1. വിമാനത്താവളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റും
2. പോയിന്റ് ഓഫ്‌കോൾ പദവി ലഭ്യമാക്കാൻ ശ്രമം നടത്തും
3. കണ്ണൂരിൽ പൈലറ്റ് പരിശീലനകേന്ദ്രം ആരംഭിക്കും
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രവികസനം ഒരു വർഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര എയർ കാർഗോ കോംപ്ലക്‌സ്, 4 മെഗാവാട്ട് സോളാർ പവർ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ ജി.ഡി.പിക്ക് മുതൽക്കൂട്ടാവുന്ന രീതിയിൽ കണ്ണൂർ എയർപോർട്ട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു .
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തും. എയർ ഇന്ത്യ ഉൾപ്പെടെയുള്ള എയർലൈനുകൾ പുതുതായി രണ്ടായിരത്തോളം വിമാനങ്ങളാണ് നിലവിൽ ഓർഡർ ചെയ്തിരിക്കുന്നത്. അവ വരുന്നതോടെ പൈലറ്റുമാരുടെ വലിയ കുറവ് രാജ്യത്തുണ്ടാകും. ഇതു മുന്നിൽക്കണ്ട് ഒരു പൈലറ്റ് പരിശീലന കേന്ദ്രം കണ്ണൂരിൽ തുടങ്ങും. ഇതോടൊപ്പം ഹെലികോപ്റ്റർ പൈലറ്റ് ട്രെയിനിംഗ് സെന്റർ, എയർക്രാഫ്റ്റ് മെയിന്റനൻസ് സംവിധാനം, സിമുലേറ്റർ ട്രെയിനിംഗ് കേന്ദ്രം തുടങ്ങി ഏവിയേഷനുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലൂടെ വിമാനത്താവളത്തെ ഒരു ഏവിയേഷൻ ഹബ്ബാക്കി മാറ്റാൻ ശ്രമമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ നഗരത്തെ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന രണ്ട് റോഡുകളുടെ നിർമാണം വേഗത്തിലാക്കും. എയർപോർട്ടിന്റെ രണ്ടാം റൺവേ വികസനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ച 240 ഏക്കർ ഭൂമി അതിന് അനുയോജ്യമാണോ എന്ന കാര്യം പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്ന പ്രദേശവാസികളുടെ പ്രശ്നത്തിന് രണ്ട് മാസത്തിനുള്ളിൽ ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ കെ. സുധാകരൻ, അഡ്വ. പി. സന്തോഷ് കുമാർ, മേയർ പി. ഇന്ദിര, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സോളാർ സംവിധാനം വിപുലീകരിക്കും
സംസ്ഥാനത്ത് സോളാർ എനർജി സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനമില്ലെന്നത് വലിയ പ്രശ്നമാണ്. പകൽ മാത്രമേ അത് ഉപയോഗിക്കാൻ പറ്റുന്നുള്ളൂ. ഇത് പരിഹരിക്കാൻ ഗവൺമെന്റ് സ്ഥാപനങ്ങൾക്കും ഒരു കൂട്ടം വീടുകൾക്കുമായി പൊതുവായ സ്റ്റോറേജ് ബാറ്ററി ഫെസിലിറ്റി ആരംഭിക്കാൻ പദ്ധതി ആലോചനയിലുണ്ട്. അതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉടനെ ഉണ്ടാകും. കൊച്ചി എയർപോർട്ടിൽ സ്ഥലപരിമിതിയുള്ളതിനാൽ അവിടത്തെ സോളാർ സംവിധാനത്തിന്റെ ഒരു ഭാഗം കണ്ണൂരിലേക്ക് മാറ്റുന്നത് പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |