
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും സമീപ പ്രദേശങ്ങളിലും ഭീഷണിയായി മാറിയ കണ്ണൂർ മഖ്‌നാ എന്ന് വിളിക്കുന്ന മോഴ ആനയെ മയക്കു വെടിവെച്ച് തളയ്ക്കുന്നതിനുള്ള നടപടിയുമായി വനംവകുപ്പ്. വെള്ളിയാഴ്ച രാത്രിയോടെ വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളെ വയനാട്ടിലെ മുത്തങ്ങയിൽ നിന്നും ആറളത്ത് എത്തിച്ചു.
ദൗത്യം അടുത്തദിവസം തന്നെ ആരംഭിക്കുമെന്നാണ് അധികൃതരിൽ നിന്നുള്ള വിവരം.
പിടികൂടിയാൽ മോഴയെ സുരക്ഷിതമായി മുത്തങ്ങയിൽ എത്തിച്ച് അവിടെ സംരക്ഷിക്കുന്നതിനുള്ള ആനക്കൊട്ടിൽ (ക്രാൾ) നിർമ്മാണം പൂർത്തിയായി. കുങ്കിയാനകൾ ഇപ്പോൾ ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ വളയംചാലിലാണുള്ളത്. മറ്റൊരു കുങ്കിയാനയെ കൂടി ദൗത്യത്തിന് എത്തിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. മോഴയെ കണ്ടെത്താൻ ആർ.ആർ.ടി പ്രത്യേക നിരീക്ഷണം തുടരുകയാണ്. മോഴയെ കണ്ടെത്തി അനുയോജ്യമായ സ്ഥലം ലഭ്യമായാൽ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടികൾ ആരംഭിക്കും.ആറളത്തെ മോഴ സാധാരണനിലയിലും അപകടകാരിയാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു കുങ്കിയാനയെ കൂടി ദൗത്യത്തിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനം.
മോഴയെ കണ്ടെത്താൻ ശ്രമം ഊർജ്ജിതം
ആറളത്ത് നിരവധി പേരുടെ ജീവനെടുത്ത മോഴയെ മയക്കുവെടിവെച്ച് പിടികൂടാൻ ഒന്നരമാസം മുമ്പാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. ഓപ്പറേഷൻ കണ്ണൂർ മഖ്‌ന എന്ന പേരിൽ ഓണത്തിന് മുമ്പ് ദൗത്യം പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. പ്രത്യേക സംഘം ആറളത്ത് ആറളത്ത് ക്യാമ്പ് ചെയ്‌തെങ്കിലും മോഴ പുനരധിവാസ മേഖലയിൽ നിന്നും മുങ്ങി നടക്കുകയായിരുന്നു. ആർ.ആർ.ടി വെറ്റിനറി സർജൻ ഇല്യാസ് റാവുത്തറിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ ദൗത്വ സംഘത്തിന് മുന്നിൽ മോഴ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മയക്കുവെടിവെക്കുന്നതിന് മുൻമ്പ് ആനയുടെ പ്രായം, സ്വഭാവ രീതി , ആരോഗ്യ സ്ഥിതി എന്നിവ നിരീക്ഷിക്കേണ്ടതുണ്ട്. മോഴയെ ഫാമിന്റെ അധീനതയിലുള്ള ബ്ലോക്ക് പതിമൂന്നിലെ ഓടച്ചാൽ ഭാഗത്തും പഴയ ഹെലിപ്പാട് ഭാഗത്തും കണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് ആർ.ആർ.ടി ദൗത്യ സംഘം നിരീക്ഷണം നടത്തിയിരുന്നു. മോഴയെ കണ്ടെത്തി മയക്കുവെടിവെക്കാൻ അനുകൂലമായ സാഹചര്യം രൂപപ്പെട്ടാൽ രണ്ട് ദിവസത്തിനകം ദൗത്വം ആരംഭിക്കുമെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
ചില്ലറക്കാരല്ല ഭരതും വിക്രമും
ഇപ്പോൾ ആറളത്തെത്തിച്ച വായനാട്ടിലെ കല്ലൂർ കൊമ്പൻ എന്നറിയപ്പെടുന്ന ഭരതിനെ 2018ലാണ് മയക്കുവെടിവെച്ച് പിടിച്ച് കുങ്കിയാനയാക്കിയത്. രണ്ടുപേരുടെ മരണത്തിന് കാരണക്കാരനായതിനാലാണ് കല്ലൂർ കൊമ്പനെ പിടികൂടിയത്.വയനാട്ടിൽ നിന്ന് തന്നെ എത്തിച്ച വടക്കനാട് കൊമ്പൻ എന്നറിയപ്പെടുന്ന വിക്രമിനെ 2019 ൽ ആണ് മയക്കു വെടിവെച്ച് പിടിച്ചത്. അരിക്കൊമ്പനെ തളക്കാനുള്ള ദൗത്വത്തിൽ മുഖ്യ പങ്കാളിയായിരുന്നു വിക്രം. നാലുപേരുടെ മരണത്തിന് കാരണക്കാരനായി എന്ന കുപ്രസിദ്ധി വിക്രമിനുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |