
നെല്ലാട് വാളകം റോഡിൽ യാത്രാദുരിതം
കോലഞ്ചേരി: എം.സി റോഡിന് ബദലായി മണ്ണൂരിൽ നിന്ന് വാളകം പെരുവഴി വഴി രാമമംഗലത്തേക്കും ഏറ്റുമാനൂരിലേക്കും നൂറുകണക്കിന് വാഹനങ്ങളും നാല് സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന നെല്ലാട് വാളകം റോഡിലെ പുളിക്കായത്ത് പാലം പൊളിച്ചിട്ട് അഞ്ചുമാസം. എന്നിട്ടും ഗതാഗതദുരിതത്തിന് പരിഹാരമായില്ല. പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ നാട്ടുകാരിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
പാലത്തിന് സമീപം താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നെല്ലാട് ജംഗ്ഷനിൽ നിന്ന് 300 മീറ്റർ മാത്രം അകലെയുള്ള പാലത്തിന്റെ അക്കരെയുള്ളവർക്ക് ദൈനംദിന ആവശ്യങ്ങൾക്കായി നെല്ലാട്ടിലെത്താൻ ഏകദേശം രണ്ടര കിലോമീറ്റർ പഞ്ചായത്ത് റോഡുകളിലൂടെ ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യമാണ്.
അതേസമയം, പാലത്തിന്റെ സ്ലാബ് വർക്ക് കഴിഞ്ഞയാഴ്ച പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഇനി അപ്രോച്ച് റോഡുകളുടെ നിർമ്മാണവും അനുബന്ധ ജോലികളും പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കേണ്ടതുണ്ട്. എന്നാൽ ഇതെപ്പോൾ സാദ്ധ്യമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതാണ് നാട്ടുകാരുടെ ആശങ്കയ്ക്ക് കാരണം.
പ്രദേശവാസികളുടെ ആശങ്ക വർദ്ധിക്കുന്നു
ദിവസേന സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന വിദ്യാർത്ഥികൾ, നെല്ലാട് കിൻഫ്ര പാർക്ക് ജീവനക്കാർ, മൂവാറ്റുപുഴയിലേക്കും സമീപപ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന തൊഴിലാളികൾ എന്നിവർ കൂടുതൽ ദുരിതമനുഭവിക്കുകയാണ്. പാലം പൊളിച്ചതിനെ തുടർന്ന് തോട് മുറിച്ചുകടക്കാൻ താത്കാലിക ഇടവഴി ഒരുക്കിയിട്ടുണ്ടെങ്കിലും മഴ ശക്തമായാൽ ഇത് വെള്ളത്തിനടിയിലാകും. കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികളുടെ ആശങ്ക വർദ്ധിക്കുന്നു.
സുരക്ഷാ സംവിധാനങ്ങളില്ല
പാലം അടച്ചതോടെ അക്കരെ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ വരവ് കുറഞ്ഞു. അതിനാൽ നെല്ലാട് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്കും തിരിച്ചടിയേറ്റു. വില്പനയിൽ ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ പറയുന്നു. വാഹനങ്ങൾക്കായി വഴിതിരിച്ചുവിടൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആവശ്യമായ ദിശാസൂചിക ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്. പെരുമ്പാവൂർ, നെടുമ്പാശേരി, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകുന്ന പലവാഹനങ്ങളും വഴിതെറ്റുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങൾ തിരിച്ചുവിടുന്ന മഞ്ചനാട് ചെറുനെല്ലാട് എം.എൽ.എ റോഡിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ അപകടസാദ്ധ്യതയും വർദ്ധിച്ചു.
പാലം പൊളിക്കുമ്പോൾ കുറച്ച് മാസങ്ങൾക്കുള്ളിൽ പണിതീരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അഞ്ചുമാസം കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതത്തിന് അറുതിയില്ല. അടിയന്തരമായി പണി പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
സി.കെ. വിനോദ് കുമാർ,
പൊതുപ്രവർത്തകൻ, നെല്ലാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |