SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

കലയുടെ കാൽപ്പാടുകളുമായി  വൈശാഖിന്റെ പോരാട്ടം 

vysakh-1
വൈശാഖ്

കണ്ണൂർ: കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് വേദിയിൽ ഇപ്രാവശ്യം വ്യത്യസ്തനായ ഒരു സ്ഥാനാർത്ഥിയുണ്ട്. 29 വയസ്സുള്ള വൈശാഖ് ഏറ്റുകുടുക്ക എന്ന യുവാവ്. ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹത്തിന്റെ യാത്ര വെറുമൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിലും അപ്പുറത്തേക്ക് വ്യാപിക്കുന്നു.

ജനനം മുതൽ കൈകളില്ലാത്ത വൈശാഖിന്റെ ജീവിതം അസാമാന്യമായ ഇച്ഛാശക്തിയുടെയും സർഗാത്മക പ്രതിഭയുടെയും സാക്ഷ്യപത്രമാണ്. കാലുകൾ കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്ന ഈ യുവ കലാകാരൻ ഓയിൽ പെയിന്റിംഗിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രം അദ്ദേഹം വരച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖഭാവങ്ങൾ, കണ്ണുകളിലെ പ്രകാശം, മുടിയിഴകളുടെ തനിമ എല്ലാം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ചിത്രരചനയിൽ ഔപചാരിക പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും, ഏറ്റുകുടുക്ക എ.യു.പി സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ വൈശാഖ്, അദ്ധ്യാപകരുടെ പ്രോത്സാഹനത്തിൽ ഈ കലയിൽ തുടർന്നു. ഇതുവരെ ഏകദേശം 5,000 ചിത്രങ്ങൾ വൈശാഖ് വരച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള 'മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷ'നിൽ അംഗമായ അദ്ദേഹം, 2021ൽ ഗിന്നസ് വേൾഡ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ സ്ഥാനം നേടി.


രാഷ്ട്രീയ വഴി
കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച വൈശാഖ് നിലവിൽ യൂത്ത് കോൺഗ്രസ് കാങ്കോൽ-ആലപ്പടമ്പ് മണ്ഡലം പ്രസിഡന്റാണ്. പയ്യന്നൂർ കോളജിലെ ബിരുദ പഠനകാലത്ത് കെ.എസ്.യുവിൽ സജീവമായ വൈശാഖ്, മാടായി കോളജിലെ ബിരുദാനന്തര ബിരുദ പഠനകാലത്തും സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ എൽ.ഡി.എഫിന് ശക്തമായ സാന്നിദ്ധ്യമുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഇല്ലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL