SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

പ്രചാരണം അവസാന ലാപ്പിൽ,  ഭവനസന്ദർശനത്തിന് പ്രാമുഖ്യം 

poster
കണ്ണൂർ വളപട്ടണം പഴയ കെട്ടിടത്തിന്റെ ചുമരിൽ പതിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ

കണ്ണൂർ: ജില്ലയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഊർജസ്വലമായി മുന്നേറുന്നു. എല്ലാ സ്ഥാനാർത്ഥികളും വോട്ടർമാരുമായി നേരിട്ട് സംവദിക്കാൻ പ്രത്യേക ഊന്നൽ നൽകുന്ന ഭവന സന്ദർശനവുമായി മുന്നോട്ടുപോകുകയാണ്.
വാർഡ് തല സ്ഥാനാർത്ഥികൾ രണ്ടുപ്രാവശ്യമെങ്കിലും വീടുകൾ സന്ദർശിച്ച് വോട്ടർമാരുടെ പ്രശ്നങ്ങളും പ്രതീക്ഷകളും നേരിൽ അറിയാനുള്ള ശ്രമത്തിലാണ്. പ്രവർത്തകരുടെ സഹായത്തോടെ സംഘടിതമായാണ് ഈ സന്ദർശനങ്ങൾ നടക്കുന്നത്. വോട്ട് ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരമെന്താണെന്ന് വ്യക്തമാക്കുന്നതിനും ഈ നേരിട്ടുള്ള സമീപനം സഹായകമാകുന്നുണ്ട്.
ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളും വാർഡ് സ്ഥാനാർത്ഥികളോടൊപ്പം ചേർന്ന് സംയുക്ത പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. വാർഡുകളിൽ കുടുംബയോഗങ്ങളും കൺവെൻഷനുകളും വ്യാപകമായി സംഘടിപ്പിക്കുന്നത് പ്രചാരണത്തിന് പുതിയ ഊർജം പകരുന്നു. പൊതുസ്ഥലങ്ങളിലെ ബോർഡുകളും പോസ്റ്ററുകളും വർദ്ധിപ്പിച്ച് ശക്തി തെളിയാക്കാനും മത്സരമുണ്ട്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ മുതിർന്ന നേതാക്കൾ ജില്ലയിൽ എത്തിത്തുടങ്ങിയതോടെ പ്രവർത്തകർക്കിടയിൽ ആവേശവും ആത്മവിശ്വാസവും നിറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജില്ലയിൽ എത്തി പ്രചാരണ പരിപാടികളിൽ പങ്കാളിയായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വിവിധ വാർഡുകളിൽ പ്രചാരണം നടത്തി. കണ്ണൂർ കോർപറേഷന്റെ യു.ഡി.എഫിന്റെ പ്രചാരണ ചുമതല കെ.പി.സി.സി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസിനാണ് നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ അവർ ജില്ലയിൽത്തന്നെ തുടരും.

വോട്ടർമാരുമായുള്ള നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്തുക, പ്രാദേശിക വികസന വാഗ്ദാനങ്ങൾ വ്യക്തമാക്കുക, പാർട്ടി നേതൃത്വത്തിന്റെ സാന്നിദ്ധ്യത്തിലൂടെ പ്രവർത്തകരെ ഉത്തേജിപ്പിക്കുക എന്നിവയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചാരണ തന്ത്രത്തിന്റെ സവിശേഷതകൾ.

വ്യക്തി ബന്ധങ്ങളിൽ വിശ്വാസം

ഗ്രാമപ്രദേശങ്ങളിൽ വ്യക്തി ബന്ധങ്ങളുടെ ശക്തിയിൽ ആശ്രയിച്ചുള്ള പ്രചാരണം ഫലപ്രദമാകുമെന്ന കണക്കുകൂട്ടലിലാണ് എല്ലാ പാർട്ടികളും. എന്നാൽ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ കടുത്ത രാഷ്ട്രീയ മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും സ്വന്തം ജില്ലയിൽ തകർപ്പൻ വിജയം നേടുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം നീങ്ങുന്നത്. അടുത്ത ദിവസങ്ങളിൽ പാർട്ടിയുടെ മുതിർന്ന നേതാക്കൾ പ്രചാരണത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL