SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.14 AM IST

ചേരാനല്ലൂർ അപകടം: കുടുംബത്തിന് ഐക്യദാർഢ്യം, പൊലീസിനെതിരെ പ്രതിഷേധം

accident

കൊച്ചി: ജഡ്‌ജിപുത്രൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച ചിറ്റൂർ സ്വദേശി ജയബാലകൃഷ്‌ണന്റെ മക്കൾ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ ആരംഭിച്ച ധർണയ്ക്ക് ഐക്യദാർഢ്യവും പിന്തുണയും പൊലീസിനെതിരെ പ്രതിഷേധവുമായി പാർട്ടികളും യുവജന സംഘടനകളും രംഗത്തെത്തി.

പ്രതി ജഡ്ജിയുടെ മകനാണെന്നറിഞ്ഞതു മുതൽ പൊലീസ് സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. ജഡ്‌ജിയെയും 17കാരനായ മകനെയും സംരക്ഷിക്കാൻ പൊലീസ് ഒത്താശ ചെയ്തു.
പദവിയും സാമ്പത്തികശേഷിയും ഉപയോഗിച്ച് എന്തുമാകാമെന്ന അപകടകരമായ ചിന്താഗതിയാണ് തെളിയുന്നത്. പണമുള്ളവനും പണമില്ലാത്തവനും ഇരട്ട നീതിയാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുന്ന ജയബാലകൃഷന്റെ മക്കളെ സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ സന്ദർശിച്ചു.

ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ഷമീർ മാഞ്ഞാലി, ജില്ലാ സെക്രട്ടറി നൗഷാദ് എൻ.കെ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷാനവാസ് പുതുക്കാട്, ഷിഹാബ് പടന്നാട്ട്, ജില്ലാ കമ്മിറ്റി അംഗം സഈദ് വാഴക്കുളം തുടങ്ങിയവർ സ്റ്റേഷനിലെത്തി.

വി.ഡി. സതീശൻ സർക്കാർ കുറ്റക്കാർക്കെതിരെ ഇരട്ട സമീപനമാണ് സ്വീകരിക്കുന്നത്. നിയമം നടപ്പാക്കേണ്ടവർ നിയമത്തിന് മുകളിലാണ് തങ്ങളെന്ന് ധാർഷ്ട്യം പുലർത്തുന്നു. നീതി ലഭിക്കേണ്ട കുടുംബത്തിനെ വിളിക്കാൻ പോലും ആഭ്യന്തരമന്ത്രിയോ മന്ത്രിമാരോ തയ്യാറായില്ല. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയ മാതാപിതാക്കൾക്കും വഴിവിട്ട് സഹായിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടികൾ സ്വീകരിച്ച് ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം

എസ്. സതീഷ്

സി.പി.എം ജില്ലാ സെക്രട്ടറി

ജഡ്ജിയെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയനാക്കണം. ക്രമസമാധാനനിലയും സമീപകാലത്തെ ഗുരുതരമായ സംഭവങ്ങളിലെ പൊലീസ് നടപടികളും സർക്കാർ സമഗ്രമായി വിലയിരുത്തണം. വീഴ്ചകൾ പരിശോധിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും കുറ്റവാളികൾക്ക് നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാൻ കഴിയാത്തവിധം അന്വേഷണവും പ്രോസിക്യൂഷനും ശക്തിപ്പെടുത്തുകയും വേണം

എൻ. അരുൺ

സി.പി.ഐ ജില്ലാ സെക്രട്ടറി

എ.ഐ.വൈ.എഫ് മാർച്ച്

കേസ് അട്ടിമറിച്ച ഉദ്യോസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മാർച്ച് നടത്തി. പ്രതിയെയും ജഡ്ജിയായ പിതാവിനെയും സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ. റെനീഷ് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് റോക്കി ജിബിൻ ആദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.സി. സൻജിത്ത്, വി.എസ് സുനിൽകുമാർ, കെ.പി ഷിജു, മനു രാജ്, ഋഷികേഷ്, പി.ജെ. ജോർജ്, ഷമീർ പീറ്റർ, സ്റ്റാൻലി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL