SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

കിൻഫ്ര ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് വിജിലൻസ്

kinfra

കണ്ണൂർ:കിൻഫ്രാ വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുത്ത നടപടികളിലെ ക്രമക്കേടിൽ കേസ് രജിസ്റ്റർ ചെയ്ത് വിജിലൻസ്. പട്ടാന്നൂർ, കീഴല്ലൂർ, കോളാരി വില്ലേജുകളുടെ പരിധിയിൽപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിനായി മട്ടന്നൂരിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത് .

സ്പെഷ്യൽ തഹസിൽദാരായിരുന്ന വി.ഇ.ഷേർളി, സ്പെഷ്യൽ റവന്യൂ ഇൻസ്പെക്ടർ കെ.ഷാജി, വാല്വേഷൻ അസിസ്റ്റന്റ് പി.പ്രദീപ്കുമാർ, പട്ടാന്നൂർ വില്ലേജ് ഓഫീസർ പി.പി. സക്കീർ എന്നിവരാണ് പ്രതികൾ. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ ഭൂമി ഏറ്റെടുക്കൽ, നഷ്ടപരിഹാര വിതരണം, നികുതി സ്വീകരിക്കൽ, കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കൽ തുടങ്ങിയ അനധികൃത നടപടികൾ നടത്തിയെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

2025 നവംബർ മാസത്തിൽ കണ്ണൂർ ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് കണ്ണൂർ വിജിലൻസ് യൂണിറ്റിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയുടേയും ഇദ്ദേഹത്തിന്റെ തന്നെ റിട്ട് പെറ്റീഷനിൽ ഹൈക്കോടതി നൽകിയ ഉത്തരവിനെയും തുടർന്നാണ് വിജിലൻസ് പ്രാഥമിക അന്വേഷണം പൂർത്തീകരിച്ചത്.

പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ മനോജ്‌ എബ്രഹാമിന്റെ നിർദേശ പ്രകാരം കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് ഇന്നലെ വിജിലൻസ് കേസ്സ് രജിസ്റ്റർ ചെയ്തത്.

വിജിലൻസ് കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോർപ്പറേഷൻ (കിൻഫ്ര) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ മട്ടന്നൂരിൽ കിൻഫ്രാ വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുത്തത്. കണ്ണൂർ വിജിലൻസ് യൂണിറ്റിലെ പൊലീസ് ഇൻസ്പെക്ടർ ബി.എസ്.ബാവിഷാണ് കേസിൽ അന്വേഷണം നടത്തുന്നത്. വിജിലൻസ് (ഉത്തരമേഖല), കോഴിക്കോട് ഓഫീസിലെ പൊലീസ് സൂപ്രണ്ട് പി.ബാലകൃഷ്ണൻ നായരുടെ മേൽനോട്ടവുമുണ്ടാകും.

ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ

രേഖകളില്ലാതെ സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരുന്ന ഭൂമിക്ക് വൻതുക നഷ്ടപരിഹാരമായി അനുവദിച്ച് കോടതിയിൽ തുക കെട്ടിവെച്ചു

സർക്കാർ നിയമാനുസൃതമായി ഏറ്റെടുത്ത ഭൂമിക്ക് സ്വകാര്യ വ്യക്തികളിൽ നിന്നും നികുതി സ്വീകരിച്ച് കൈവശ സർട്ടിഫിക്കറ്റ് അനുവദിച്ചു

അനർഹരായ സ്വകാര്യ വ്യക്തികൾക്ക് ഭൂമിയുടെ അവകാശം ലഭിക്കുന്നതിന് സാഹചര്യമൊരുക്കി സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തി

സർക്കാരിന് നഷ്ടം ഇങ്ങനെ

474.36 ഏക്കർ ഭൂമി ഏറ്റെടുത്തു

672 ഉടമസ്ഥർ

260 പേർക്ക് ഭൂരേഖകളില്ല

82 കോടി നഷ്ടപരിഹാരതുക കോടതിയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL