SignIn
Kerala Kaumudi Online
Saturday, 13 June 2026 3.14 AM IST

ലഹരിക്കായി ലോക്കപ്പിൽ അക്രമാസക്തനായി മോഷ്ടാവ്

savuk

കൊച്ചി: റെയിൽവേ സ്റ്റേഷൻ യാ‌ർഡിൽ നിന്ന് മോഷണ വസ്തുക്കളുമായി അറസ്റ്റിലായ പ്രതി രാത്രി ആർ.പി.എഫ് കസ്റ്റഡിയിൽ ലഹരി ആംപ്യൂൾ ആവശ്യപ്പെട്ട് അക്രമാസക്തനായി. ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിന്റെ വടക്ക് ഭാഗത്ത് നിന്ന് റെയിൽവേ വക ഇരുമ്പ് സാധനങ്ങളുമായി ആർ.പി.എഫ് പിടികൂടിയ ഒഡീഷ ഭദ്രക്ക് സ്വദേശി ഗണേഷ് കുമാർ സവുക്ക്‌വറാണ് (36) എറണാകുളം നോർത്ത് ആർ.പി.എഫ് ലോക്കപ്പിൽ മയക്കുമരുന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടിയത്. ലഹരി കുത്തിവെയ്പ്പിനുള്ള ആംപ്യൂളുകൾ വാങ്ങാൻ വേണ്ടിയാണ് മോഷണമെന്ന് പ്രതി കുറ്റസമ്മത മൊഴി നൽകി.

ഇടപ്പള്ളി സ്റ്റേഷൻ യാ‌ർഡിൽ നിന്ന് ആക്രിസാധനങ്ങൾ വ്യാപകമായി മോഷണം പോയതിനെ തുടർന്ന് ആർ.പി.എഫ് ഇൻസ്പെക്ടർമാരായ വിനോദ് നായർ, ബിനോയ് ആന്റണി, എ.എസ്.ഐ പി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള നിരീക്ഷണത്തിൽ വെള്ളിയാഴ്ച രാത്രിയാണ് 6 കിലോ ഇരുമ്പ് വളയങ്ങളുമായി ഇയാൾ പിടിയിലായത്. അറസ്റ്റിന് വഴങ്ങിയ പ്രതി രാത്രി വൈകി ലോക്കപ്പിൽ കിടന്നതോടെ ലഹരി ആവശ്യപ്പെട്ട് അക്രമാസക്താനാവുകയും ബഹളം കൂട്ടുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം കുത്തിവെയ്പ്പിന്റെ പാടുകൾ കണ്ടെത്തിയത്.

രണ്ട് കൊല്ലം മുമ്പ് അന്യസംസ്ഥാന തൊഴിലാളിയായി ആലുവയിലെത്തിയ ഇയാൾ ലഹരിക്ക് അടിപ്പെട്ടതോടെ ആരും ജോലി നൽകാതെയായി. തുടർന്നാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. റെയിൽവേ പാളങ്ങൾ സ്ലീപ്പറുമായി ബന്ധിപ്പിക്കുന്ന വളയങ്ങൾ കടത്തിക്കൊണ്ടുപോയി ആലുവയിലെ ആക്രിക്കടകളിലാണ് വിൽക്കുന്നത്. ഈ പണം ഉപയോഗിച്ച് ആംപ്യൂളുകൾ വാങ്ങി കുത്തിവെയ്ക്കും.

പ്രതിയെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കി കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. ഇതിന് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയിലും ദേഹത്ത് കുത്തിവെയ്പിന്റെ പാടുകൾ ഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL