SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

സ്ഥലം കണ്ടെത്തലിൽ കുരുങ്ങി ആധുനിക ഫിഷ്‌മാർട്ടുകൾ

ph-1-
തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ധ‌ർമ്മശാലയിൽ മത്സ്യഫെഡ് ആരംഭിച്ച ആധുനിക ഫിഷ് മാർട്ട്

കണ്ണൂർ: അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സാധിക്കാതായതോടെ ജില്ലയിൽ ആധുനിക ഫിഷ്‌മാർട്ട് സ്ഥാപിക്കുന്നത് വൈകുന്നു. 2022-ലാണ് സർക്കാരിന്റെ ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മത്സ്യഫെഡ് മുഖേന 88 ആധുനിക ഫിഷ്‌മാർട്ടുകൾ സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനമുണ്ടായത്. എന്നാൽ മൂന്നുവർഷം പിന്നിടുമ്പോൾ ജില്ലയിൽ ആകെയുള്ളത് മൂന്ന് ഫിഷ്‌മാർട്ടുകൾ മാത്രം. ഇതിൽ പ്രവർത്തിക്കുന്നതാകട്ടെ ഒരെണ്ണവും.

തളിപ്പറമ്പ് മണ്ഡലത്തിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലാണ് നിലവിൽ ജില്ലയിലെ ഏക ഫിഷ്‌മാർട്ട് പ്രവർത്തിക്കുന്നത്. ധർമ്മടം മണ്ഡലത്തിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡിന് മുൻവശത്ത് ഫിഷ്‌മാർട്ട് പ്രവർത്തനം തുടങ്ങിയെങ്കിലും ലാഭമില്ലാത്തതിനാൽ അടച്ചുപൂട്ടി. വിൽപ്പന കുറഞ്ഞ് കച്ചവടം തീർത്തും നഷ്ടത്തിലായതാണ് തിരിച്ചടിയായത്. ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾ മാത്രമാണ് ഇത് തുറന്നു പ്രവർത്തിച്ചത്. മട്ടന്നൂർ നിയോജക മണ്ഡലത്തിലെ ഉരുവച്ചാലിലും ഫിഷ്‌മാർട്ട് തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും നടപ്പിലായില്ല.

ധ‌ർമ്മശാല കോഫി ഹൗസിന് സമീപമാണ് നിലവിൽ ജില്ലയിലെ ഏക ഫിഷ്‌മാർട്ട് പ്രവർത്തികുന്നത്. 20 ലക്ഷം രൂപ ചിലവൊഴിച്ചാണ് ഇവിടെ 2023ൽ ജില്ലയിലെ ആദ്യ ഫിഷ്‌മാർട്ട് ആരംഭിച്ചത്. കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ ഫിഷ്‌മാർട്ടുകൾ ആരംഭിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും യാതൊരു പുരോഗതിയുമില്ല.18 ഓളം സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും അതെല്ലാം ഇറിഗേഷൻ വകുപ്പ്, പി.ഡബ്ല്യ.ഡി തുടങ്ങിയവയുടെ അധീനതയുള്ളതിനാൽ ഏറ്റെടുക്കൽ നടപടികൾ ശ്രമകരമാണത്രെ. സ്ഥലം കണ്ടെത്താൻ സാധിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അധികൃതർ പറഞ്ഞു.

ശുദ്ധവും സുരക്ഷിതവുമായി മത്സ്യം ലഭിക്കും

ശുദ്ധവും സുരക്ഷിതവുമായി മത്സ്യം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാസപദാർത്ഥങ്ങൾ കലർത്താത്ത ശുദ്ധമായ മത്സ്യമാണ് ഫിഷ്‌മാർട്ടുകളിൽ വിൽപ്പനക്കെത്തിക്കുക. പ്രാദേശികതലത്തിൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് മത്സ്യം സംഭരിക്കും. മത്സ്യതൊഴിലാളി സഹകരണ സംഘം വഴിയാണ് ഇവ വാങ്ങുക. ബേസ് സ്റ്റേഷനിൽ ശേഖരിച്ച് തരംതിരിച്ച് വൃത്തിയാക്കി പാക്കറ്റിലാക്കിയാണ് സ്റ്റാളുകളിലെത്തിക്കുക. മത്സ്യത്തിന്റെയും ഉത്പന്നങ്ങളുടെയും ശുചിത്വം, ഗുണമേന്മ, വൈവിദ്ധ്യം എന്നിവയാണ് മുഖമുദ്ര. വിഷരഹിത മത്സ്യം ഉപഭോക്താവിന് ലഭിക്കുന്നതിനോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നതും പദ്ധതിയുടെ നേട്ടമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL