരിയായ യുവതി ഇന്ത്യയിലെത്തിയത് ബീഹാർ സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാനാണെന്ന തരത്തിലുള്ള കഥകളാണ് പുറത്തുവന്നത്. ഇരുവരുടെയും ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിച്ചിരുന്നു. അത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ഭഗൽപൂർ‌ സ്വദേശിയായ രാഹുലെന്ന യുവാവ്, ജോലിക്കായി റഷ്യയിലെത്തിയെന്നും അവിടെവച്ച് ജൂലിയെന്ന യുവതിയുമായി പ്രണയത്തിലാണെന്നുമാണ് പ്രചാരണം. രാഹുലിനെ വിവാഹം കഴിക്കാനായാണ് ജൂലി ഇന്ത്യയിലെത്തിയതെന്നും നവംബറിൽ വിവാഹം നടക്കുമെന്നുമായിരുന്നു വാർത്തകൾ. ഒരു വീടിന് മുന്നിൽകൂടി കൈയിൽ പൂക്കളുമായി യുവാവിനൊപ്പം നടന്നുപോകുന്ന വിദേശവനിതയുടെ വീഡിയോയാണ് പ്രചരിക്കപ്പെട്ടത്. സാധാരണക്കാരനായ യുവാവും റഷ്യൻ യുവതിയും തമ്മിലുള്ള പ്രണയകഥയെന്ന രീതിയിൽ പ്രചരിച്ച ഈ വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.

വീഡിയോയിൽ കാണുന്ന യുവാവ് യഥാർത്ഥത്തിൽ ഭഗൽപൂർ സ്വദേശിയായ രാഹുലല്ലെന്നും പൂർണിയ ജില്ലക്കാരനായ നമിത് ആണെന്നുമാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിലെ വിദേശവനിത റഷ്യക്കാരിയായ ജൂലിയുമല്ല. ബ്രിട്ടീഷ് സന്നദ്ധ സംഘടനയായ ശിവിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനെത്തിയ ആൻഡ്രിയ കനോലിയാണ് വീ‌ഡിയോയിലുള്ളത്. പ്രാദേശിക സംഘടനയായ സാഥിയുമായി ബന്ധപ്പെട്ടാണ് ഇവരുടെ പ്രവർത്തനങ്ങൾ.

പ്രദേശത്ത് നടപ്പാക്കുന്ന പദ്ധതികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായെത്തിയ ആറംഗ വനിതാ സംഘത്തിൽ ഒരാളായിരുന്നു ആൻഡ്രിയ. പ്രദേശവാസികൾ പൂചെണ്ടുകൾ നൽകിയാണ് ഇവരെ ഗ്രാമത്തിലേക്ക് സ്വീകരിച്ചത്. ഗ്രാമവാസികൾക്കൊപ്പം നമിതും ഉണ്ടായിരുന്നു. ഈ രംഗങ്ങളാണ് തെറ്റായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടത്. യുവാവ് നൽകിയ പൂക്കളാണ് വിദേശവനിതയുടെ കൈകളിലുള്ളതെന്ന തരത്തിലായിരുന്നു പ്രചാരണം.

അതേസമയം, ചിത്രങ്ങൾ തെറ്റായി പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രാദേശിക സംഘടനയായ സാഥി. വസ്‌തുതകൾ പരിശോധിക്കാതെ വാർത്തകൾ പ്രസിദ്ധീകരിച്ച മാദ്ധ്യമസ്ഥാപനങ്ങൾക്കെതിരെയും സംഘടന വിമർശനം ഉന്നയിച്ചു. മതിയായ പരിശോധന നടത്താതെയാണ് പല മാദ്ധ്യമങ്ങളും വാർത്തകൾ റിപ്പോർട്ട് ചെയ്‌തതെന്നും ഇത് ബന്ധപ്പെട്ട സംഘടനയുടെ പ്രവർത്തനത്തിനും ഇന്ത്യയുടെ പ്രതിഛായയ്‌ക്കും കളങ്കം സൃഷ്‌ടിച്ചെന്നും അവർ വ്യക്തമാക്കി.

English Summary

A viral love story claiming a Russian woman travelled to Bihar to marry an Indian man has been debunked. The video features Purnia resident Namit and British NGO associate Andrea Connolly, not Rahul and Julie.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAKE LOVE STORY, FACT CHECK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360