ആലപ്പുഴ: ആറാട്ടുപുഴ, കള്ളിക്കാട് പ്രായപൂർത്തിയാകാത്ത, 75 ശതമാനം കാഴ്ചശക്തിയില്ലാത്ത, ഹൃദ്രോഗമുള്ള പെൺകുട്ടിക്ക് നേരെ തിരുവനന്തപുരം കുമാരപുരത്തുള്ള റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന ക്രൂര മർദ്ദനത്തിൽ തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴിയെടുത്തു. പഠനാവശ്യത്തിന്റെ മുന്നൊരുക്കം എന്ന നിലയിലാണ് റീഹാബിലിറ്റേഷൻ സെന്ററിൽ മകളെ അമ്മ കൊണ്ട് ചെന്നാക്കിയത്. പാടാൻ കഴിവുള്ളതിനാൽ അടുത്ത വർഷം സംഗീത കോളേജിൽ അഡ്മിഷൻ എടുക്കണമെന്ന മോഹമുണ്ടായിരുന്നു.
മത്സ്യത്തൊഴിലാളിയായ പിതാവിന്റെ ആകസ്മിക വിയോഗത്തിന്റെ വേദനയിലായിരുന്ന കുട്ടിയെ സ്വയം പര്യാപ്തയാക്കുന്നതിനാണ് ഭിന്നശേഷിക്കാരെ പരിചരിക്കുന്ന അഭയകേന്ദ്രത്തിലാക്കിയത്.
എന്നാൽ, പെൺകുട്ടിക്ക് മാനസികവും ശാരീരികവുമായ കൊടിയ പീഡനം അഭയകേന്ദ്രത്തിൽ അനുഭവിക്കേണ്ടിവന്നതെന്ന് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാഴ്ചയില്ലാത്ത കുട്ടിയുടെ കരണത്ത് അടിച്ചതിനു ശേഷം മുടിക്ക് കുത്തിപ്പിടിച്ച് പടികളിലൂടെ വലിച്ചു താഴെ ഇട്ടതായും, കൈകാലുകൾ ബന്ധിച്ച് കട്ടിലിൽ കമിഴ്ത്തി ഇട്ടതായും കുട്ടി അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. മകളെ ക്രൂരമായി മർദ്ദിച്ചതിനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും കേസ് ചാർജ് ചെയ്തു കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. പെൺകുട്ടിക്കെതിരെ നടന്ന അതിക്രമത്തിനെതിരെയും, സ്ഥാപനത്തെപ്പറ്റിയും സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യനീതി വകുപ്പ്, ജില്ലാകളക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് സാമൂഹ്യപ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |