SignIn
Kerala Kaumudi Online
Saturday, 13 June 2026 3.16 AM IST

മുനമ്പം ഹാർബർ നവീകരണം: ചർച്ച നടത്തി കളക്ടർ

munampam

കൊച്ചി: മുനമ്പം ഫിഷിംഗ് ഹാർബറിനെ സ്മാർട്ട് ഗ്രീൻ സൗകര്യങ്ങളോടെ നവീകരിക്കുന്നതിനുള്ള പുതുക്കിയ പദ്ധതിരേഖ ഒരു മാസത്തിനകം സമർപ്പിക്കാൻ നിർദ്ദേശം. ഡി.പി.ആർ തയ്യാറാക്കുന്നതിന് മുന്നോടിയായി കോഴിക്കോട് എൻ.ഐ.ടിയിലെ വിദഗ്ധരുമായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ചർച്ച നടത്തി. തുടർന്നാണ് പദ്ധതിരേഖ സമർപ്പിക്കാൻ വിദഗ്ദ്ധർക്ക് നിർദ്ദേശം നൽകിയത്.

ഹാർബർ എൻജിനിയറിംഗ് വകുപ്പ് ഇതിനാവശ്യമായ പുതുക്കിയ എസ്റ്റിമേറ്റും തയ്യാറാക്കണം. മത്സ്യബന്ധന യാനങ്ങളുടെ സഞ്ചാരവും വിപണനവും നിരീക്ഷിക്കാൻ സംയോജിത ഡാഷ്‌ബോർഡ് സംവിധാനം പദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

200 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര കയറ്റുമതി നിലവാരത്തിലേക്ക് ഹാർബറിനെ ഉയർത്തുകയാണ് ലക്ഷ്യം. കൊച്ചി ഹാർബർ മാതൃകയിൽ 12 മീറ്റർ വീതിയുള്ള റോഡുകൾ, വൻകിട വാഹനങ്ങൾക്കായി മൾട്ടിലെവൽ പാർക്കിംഗ് എന്നിവ ഒരുക്കും. ആധുനിക മാലിന്യ സംസ്‌കരണ സംവിധാനങ്ങളോടെ 'ഗ്രീൻ സ്മാർട്ട് ഹാർബർ' ആയിട്ടായിരിക്കും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക.

നാവിക സുരക്ഷയ്ക്കായി പുതിയ സിഗ്‌നൽ സ്റ്റേഷനും സ്ഥാപിക്കും. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന, സാഗർമാല പദ്ധതികളിൽ നിന്ന് ധനസഹായം ഉറപ്പാക്കാൻ ഒരു മാസത്തിനകം ഹാർബറിന്റെ 3ഡി പ്രോജക്ട് മോഡൽ തയ്യാറാക്കും. ഫിഷറീസ് ജോയിന്റ് ഡയറക്ടർ ആശ അഗസ്റ്റിൻ, എൻ.ഐ.ടി കാലിക്കറ്റ് പ്രതിനിധികൾ, ഫിഷറീസ്, ഹാർബർ എൻജിനിയറിംഗ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL