
ആലുവ: ബേക്കറി ഉടമ അറിയാതെ ക്യു ആർ കോഡ് മാറ്റിയൊട്ടിച്ച് അജ്ഞാതൻ 40,000 രൂപ തട്ടിയെടുത്തതായി പരാതി. ചൂർണിക്കര മുട്ടം ഭാഗത്ത് മെട്രോ പില്ലർ 174ന് സമീപം ബിസ്മി ബേക്കറി നടത്തുന്ന കളമശേരി ഐ.ടി.ഐ റോഡിൽ അൻജകുളം വീട്ടിൽ നൂറുദ്ദീനാണ് ആലുവ പൊലീസിൽ പരാതി നൽകിയത്.
ബേക്കറിക്ക് മുന്നിലെ ചില്ല് അലമാരയിൽ ഒട്ടിച്ചിരുന്ന ക്യു ആർ കോഡിന് മുകളിൽ അജ്ഞാതൻ സ്വന്തം ക്യു ആർ കോഡ് പതിപ്പിച്ച് കഴിഞ്ഞ 16ന് രാത്രി ഒമ്പത് മുതൽ 19ന് വൈകിട്ട് നാല് വരെയുള്ള സമയത്താണ് പണം തട്ടിയെടുത്തത്. രണ്ട് ദിവസങ്ങളിലായി ഉപഭോക്താക്കൾ ഗൂഗിൾ പേ മുഖേന നൽകിയ തുക തന്റെ അക്കൗണ്ടിൽ വന്നിട്ടില്ലെന്ന് ബോദ്ധ്യമായതിനെ തുടർന്നാണ് ക്യൂ ആർ കോഡ് ശ്രദ്ധിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ ക്യു കോഡ് പതിപ്പിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ മാർച്ചിൽ സമാനമായ സാഹചര്യം ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലും ഉണ്ടായി. പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിൽ പതിപ്പിച്ചിരുന്ന ഔദ്യോഗിക ക്യൂ ആർ കോഡിന് മുകളിൽ 'അജ്ഞാതൻ" സ്വന്തം ക്യൂ ആർ കോഡ് പതിച്ച് 15,000 രൂപ തട്ടിയെടുത്തിരുന്നു. ആലുവ പൊലീസിൽ പരാതി നൽകിയെങ്കിലും ആളെ പിടികൂടാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |