SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

പദവിയിലേക്ക് പേര് എഴുതിവാങ്ങി നേതൃത്വം: കാസർകോട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അന്തിമ പ്രഖ്യാപനം പിന്നീട്

bjp

കാസർകോട്:ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. വോട്ടവകാശമുള്ള ഭാരവാഹികളിൽ നിന്ന് പ്രസിസന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ യോഗ്യതയുള്ള നേതാവിന്റെ പേരെഴുതി വാങ്ങുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്.സംസ്ഥാന ഭാരവാഹി ശ്രീപത്മനാഭന്റെ നേതൃത്വത്തിലുള്ള മൂന്ന് നേതാക്കളാണ് നിരീക്ഷകരായി കാസർകോട് എത്തിയത്.

നിലവിലുള്ള കാസർകോട് ജില്ലാ പ്രസിഡന്റ് രവിശ തന്ത്രി കുണ്ടാർ, മുൻ ജില്ലാ പ്രസിഡന്റും നിലവിൽ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.കെ.ശ്രീകാന്ത്. ജില്ലാ ജനറൽ സെക്രട്ടറി എം. വേലായുധൻ എന്നിവരിൽ ഒരാളെയാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രവർത്തകരുടെ അഭിപ്രായം കണക്കിലെടുത്ത് ഭൂരിപക്ഷം പിന്തുണ കിട്ടുന്ന ഇവരിൽ ആരെങ്കിലും ഒരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രഖ്യാപിച്ചേക്കും. ജില്ലയിൽ നിന്നുള്ള ദേശീയ ഭാരവാഹികൾ, ദേശീയ നിർവ്വാഹക സമിതി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, സംസ്ഥാന സമിതി അംഗങ്ങൾ, യുവമോർച്ച, മഹിളാ മോർച്ച, കർഷക മോർച്ച ജില്ലാ ഭാരവാഹികൾ തുടങ്ങി 70 ഓളം പേർക്കായിരുന്നു ജില്ലാ പ്രസിഡന്റിനെ നിർദ്ദേശിക്കാൻ അവകാശമുള്ളത്. ജില്ലയിൽ നിന്ന് ഭൂരിഭാഗം പേരും നിർദേശിച്ചവരുടെ പേര് വിവരം നിരീക്ഷകൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തിന് ശേഷമാകും അന്തിമ പ്രഖ്യാപനം.

സംഘടനാപ്രശ്നങ്ങൾ ഏറെ

സംസ്ഥാനത്ത് തന്നെ പാർട്ടിക്ക് ഏറ്റവും കൂടുതൽ വേരോട്ടമുള്ള കാസർകോട് ജില്ലയിൽ നിരവധി പ്രശ്നങ്ങളെ തുടർന്ന് സംഘടന പ്രവർത്തനത്തെ ബാധിച്ചിരുന്നു. അഡ്വ. കെ ശ്രീകാന്ത് മാറിയതിനു ശേഷം പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയെങ്കിലും ഫലവത്തായിട്ടില്ല. ശ്രീകാന്തിനെ വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്നവർ പാർട്ടിയിലുണ്ട്. എം.വേലായുധനെ ആർ.എസ്. എസ് നേതൃത്വത്തിന് കൂടി താൽപര്യമുണ്ട്. ജില്ലയിൽ എല്ലാവിഭാഗത്തെയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ ഇതിലൂടെ കഴിയുമെന്നാണ് ആർ.എസ്.എസിന്റെ വിശ്വാസം. എന്നാൽ പദവി ഏറ്റെടുക്കാൻ വേലായുധന് താൽപര്യക്കുറവുണ്ടെന്നും വിവരമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL