കാസർകോട്: കൊറിയർ വഴി എംഡിഎംഎ കടത്തിയ സംഘത്തിലെ മൂന്ന് പേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ കാസർകോട് ജില്ലയിലെ മംഗൽപാടി സ്വദേശിയും ഉൾപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1.58 കോടി രൂപ വിലമതിക്കുന്ന 1.796.96 കിലോഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനങ്ങളും മൊബൈൽ ഫോണുകളും ഉൾപ്പെടെ 1,63,84,000 രൂപയുടെ തൊണ്ടിമുതലുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉള്ളാൾ താലൂക്കിലെ കുമ്പളയിലുള്ള സൂപ്പർമാർക്കറ്റിന് സമീപം സി.സി.ബി നടത്തിയ മിന്നൽ പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് പുറത്തുവന്നത്. പഞ്ചാബിലെ അമൃത്സറിൽ നിന്നാണ് പ്രതികൾ എം.ഡി.എം.എ വാങ്ങിയതെന്നാണ് കണ്ടെത്തൽ. സംശയം ജനിപ്പിക്കാത്ത രീതിയിൽ വാട്ടർ പ്യൂരിഫയറിന്റെ ജലസംഭരണ ടാങ്കിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചശേഷം കാർഡ്‌ബോർഡ് കൊറിയർ പെട്ടിയിലാക്കിയാണ് മംഗളൂരുവിലേക്ക് അയച്ചത്. കൊറിയർ വഴി എത്തിച്ച മയക്കുമരുന്ന് മംഗളൂരു നഗരത്തിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അബ്ദുൾ ഹഫീൽ (25) മംഗൽപാടി, സിയാവുൽ ഹഖ് (30) കസബ ബേംഗ്രെ, അൽത്താഫ് (28) മംഗളൂരു എന്നിവരാണ് പിടിയിലായത്. പ്രതികൾക്ക് നേരത്തെയും മയക്കുമരുന്ന് കേസുകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. സിയാവുൽ ഹഖ് ദുബായിൽ മയക്കുമരുന്ന് വിൽപ്പനക്കേസിൽ പിടിയിലായി മൂന്ന് വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |