SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

കനത്തചൂടിൽ മിണ്ടാപ്രാണികളുടെ ജീവൻ പൊലിയുന്നു!...

kannur-
കണ്ണൂര്‍ കാള്‍ടെക്‌സിലെ കെഎസ്ഇബി റോഡരികില്‍ തളര്‍ന്ന വീണ പക്ഷിക്ക് ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്ന വഴിയോര കച്ചവടക്കാരന്‍

കണ്ണൂർ: കനത്ത ചൂടിൽ ജനങ്ങൾ എരിപൊരി കൊള്ളുമ്പോൾ പിടിച്ചുനിൽക്കാനാകാതെ മിണ്ടാപ്രാണികളുടെ ജീവൻ പൊലിയുന്നു. കാൽടെക്സിലെ കെ.എസ്.ഇ.ബി റോഡരികിൽ തളർന്നു വീണ പക്ഷിയുടെ ജീവൻ നഷ്ടമായത് കണ്ടുനിന്നവർക്ക് നോവായി. പക്ഷിയുടെ ജീവൻ രക്ഷിക്കാൻ വഴിയോര കച്ചവടക്കാരന്റെ രക്ഷാശ്രമങ്ങളെല്ലാം വിഫലമായി. ഇന്നലെ ഉച്ചയോടെയാണ് നഗരത്തിലെ തിരക്കേറിയ വഴിയരികിൽ പക്ഷി തളർന്നുവീണത്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടാത്തതാണ് കനത്ത ചൂടിലും മിണ്ടാപ്രാണികളുടെ ജീവൻ പൊലിയാൻ കാരണം. കനത്ത വെയിലിൽ വീട്ടുപരിസരങ്ങളിൽ പറവകൾക്കായി ജലം നിറച്ച പാത്രങ്ങൾ കരുതിവയ്ക്കേണ്ടതിന്റെ ആവശ്യകത വർദ്ധിക്കുകയാണ്.

ഏപ്രിൽ അവസാനം വേനൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരകടക്കമുള്ളവർ. വേനൽ കനത്തതോടെ ജില്ലയിലെ വിവിധ ഇടങ്ങളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ചിറക്കൽ, ആറളം മേഖലയിലാണ് കുടിവെള്ള ക്ഷാമം കൂടുതൽ അനുഭവപ്പെടുന്നത്. തീരപ്രദേശങ്ങളിലും മലയോരത്തും ഉള്ളതിനെക്കാൾ ചൂട് കനക്കുക ഇടപ്രദേശങ്ങളിലായിരിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

37 ഡിഗ്രി സെൽഷ്യസ്

ഇന്നലെ കണ്ണൂർ ജില്ലയിൽ രേഖപ്പെടുത്തിയത് 37 ഡിഗ്രി സെൽഷ്യസ് ചൂടാണ്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പമാണ് കനത്ത ചൂടിന് കാരണം. അതിശക്തമായ വെയിൽ അൾട്രാവയലറ്റ് സൂചിക ഉയരാനും സാധ്യതയുണ്ട്. രാവിലെ 11 മുതൽ 3 മണി വരെ വെയിലത്ത് ഇറങ്ങി നടക്കുന്നത് ഒഴിവാക്കിയാൽ ചൂട് കാലത്ത് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിക്കാം.

മൃഗങ്ങൾക്കും സംരക്ഷണം ഒരുക്കാം

ഉയർന്ന ചൂട് കന്നുകാലികളിൽ പാലുത്പാദനം കുറയുന്നതിനും രോഗ പ്രതിരോധ ശേഷി ഇല്ലാതാകുന്നതിനും കാരണമാകും. ഉയർന്ന അളവിലുള്ള ചൂട് മൃഗങ്ങളുടെ മരണത്തിന് വരെ ഇടയാക്കിയേക്കും. ചൂടിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ തൊഴുത്തുകളിൽ വായു സഞ്ചാരം ഉറപ്പാക്കുക, ഷവർ ഉപയോഗിച്ച് പശുക്കളെ രണ്ടുമണിക്കൂർ ഇടവേളയിൽ നനയ്ക്കുക തുടങ്ങിയവയാണ് ചൂടിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, HEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL