SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

നാട്ടുകാർക്ക് കരുതലായി ഡോക്ടർ സൗജന്യ സേവനം ഏഴാം വർഷത്തിലേക്ക്

kannur
ഡോ. അശ്വിൻ മുകുന്ദൻ രോഗികളെ പരിശോധിക്കുന്നതിനിടെ

തലശ്ശേരി: വടക്കുമ്പാട് എസ്എൻ. പുരം ശ്രീ നാരായണ വായനശാലയിൽ എല്ലാ മാസത്തെയും ആദ്യ ഞായർ രാവിലെ
രോഗങ്ങളും സങ്കടങ്ങളുമായി എത്തുന്നത് നൂറുകണക്കിന് മനുഷ്യർ. അവരെ നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിക്കാനും ചേർത്ത് പിടിക്കാനും ‌ഡോ. അശ്വിൻ മുകുന്ദൻ അവിടെയുണ്ടാകും. സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന ആയിരങ്ങൾക്ക് കരുതലും സ്‌നേഹവും പകരുകയാണ് ഏഴാം വർഷത്തിലേക്ക് കടക്കുന്ന ഡോക്ടറുടെ സൗജന്യ സേവനം.

കണ്ണൂർ അശ്വിൻസ് അഡ്വാൻസ്ഡ് ഡയബറ്റിസ് സെന്റർ ചീഫ് കൺസൾട്ടന്റായ ഡോ. അശ്വിൻ മുകുന്ദന്റെ സേവനം തേടി 200ലധികം ആളുകളാണ് ജില്ലയ്ക്ക് പുറത്തുനിന്നുവരെ എത്തുന്നത്. നാട്ടുകാർക്ക് സേവന പ്രവർത്തനങ്ങൾ ചെയ്യണമെന്ന ആഗ്രഹത്താലാണ് തുടക്കം. അതിനായി കണ്ടെത്തിയത്, തലശേരി ബി.ഇ.എം.പി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് പുസ്തകങ്ങൾ വായിച്ചിരുന്ന ഇടവും. ശ്രീനാരായണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ കീഴിലുള്ള ജോഷിത്ത് മെമ്മോറിയൽ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അന്നേദിവസം സൗജന്യപ്രമേഹ രക്തസമ്മർദ പരിശോധനയും നടക്കുന്നുണ്ട്.

ജനറൽ മെഡിസിനുശേഷം പ്രമേഹ ചികിത്സയിൽ ഉന്നതപഠനം പൂർത്തിയാക്കിയ അശ്വിന് ആർ.എസ്.എസ്.ഡി.എ ദേശീയ പുരസ്‌കാരം, ഡയബറ്റിസ് പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഡോക്ടർമാരുടെ അനുഭവ കുറിപ്പുകളടങ്ങിയ ബർമിങ്ഹാം യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര ജേർണലിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിലിന്റെയും അദ്ധ്യാപികയായിരുന്ന എം.സി വിജയലക്ഷ്മിയുടെയും മകനാണ് അശ്വിൻ. ഡോ. പ്രിയങ്ക കശ്യപാണ് ഭാര്യ. മകൾ: ഇഷാൻവി അശ്വിൻ.

സാന്ത്വന സംഗമം ഒരുക്കുന്നു

ശ്രീനാരായണ വായന ശാല ജോഷിത്ത് മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷന്റെ 7ാം വാർഷികത്തിന്റെ ഭാഗമായി നാലിന് 'സാന്ത്വന സംഗമം' സംഘടിപ്പിക്കും. രാവിലെ ഏഴുമുതൽ 10 വരെ സൗജന്യ വൈദ്യപരിശോധനയും തുടർന്ന് കണ്ണൂർ ഡോ. അശ്വിൻസ് അഡ്വാൻസ്ഡ് ഡയബറ്റിസ് സെന്റർ സ്‌പോൺസർ ചെയ്യുന്ന മാസ്റ്റർ ചെക്കപ്പ് മെഡിക്കൽ ക്യാമ്പും നടക്കും. മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. നന്ദഗോപൻ മുഖ്യാതിഥിയാകും. എം.സി പവിത്രൻ, വി.എ നാരായണൻ, സി.എൻ ചന്ദ്രൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ''ആധുനിക ചികിത്സ നിർമ്മിത ബുദ്ധിയിലൂടെ' എന്ന വിഷയത്തിൽ ഡോ. അശ്വിൻ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL