
കൊച്ചി: വിദേശബന്ധമുള്ള ക്രിപ്റ്റോകറൻസി സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. കൊച്ചിയും പാലക്കാടും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലിബർട്ടാസ് ബ്ലോക്ക് ചെയിൻ ഡെവലപ്മെന്റ് ആൻഡ് ട്രെയിനിംഗ് സ്ഥാപന ഡയറക്ടർ കോട്ടയം കല്ലൂർ പുതുശേരിത്തറയിൽ പി.വി. പ്രശാന്താണ് (42) എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടു.
ലിബർട്ടാസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റാൻലി സൈമൺ, ഭാര്യ സീനത്ത് സ്റ്റാൻലി, ഡയറക്ടർ പി.രമേശ്, ജീവനക്കാരൻ ശിവദാസൻ എന്നിവർ ജൂൺ ആദ്യവാരം പിടിയിലായിരുന്നു. അഞ്ചാംപ്രതിയായ പ്രശാന്തിന്റെ കല്ലൂരിലെ വീട്ടിൽ കൊച്ചി പൊലീസ് റെയ്ഡുകൾ നടത്തിയെങ്കിലും കിട്ടിയില്ല.
ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രശാന്തിന്റെ അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലിബർട്ടാസിലൂടെ ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കുന്നവർക്ക് വൻ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. പദ്ധതിയിൽ അംഗങ്ങളാകുന്നവർ മണിചെയിൻ മാതൃകയിൽ ആൾക്കാരെ ചേർത്താൽ കൂടുതൽ ലാഭവിഹിതവും വാഗ്ദാനം ചെയ്തു. ഇത് വിശ്വസിച്ച് 56.91 ലക്ഷം രൂപ മുതൽമുടക്കി പണം നഷ്ടപ്പെട്ട പാലക്കാട് സ്വദേശി എം. വിശ്വനാഥ് നൽകിയ പരാതിയിലാണ് നോർത്ത് പൊലീസ് കേസെടുത്തതും പ്രതികൾ പിടിയിലായതും.
ക്രിപ്റ്റോകറൻസി ഇടപാടിനെന്ന പേരിൽ നിക്ഷേപമായി സ്വീകരിക്കുന്ന തുക വിദേശരാജ്യങ്ങളിലേക്കാണ് പോയിരുന്നതെന്നും കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകളാണ് നടന്നതെന്നും തുടരന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ പ്രവാസിമലയാളികളും വിദേശികളും പ്രതി പട്ടികയിലുണ്ട്. കലൂരിലെ ചമ്മണി ടവേഴ്സിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പൊലീസ് റെയ്ഡ് ചെയ്തു അടച്ചു പൂട്ടിയിരുന്നു. എറണാകുളം നോർത്ത് എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റിലായ സ്റ്റാൻലി, രമേശ്, ശിവദാസൻ എന്നിവർക്ക് കഴിഞ്ഞയാഴ്ച മാത്രമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |