SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.53 AM IST

ഷിഗെല്ല നിയന്ത്രണ വിധേയമെന്ന് അവലോകന യോഗം മൊകേരി പഞ്ചായത്തിലെ വീടുകളിൽ കുടിവെള്ള പരിശോധന നടത്തും

shigella
ഷിഗെല്ല

പാനൂർ: മൊകേരി പഞ്ചായത്തിലെ വ്യത്യസ്ത വാർഡുകളിലെ രണ്ടു കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പി.കെ പ്രവീൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മൊകേരി പഞ്ചായത്ത് ഹാളിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗം നിയന്ത്രണവിധേയമാണെന്ന് യോഗം വിലയിരുത്തി.
പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്‌ക്വാഡ് രൂപീകരിച്ചു കുടിവെള്ള പരിശോധന നടത്താൻ യോഗം നിർദ്ദേശം നൽകി. രോഗ പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നതിനും യോഗം തീരുമാനിച്ചു. സ്‌കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക യോഗങ്ങൾ ചേരും.

അവലോകന യോഗത്തിൽ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് കനകം കുനിയിൽ, വൈസ് പ്രസിഡന്റ് ജയപ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ടി.കെ പുഷ്പ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. കെ.സി സച്ചിൻ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കൽ ഓഫീസർ ഡോ. കെ.ടി രമ്യ, ടെക്നിക്കൽ അസിസ്റ്റന്റ് എം.ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഖിൽ രാജ്, മൊകേരി എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ദിൽന എന്നിവർ പങ്കെടുത്തു.

1. മൊകേരി പഞ്ചായത്ത് 11ാം വാർഡിൽ നാലുവയസുള്ള കുട്ടിക്ക് വയറിളക്കം, ഛർദ്ദി, പനി, മലത്തിൽ രക്തം എന്നിവ കണ്ടതിനെ തുടർന്ന് ജൂൺ എട്ടിനാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പിറ്റേ ദിവസം കുട്ടി അഡ്മിറ്റായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിലവിൽ കുട്ടിയുടെ വീട്ടിൽ മറ്റാർക്കും ലക്ഷണങ്ങൾ ഇല്ല.
2. പത്താം വാർഡിലെ എട്ട് വയസുള്ള കുട്ടിക്ക് പത്താം തീയതിയിലാണ് വയറിളക്കം, പനി, ഛർദി എന്നീ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ വീട്ടിലെ കിണറിൽ നിന്നും വാട്ടർ സാമ്പിൾ ശേഖരിച്ചു. പ്രദേശത്ത് ഫീവർ സർവേ നടത്തി.

1108 സ്ഥാപനങ്ങളിൽ പരിശോധന, 108 കടകൾക്ക് നോട്ടീസ്
ജില്ലയിൽ ഷിഗെല്ല ഉൾപ്പെടെയുള്ള ഭക്ഷ്യ ജലജന്യ രോഗം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ 94 സ്‌ക്വാഡുകൾ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 1108 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തതും ശുചിത്വം കുറഞ്ഞതുമായ 108 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരു ഭക്ഷ്യ പാനീയ വില്പന ശാല അടച്ചുപൂട്ടാൻ നിർദേശിച്ചു. പൊതുസ്ഥലത്തെ പുകവലി നിയമ ലംഘനത്തിന് 18,000 രൂപ കോട്പ ആക്ട് പ്രകാരം പിഴ ഈടാക്കി.

ജില്ലയിൽ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തിപ്പെടുത്തും. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി കർശന മാക്കും

ഡോ. കെ.സി സച്ചിൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIGELLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL