ആലപ്പുഴ: കയർ മേഖലയിലെ അവഗണനയും വേതനവർദ്ധന നടപ്പാക്കുന്നതിലെ കാലതാമസവും തൊഴിൽ സുരക്ഷയില്ലായ്മയും ഉയർത്തി കയർ ഫാക്ടറി തൊഴിലാളികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്. സി.ഐ.ടി.യു യൂണിയനകളുടെ സംയുക്ത പ്രവർത്തകയോഗത്തിന്റേതാണ് തീരുമാനം. ജില്ലയിലെ പരമ്പരാഗത വ്യവസായ മേഖലയിൽ തൊഴിലും വരുമാനവും പ്രതിസന്ധിയിലായിരിക്കെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കയർ വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായ ആലപ്പുഴയിൽ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് കയർ മേഖല. എന്നാൽ, തൊഴിൽദിനങ്ങളുടെ കുറവ്, കൂലി തർക്കങ്ങൾ, ഉൽപാദന മേഖലയിലെ പ്രതിസന്ധികൾ എന്നിവ തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. നവംബർ മൂന്നിന് എസ്.എൽ പുരത്ത് സമരപ്രഖ്യാപന കൺവൻഷൻ ചേരും.
കയർ വ്യവസായത്തെ സംരക്ഷിക്കാൻ 500 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായത്തിന്റെ ആധുനികവത്കരണം, വിപണന സാധ്യതകളുടെ വിപുലീകരണം, തൊഴിലാളികൾക്ക് സ്ഥിരമായ തൊഴിൽ ലഭ്യമാക്കൽ എന്നിവയ്ക്കായി സമഗ്ര പദ്ധതി വേണമെന്ന ആവശ്യവും അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. തൊഴിലാളികളുടെ ആവശ്യങ്ങൾ
ദീർഘകാല തൊഴിൽ കരാർ പുതുക്കുക, ഇ.എസ്.ഐ പരിധി ഉയർത്തുക,
എല്ലാ തൊഴിലാളികക്കും വേരിയബിൾ ഡി.എയുടെ അടിസ്ഥാനത്തിൽ കൂലി ഉറപ്പാക്കുക, സംഘങ്ങൾക്ക് പ്രവർത്തന മൂലധനവും ഗ്രാന്റും അനുവദിക്കുക
കയർ ചകിരി ലഭ്യത ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
കരാർ പുതുക്കലിൽ അനിശ്ചിതത്വം
1.കയർ മേഖലയിലെ തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് കൂലി വർദ്ധനയാണ്. പ്രഖ്യാപിച്ച വേതനവർധനയിൽ സർക്കാർ വിഹിതം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്
2.പ്രതിദിനം 350 രൂപ കൂലി ലഭിച്ചിരുന്ന തൊഴിലാളികൾക്ക് 50 രൂപ വർധന വരുത്താൻ ധാരണയുണ്ടായിരുന്നു. ഇതിൽ 25 രൂപ സംഘവും 25 രൂപ സർക്കാരും നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ സർക്കാർ വിഹിതം ലഭിക്കാത്തതിനാൽ വർദ്ധന പൂർണമായി നടപ്പായില്ല
3.കയർ ഫാക്ടറി തൊഴിലാളികളുടെ ദീർഘകാല തൊഴിൽ കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും പുതുക്കൽ നടപടികൾ നീളുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം.കരാർ പുതുക്കൽ വൈകുന്നത് തൊഴിലാളികളുടെ തൊഴിൽ സുരക്ഷയെയും വരുമാന ആസൂത്രണത്തെയും ബാധിക്കുന്നു.
4. സ്ഥിരം തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും വ്യക്തമായ സേവനവ്യവസ്ഥകൾ ഉറപ്പാക്കണമെന്നും താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |