പസഫിക് സമുദ്രത്തിലെ ഭൂമദ്ധ്യരേഖാ പ്രദേശത്ത് ഉപരിതലജലം അസാധാരണമായി ചൂടുപിടിക്കുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ഇതിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാവുന്നു എന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ, എൽ നിനോ കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ ഒരുകൂട്ടം ജനങ്ങളെയും അവരുടെ ജീവിതത്തെയും സ്വാധീനിക്കാൻ പോകുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യയിലെ മത്സ്യബന്ധന സമൂഹങ്ങളുടെ ഉപജീവന മാർഗത്തെ തന്നെ ഇത് വലിയ രീതിയിൽ ബാധിച്ചേക്കും.
പസഫിക് സമുദ്രം ചൂടാകുമ്പോൾ സമുദ്രജലത്തിന്റെ താപനില വർദ്ധിക്കും. ഇത് സമുദ്രത്തിലെ ഉൽപ്പാദനക്ഷമതയെ ബാധിക്കുകയും മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്തുകയും ചെയ്യും. ഇക്കാരണത്താൽ തന്നെ, വിപണിയിൽ ലഭിക്കുന്ന പ്രധാനപ്പെട്ട മത്സ്യയിനങ്ങളുടെ ലഭ്യതയിലും കുറവ് സംഭവിച്ചേക്കാം. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയെ ഈ മാറ്റങ്ങൾ വലിയ രീതിയിൽ ബാധിച്ചേക്കാം.
എൽ നിനോയുടെ ശക്തി കൂടുന്ന സാഹചര്യത്തിൽ വടക്കൻ ഇന്ത്യൻ സമുദ്രത്തിലേക്ക് ചൂട് വ്യാപിക്കും. ഇതോടെ, 2027ൽ മലയാളികളുടെ ഉൾപ്പെടെ പ്രിയപ്പെട്ട മത്സ്യമായ മത്തിയുടെ ലഭ്യത കുറയാൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് കീഴിലുള്ള സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ മത്സ്യലഭ്യത പൂർണമായും തകരുമെന്നതല്ല ഈ മുന്നറിയിപ്പിലൂടെ അർത്ഥമാക്കുന്നത്. മറിച്ച്, എൻ നിനോയുടെ അധികം അറിയപ്പെടാത്ത ഒരു പ്രത്യാഘാതത്തെക്കുറിച്ചാണ് ഇത് വെളിപ്പെടുത്തുന്നത്. സമുദ്ര ഉപരിതലത്തിനടിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നവരെയും കടൽ വിഭവങ്ങളെയും അതിന്റെ ലഭ്യതയെയും വിലയെയും ബാധിച്ചേക്കാം.
മദ്ധ്യകിഴക്കൻ ഉഷ്ണമേഖലയിൽ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം ചൂടാവുന്നത് അന്തരീക്ഷ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു. താപനില വർദ്ധനവ് കാരണം, സമുദ്രത്തിന്റെ ആഴത്തിലുള്ള പാളികളിൽ നിന്ന് പോഷകസമൃദ്ധമായ തണുത്ത വെള്ളം ഉപരിതലത്തിലേക്ക് കൊണ്ടുവരുന്ന പ്രക്രിയയ്ക്ക് തടസമുണ്ടാകുന്നു. ഇതോടെ സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ അടിസ്ഥാനമായ സൂക്ഷ്മജീവികളായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളർച്ച കുറയുകയും തൽഫലമായി മത്സ്യങ്ങൾക്കും മറ്റ് സമുദ്രജീവികൾക്കും ലഭ്യമാകുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു.
ഐസിഇഎസ് ജേണൽ ഓഫ് മറൈൻ സയൻസിൽ 2025 ഡിസംബറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇതുമായി ബന്ധപ്പെട്ട വിഷയം പരാമർശിക്കുന്നുണ്ട്. 1980 മുതൽ 2015 വരെയുള്ള സമുദ്ര - ആവാസവ്യവസ്ഥാ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളും അവ മത്സ്യബന്ധന മേഖലയെ എങ്ങനെ ബാധിച്ചു എന്നതുമാണ് ഇതിൽ പറയുന്നത്.
1982-83, 1997-98 കാലഘട്ടത്തിൽ ശക്തമായ എൽ നിനോ പ്രതിഭാസങ്ങളുണ്ടായി. അസാധാരണമായ താപനില വർദ്ധനവ് കാരണം പ്ലാങ്ക്ടൺ വളർച്ചയ്ക്കുണ്ടായ തടസവും മത്സ്യക്കുഞ്ഞുങ്ങളുടെ ആദ്യകാല ഭക്ഷണ ലഭ്യതാ കുറവും ഉണ്ടായതായി പറയുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ജലജീവികൾ പട്ടിണിയിലാകും എന്നാണ് അർത്ഥമാക്കുന്നത്.
സമുദ്രജലത്തിന്റെ താപനിലയിലുണ്ടാകുന്ന വർദ്ധനവ് ആശങ്ക തന്നെയാണ്. 2026 ജൂലായിൽ, എൽ നിനോ മൂലമുണ്ടാകുന്ന താപനില വർദ്ധനവ് സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളെ തീവ്രമാക്കാനും 2027ൽ മത്തിയുടെ ലഭ്യത കുറയ്ക്കാനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഈ ആഘാതം അടുത്ത വർഷം ഏപ്രിൽ - മേയ് മാസത്തോടെ അനുഭവപ്പെട്ടേക്കാം. മത്തി മാത്രമല്ല, അയലയെയും ഇത് ബാധിക്കുമെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് മുന്നറിയിപ്പ് നൽകി.
മത്സ്യങ്ങൾ അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് ദേശാടനം നടത്തുകയോ, അവയുടെ എണ്ണം കുറയുകയോ, സാധാരണ രീതിയിലുള്ള വളർച്ച കൈവരിക്കാൻ സാധിക്കാതിരിക്കുകയോ ചെയ്തേക്കാം. മാറിക്കൊണ്ടിരിക്കുന്ന സമുദ്ര സാഹചര്യങ്ങൾ മത്തിയെയും അയലയെയും ബാധിക്കുന്നുമെന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2024ൽ ഓഷ്യൻ ആൻഡ് കോസ്റ്റൽ മാനേജ്മെന്റിൽ പ്രസിദ്ധീകരിച്ച പഠനം, 2025ൽ മലബാർ തീരത്തെ ചെറിയ മത്സ്യങ്ങളെക്കുറിച്ച് നടത്തി പഠനം, 1985നും 2023നും ഇടയിൽ മത്തിയുടെയും അയലയുടെയും ലഭ്യതയിലുണ്ടായ മാറ്റം എന്നിവയിലെല്ലാം ഇത് സൂചിപ്പിക്കുന്നുണ്ട്.
മത്സ്യലഭ്യത കുറയുന്നത് ഉറപ്പായും മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കും. മത്സ്യ കർഷകരുടെ ചെലവ് വർദ്ധിക്കുകയും മത്സ്യങ്ങളുടെ വില കൂടുകയും ചെയ്യും. ഇന്ത്യയിൽ, വരും മാസങ്ങളിൽ സമുദ്ര താപനില, സമുദ്ര ഉൽപ്പാദനക്ഷമത, മത്സ്യബന്ധന സാദ്ധ്യതകൾ എന്നിവ നിരീക്ഷിക്കും. ഇത് മത്സ്യബന്ധന സമൂഹത്തിന്റെ മുന്നോട്ടുള്ള സാഹചര്യത്തെ സൂചിപ്പിക്കുന്നതിൽ നിർണായകമാകും.
The strengthening El Niño phenomenon may raise ocean temperatures and disrupt marine ecosystems, potentially reducing sardine and mackerel availability in India in 2027. Reduced plankton growth and changing fish habitats could affect fish populations, increase seafood prices, and threaten fishermen’s livelihoods. Researchers and ocean monitoring agencies will track sea temperatures, marine productivity, and fishing prospects in the coming months.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |