SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.16 AM IST

പറവൂർ പോരിന് വീര്യം കൂടുന്നു അട്ടിമറിക്കാൻ എൽ.ഡി.എഫ്: ആശങ്കയില്ലാതെ യു.ഡി.എഫ്

d

കൊച്ചി: പ്രതിപക്ഷ നേതാവായ വി.ഡി. സതീശനെ തോൽപ്പിക്കാൻ വഴിതേടുകയാണ് എൽ.ഡി.എഫും എൻ.ഡി.എയും എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള ചെറുപാർട്ടികളും. ടി.ടി. ടൈസണാണ് എൽ.ഡി.എഫ് എതിരാളി. മുൻകോൺഗ്രസ് നേതാവ് വത്സല പ്രസന്നകുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി. വിജയത്തിൽ തെല്ലും ആശങ്കയില്ലാതെ മുന്നേറുകയാണ് വി.ഡി. സതീശൻ.

സി.പി.ഐ പതിവായി മത്സരിക്കുന്ന മണ്ഡലമാണ് പറവൂർ. ഇക്കുറി ഏറ്റെടുക്കാൻ സി.പി.എം തയ്യാറായിരുന്നു. സതീശനെ എങ്ങനെയും തോൽപ്പിക്കുകയെന്ന ലക്ഷ്യമാണ് ഏറ്റെടുക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. വിട്ടുകൊടുക്കാൻ സി.പി.ഐ തയ്യാറായില്ല. എങ്കിലും ശക്തമായ പ്രചാരണമാണ് എൽ.ഡി.എഫ് നടത്തുന്നത്.

വിജയിക്കുമെന്നതിൽ വി.ഡി. സതീശനോ യു.ഡി.എഫിനോ തെല്ലും ആശങ്കയില്ല. പതിവുപോലെ ഭൂരിപക്ഷം വർദ്ധിക്കുമെന്നാണ് ആത്മവിശ്വാസം. മണ്ഡലത്തിൽ മുഴുവൻ സ്ഥാനാർത്ഥികളുമെത്തി. പ്രതിപക്ഷ നേതാവെന്ന നിലയിൽ സംസ്ഥാനം മുഴുവൻ പ്രചാരണം നടത്താൻ പോകുന്നതിനാൽ പ്രവർത്തകർ ഭവനസന്ദർശനം ഉൾപ്പെടെ പ്രവർത്തനങ്ങളുമായി ശക്തമായ പ്രചാരണമാണ് തുടരുന്നത്. പതിവിലും വലിയ പിന്തുണ ലഭിക്കുന്നതായി യു.ഡി.എഫ് പറയുന്നു.

സമീപജില്ലയായ തൃശൂരിലെ കയ്‌പമംഗലം എം.എൽ.എയായ ടൈസൺ മണ്ഡലം നിറയുന്ന പ്രചാരണമാണ് നടത്തുന്നത്. മണ്ഡലം മുഴുവൻ ഒന്നിലേറെ തവണ പര്യടനം നടത്തി. പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചുകഴിഞ്ഞു. രാഷ്ട്രീയ വിഷയങ്ങൾ, എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ, തുടർഭരണം തുടങ്ങിയ വിഷയങ്ങളും മണ്ഡലം അർഹമായ വികസനം നേടിയിട്ടില്ലെന്നതും വിവരിച്ചാണ് എൽ.ഡി.എഫിന്റെ പ്രചാരണം മുന്നേറുന്നത്.

പറവൂർ മുനിസിപ്പിൽ ചെയർപേഴ്സണും ദീർഘകാലം കോൺഗ്രസ് നേതാവുമായിരുന്ന വത്സല പ്രസന്നകുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് വത്സല മത്സരിക്കുന്നത്. ബി.ജെ.പിക്കും ബി.ഡി.ജെ.എസിനും വോട്ടുള്ള പറവൂരിൽ പതിവിലേറെ പ്രതീക്ഷ എൻ.ഡി.എയ്‌ക്കുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ നേതാക്കൾ പറവൂരിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു.

ആദ്യം തോൽവി: പിന്നെ തുടർജയം

നെട്ടൂർ സ്വദേശിയായ വി.ഡി സതീശൻ 1996ൽ പറവൂരിലെ ആദ്യമത്സരത്തിൽ മാത്രമാണ് തോറ്റത്. സി.പി.ഐയുടെ പി. രാജുവാണ് വിജയിച്ചത്. പറവൂരിൽ താമസമാക്കി സജീവമായ അദ്ദേഹം 2001ൽ പി. രാജുവിനെ തോൽപ്പിച്ച് ആദ്യജയം സ്വന്തമാക്കി. 2011ൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനെ 11,349 വോട്ടിന് തോൽപ്പിച്ചു. 2016ൽ പി.കെ.വാസുദേവൻ നായരുടെ മകൾ ശാരദ മോഹനെ 20,634 വോട്ടിനും തോൽപ്പിച്ചു. 2021ൽ എം.ടി.നിക്‌സണെ തോൽപ്പിച്ചപ്പോൾ ഭൂരിപക്ഷം 21,301 വോട്ടായി.

വോട്ടുനില 2021

വി.ഡി. സതീശൻ 82,264

എം.ടി. നിക്‌സൺ 60,936

എ.ബി. ജയപ്രകാശ് 12,964

എനിക്കെതിരെ സി.പി.എം നിർബന്ധിച്ച് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ നിറുത്തി. എന്നെ കുഴിച്ച് മൂടുമെന്നാണ് എസ്.ഡി.പി.ഐ പറഞ്ഞത്. രാഷ്ട്രീയ വനവാസത്തിന് അയയ്ക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. അതെല്ലാം ആസ്വദിച്ചാണ് ഞാൻ മത്സരിക്കുന്നത്.

വി.ഡി. സതീശൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, PARAVOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL