കണ്ണൂർ: ചൊക്ലി രാമവിലാസം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയുടെ തിരോധനത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ശിവസൂര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അച്ഛൻ ജിഗീഷിന്റെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടേയും മൊഴിയെടുത്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്. 17കാരനെ കാണാതായിട്ട് രണ്ട് മാസം കഴിഞ്ഞു. ഓഗസ്റ്റ് 8നാണ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്റെ പേരിൽ ശിവസൂര്യ വീട് വിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും കുറിപ്പ് എഴുതി വച്ചിരുന്നു.
ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീടന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു. തുടർന്ന് ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലും ഒടുവിൽ വാരണാസിയിലും അന്വേഷണം നടത്തി. എന്നാൽ ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും കിട്ടിയിരുന്നില്ല. ഒരിടത്തെയും സിസിടിവി ക്യാമറയിൽ 17കാരന്റെ ദൃശ്യം പതിഞ്ഞിട്ടുമില്ല.
പൊലീസ് സംഘം വാരാണസിയിൽ അന്വേഷണം നടത്തിയെങ്കിലും തെളിവ് ലഭിച്ചിട്ടില്ല. കുട്ടി അമ്പലങ്ങളിൽ പോകുന്ന ആളായിരുന്നില്ലെന്നും, ആരുടെയോ ബാഹ്യ പ്രേരണയിലാകാം കത്തെഴുതിവെച്ച് നാടുവിട്ടതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെ വാരാണസിയിൽ സിസിടിവി ക്യാമറകൾ പരിശോധിച്ച സംഘം, ശിവസൂര്യയുടെ ചിത്രവുമായി മേഖലയിലെ കടകൾ, ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. വാരാണസിയിലെ മലയാളി സംഘടനകളുടെ സഹായവും പൊലീസ് തേടിയിരുന്നു. എന്നാൽ ഇതുവരെ ശിവസൂര്യയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
ഒളിവിൽ കഴിയാൻ ആരുടെയോ സഹായമുണ്ടെന്ന സംശയം
ശിവസൂര്യക്ക് ഒളിവിൽ കഴിയാൻ മറ്റാരുടേയോ സഹായം കിട്ടുന്നുണ്ടെന്ന സംശയം പൊലീസിനും വീട്ടുകാർക്കുമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ശിവസൂര്യയെ കണ്ടെത്താനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. മൊബൈൽ ഫോൺ വാങ്ങിവെച്ചതിന്റെ പേരിലാണ് കാശിക്ക് പോകുന്നുവെന്ന കുറിപ്പെഴുതി വെച്ച ശേഷം 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായി ശിവസൂര്യ ചൊക്ലിയിലെ വീട് വീട്ടിറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |