വളപട്ടണം: ശമ്പളമില്ലാതെ, ഷിഫ്റ്റില്ലാതെ, പരാതിയില്ലാതെ വളപട്ടണം പൊലീസ് സ്റ്റേഷന് കാവൽ നിന്ന ഒരു 'സേനാംഗം' ഇനിയില്ല. പൊലീസുകാരുടെ പൊന്നോമനയും നാട്ടുകാരുടെ 'പൊലീസ് നായ'യുമായിരുന്ന റസിയ ശനിയാഴ്ച വൈകിട്ട് ലോറിയിടിച്ച് ജീവൻ വെടിഞ്ഞു. ജീവിതം മുഴുവൻ സ്റ്റേഷൻ വളപ്പിൽ കഴിഞ്ഞ അവൾക്ക് അന്ത്യവിശ്രമവും അതേ വളപ്പിൽ തന്നെ.
അപകടവാർത്തയറിഞ്ഞ് സ്റ്റേഷനിലെ പൊലീസുകാർ പലരും കണ്ണീരടക്കാൻ പാടുപെട്ടു. ഒരു കുടുംബാംഗം നഷ്ടപ്പെട്ട വേദനയായിരുന്നു സ്റ്റേഷനിലാകെ. എല്ലാവരും അന്ത്യോപചാരമർപ്പിച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ അവളുടെ ചിത്രത്തിനൊപ്പം പൊലീസുകാർ കുറിച്ചു ''റെസ്റ്റ് ഇൻ പീസ്. റസിയ''
വർഷങ്ങൾക്കുമുമ്പ് ഒരു ആൺ നായയ്ക്കൊപ്പമാണ് റസിയ സ്റ്റേഷൻ പരിസരത്തെത്തിയത്. മറ്റ് തെരുവുനായകളെപ്പോലെ കടിപിടി കൂടാനോ പൊതുജനത്തിന് ശല്യമാകാനോ അവർ നിന്നില്ല. സദാസമയവും സ്റ്റേഷന് കാവലെന്നപോലെ ചുറ്റിപ്പറ്റി നിന്ന ഇരുവർക്കും പൊലീസുകാർ അഭയമായി.
ഭക്ഷണത്തിൽ നിന്ന് ഒരു പങ്ക് നായ്ക്കൾക്കും നൽകി. നന്ദിയോടെ അതു കഴിച്ച അവർ പതിയെ പൊലീസുകാരുടെ ഓമനകളായി. ആൺനായയ്ക്ക് 'ബച്ചൻ' എന്നും പെൺനായയ്ക്ക് 'റസിയ' എന്നും പൊലീസുകാർ പേരിട്ടു. പേര് വിളിച്ചാൽ രണ്ടുപേരും കുതിച്ചെത്തുമായിരുന്നു.
ബച്ചൻ നേരത്തെ വിട പറഞ്ഞു
പൊലീസ് വാഹനങ്ങൾ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോൾ റോഡ് വരെ അകമ്പടി പോകുന്നതായിരുന്നു ഇരുവരുടെയും പതിവ്. വാഹനം മടങ്ങിയെത്തുമ്പോൾ വാലാട്ടി സ്വീകരിക്കും. മറ്റ് സമയങ്ങളിൽ സ്റ്റേഷൻ പരിസരത്ത് ചുറ്റിക്കറങ്ങി നടക്കും. പരാതിയുമായി എത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുമെങ്കിലും ആരെയും ബുദ്ധിമുട്ടിച്ചിരുന്നില്ല.
വർഷങ്ങൾക്കുമുമ്പ് ബച്ചൻ വിടപറഞ്ഞതോടെ റസിയ തനിച്ചായി. എന്നിട്ടും പ്രിയപ്പെട്ട പൊലീസുകാരെ ഉപേക്ഷിച്ച് തെരുവുനായ്ക്കളുടെ കൂട്ടത്തിലേക്ക് പോകാൻ അവൾ തയ്യാറായില്ല. സേനയ്ക്കൊപ്പം അച്ചടക്കത്തോടെ തന്റെ 'സേവനം' തുടർന്നു.
സമീപത്തെ കോഴിക്കച്ചവടക്കാരനായ എ.ടി. ഷമിലും നായ്ക്കൾക്ക് ഇറച്ചിയവശിഷ്ടങ്ങൾ നൽകുമായിരുന്നു. കോഴിക്കാലുകൾ കിട്ടിയാൽ കടിച്ചെടുത്ത് സ്റ്റേഷൻ വളപ്പിലെ വിദൂരമൂലയിൽ കൊണ്ടുപോയി സൂക്ഷിക്കും. ആവശ്യത്തിനു മാത്രം കഴിക്കും. അതായിരുന്നു റസിയയുടെ പതിവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |