SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.04 AM IST

സൗകര്യങ്ങളില്ലാതെ പാലക്കയംതട്ട്, മുഖം തിരിച്ച് സഞ്ചാരികൾ

kannur-
സഞ്ചാരികള്‍ കുറഞ്ഞതോടെ 16D സിനിമ ഷോ അടച്ചുപൂട്ടിയ നിലയില്‍

കണ്ണൂർ: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതം അനുഭവിച്ച് വിനോദ സഞ്ചാരികൾ. പൊട്ടിപ്പൊളിഞ്ഞ റോഡും വേണ്ട വിധത്തിലുള്ള വിശ്രമ സൗകര്യങ്ങളുടെ അഭാവവും സഞ്ചാരികളെ പാലക്കയം തട്ടിനോട് മുഖംതിരിപ്പിക്കുകയാണ്. പാലക്കയം തട്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ ടൂറിസം വകുപ്പ് വേണ്ട വിധത്തിൽ ഇടപെടുന്നില്ലെന്നാണ് ഇവിടെയെത്തുന്ന സഞ്ചാരികൾ പരാതിപ്പെടുന്നത്.

മണ്ഡലം റോഡിലേക്ക് പ്രവേശിച്ചാൽ പാലക്കയം തട്ടിന്റെ മുകളിലേക്ക് എത്തണമെങ്കിൽ സഞ്ചാരികൾ നടുവൊടിക്കണം. അത്രയ്ക്ക് ദയനീയമാണ് ഇവിടേക്കുള്ള റോഡിന്റെ അവസ്ഥ. അതികഠിനമാണ് റോഡ് യാത്ര.

സഞ്ചാരികളോട് 50 രൂപ പ്രവേശന ഫീസ് ചോദിച്ചുവാങ്ങുന്നുണ്ടെങ്കിലും മതിയായ സൗകര്യങ്ങളോ ഇരിപ്പിടങ്ങളോ ഇവിടെയില്ല. ഇരിപ്പിടങ്ങളിലേക്ക് കാട് പടർന്ന് കയറിയിട്ടുമുണ്ട്. ഉള്ള ഇരിപ്പിടങ്ങളാവട്ടെ തുരുമ്പു പിടിച്ച് നശിച്ചു. രാത്രിയായാൽ വെളിച്ചം പേരിനുപോലുമില്ലെന്നാണ് സഞ്ചാരികൾ പറയുന്നത്. മുൻപ് സഞ്ചാരികൾ രാത്രിയിലും എത്തിയിരുന്നിടത്താണ് ഈ ദുരനുഭവം.

ഒരുകാലത്ത് പാലക്കയംതട്ടിൽ വന്നുപോയവർ നിരവധിയായിയിരുന്നു. എന്നാൽ അസൗകര്യങ്ങൾ മാത്രമുള്ള പാലക്കയംതട്ടിലേക്ക് സഞ്ചാരികൾ കുറഞ്ഞു. ടൂറിസം വകുപ്പ് ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ആക്ഷേപം.

സഞ്ചാരികൾ കുറഞ്ഞതോടെ ഇവിടെയുള്ള പല ചെറുകിട ടീ ഷോപ്പുകളും പ്രവർത്തനം അവസാനിപ്പിച്ചു. ഇവിടെ പ്രവർത്തിച്ചിരുന്ന 16ഡി സിനിമ ഷോകളും ഐസ് ക്രീം കടകളും സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പ്രവർത്തനം അവസാനിപ്പിച്ചു.

മെച്ചപ്പെട്ട റോഡ് സൗകര്യങ്ങളില്ലാത്തതാണ് സഞ്ചാരികളെ പ്രധാനമായും പിന്നോട്ടടുപ്പിക്കുന്നത്. വലിയ കയറ്റവും ഇറക്കവുമുള്ള റോഡായതിനാൽ കുറഞ്ഞപക്ഷം റൈഡർമാർ മാത്രമെ നിലവിൽ ഇവിടെ എത്തുന്നുള്ളൂ.

കൂടുതൽ ഫീസ് പിരിച്ചെടുക്കുന്നു

നടുവിൽ പഞ്ചായത്തിലാണ് പാലക്കയം തട്ട് സ്ഥിതി ചെയ്യുന്നത്. പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിൽ നിന്ന് നടുവിൽ പഞ്ചായത്താണ് കെട്ടിട നികുതിയും, ലൈസൻസ് ഫീസും പിരിക്കുന്നത്. വിനോദ നികുതി 35 ശതമാനം ലഭിക്കേണ്ടതുണ്ടെങ്കിലും അത് ലഭിക്കാറില്ല. ഡി.ടി.പി.സി നേരിട്ടാണ് ഈ തുക മുഴുവനും പിരിച്ചെടുക്കുന്നത്. 50 രൂപ ഫീസ് ഓരോ സഞ്ചാരിയിൽ നിന്നും വാങ്ങുന്നതിനു പുറമെ പാർക്കിംഗ് ഫീസും പിരിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയും, മറ്റ് വാഹനങ്ങൾക്ക് 40 മുതൽ 50 രൂപയുമാണ് പിരിക്കുന്നത്. ഈ തുക നേരിട്ട് പിരിക്കുന്നത് സ്വകാര്യ വ്യക്തികളാണ്. പാലക്കയം തട്ടിന് മുൻവശം ഇരുചക്ര വാഹനങ്ങൾക്ക് നിർത്തിയിടാൻ ചെറിയ സ്ഥലമുണ്ടെങ്കിലും അത് അനുവദിക്കാറില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL