SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

ഇന്ന് ലോക നഴ്സ് ദിനം ഒഴിവുകൾ നിരവധി, നിയമനമില്ല; പ്രതീക്ഷയറ്റ് ഉദ്യോഗാർത്ഥികൾ

nurse
ഇന്ന് ലോക നഴ്സ് ദിനം

കണ്ണൂർ: ഇന്ന് ലോക നഴ്സ് ദിനം ആചരിക്കുമ്പോഴും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാരുടെ നിയമനത്തിൽ അനിശ്ചിതത്വം. ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് രണ്ടരവർഷം പിന്നിട്ടിട്ടും ജില്ലയിൽ നിയമനം ഫലത്തിൽ നടന്നിട്ടില്ല. ഒഴിവുകൾ ഉണ്ടായിട്ടും തങ്ങളെ തഴഞ്ഞ് താത്കാലിക നിയമനങ്ങൾ നടത്തുകയാണെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.
2024 നവംബറിൽ നിലവിൽ വന്ന ജില്ലാ റാങ്ക് ലിസ്റ്റിൽ 217 പേരാണുള്ളത്. എന്നാൽ ഇതുവരെ അഡ്വൈസ് മെമ്മോ ലഭിച്ചത് 31 പേർക്ക് മാത്രം. ഭിന്നശേഷിക്കാർക്കായി നാല് ഒഴിവ് നിലവിലുണ്ടെങ്കിലും ആ നിയമനം പോലും നടന്നിട്ടില്ല. അയൽ ജില്ലയായ കാസർകോട്ടാകട്ടെ ആകെ നടന്നത് 10 നിയമനങ്ങൾ മാത്രം.


പുതിയ യൂണിറ്റുകൾ, പഴയ പ്രതിസന്ധി

ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിച്ച കാത്ത്ലാബും ഡയാലിസിസ് യൂണിറ്റും ജീവനക്കാരില്ലാതെ പ്രതിസന്ധിയിലാണ്. തലശേരിയിൽ നിർമാണം പൂർത്തിയായ അമ്മയും കുഞ്ഞും ആശുപത്രിക്ക് നഴ്സുമാരെ നിയമിക്കേണ്ടത് അനിവാര്യമാണ്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഒൻപത് നിലകളിൽ പുതിയ കെട്ടിടം നിർമിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ആ കെട്ടിടം ഇനിയും തുറക്കാൻ കഴിഞ്ഞിട്ടില്ല. 28 നഴ്സുമാരെ നിയമിക്കണമെന്ന ജില്ലാ മെഡിക്കൽ ഓഫിസിന്റെ ശുപാർശ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് 10 ആക്കി ചുരുക്കിയാണ് സർക്കാരിലേക്ക് അയച്ചത്. പിണറായി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് 24 നഴ്സുമാരെ നിയമിക്കണമെന്ന ശുപാർശയ്ക്കും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.


തസ്തിക സൃഷ്ടിക്കാൻ തയ്യാറാകണം

ആശുപത്രികളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോഴും ആ അനുപാതത്തിൽ നഴ്സ് തസ്തിക സൃഷ്ടിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള സ്റ്റാഫ് പാറ്റേൺ ഇപ്പോഴും തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പിണറായി സർക്കാർ പുതിയ തസ്തിക സൃഷ്ടിക്കുന്നത് ഒഴിവാക്കി. ആർദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 150 തസ്തിക സൃഷ്ടിച്ചപ്പോൾ ജില്ലയ്ക്ക് ലഭിച്ചത് വെറും അഞ്ചെണ്ണം. ഗ്രേഡ് 2 ൽ നിന്ന് ഗ്രേഡ് 1ലേക്ക് സംസ്ഥാനത്ത് 200 സ്ഥാനക്കയറ്റം നൽകിയപ്പോൾ ജില്ലയിൽ ആകെ രണ്ടുപേർക്ക് മാത്രമാണ് അതിന്റെ ഗുണം ലഭിച്ചത്.

ഒഴിവുകളിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയും അല്ലാതെയും വൻതോതിൽ താത്കാലിക നിയമനങ്ങൾ നടത്തുന്നതാണ് റാങ്ക് ലിസ്റ്റ് നിയമനം കുറയ്ക്കുന്നത്. നിലവിലുള്ള ഒഴിവുകൾ ഉടൻ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യുകയും ആവശ്യമായ തസ്തികകൾ പുതുതായി സൃഷ്ടിക്കുകയും ചെയ്തില്ലെങ്കിൽ ഈ റാങ്ക് ലിസ്റ്റും ഫലമില്ലാതെ കാലഹരണപ്പെടും.

ഉദ്യോഗാർത്ഥികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, NURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL