SignIn
Kerala Kaumudi Online
Tuesday, 27 October 2026 8.36 AM IST

പാർട്ടിക്ക് തലവേദനയായി  വീണ്ടും വൈദേകം വിവാദം 

cpm
വൈദേകം റിസോർട്ട്

കണ്ണൂർ: കണ്ണൂർ സി.പി.എമ്മിൽ ഒരിക്കൽ കൊടുങ്കാറ്റായ വൈദേകം റിസോർട്ട് വിവാദം വീണ്ടും പാർട്ടിയെ പിടിച്ചുലയ്ക്കുന്നു. ഇത്തവണ ആരോപണം എതിരാളികളിൽ നിന്നല്ല, മുതിർന്ന നേതാവ് ഇ.പി ജയരാജന്റെ ബന്ധുവിൽ നിന്നുതന്നെയാണെന്നതും ശ്രദ്ധേയമാണ്. ഭരണം മാറിയ സാഹചര്യത്തിൽ, ഏതെങ്കിലും കോണിൽ നിന്ന് പരാതി എത്തിയാൽ അന്വേഷണത്തിലേക്ക് നീങ്ങാനുള്ള സാദ്ധ്യത പാർട്ടി ഗൗരവത്തോടെ കാണുന്നു.
സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയിൽ നിന്ന് ഇ.പിയുടെ ഭാര്യ പി.കെ ഇന്ദിര പണം വാങ്ങിയെന്നും ആ തുകയാണ് വൈദേകം റിസോർട്ടിൽ ചെലവഴിച്ചതെന്നുമാണ് സഹോദരീപുത്രൻ ശ്യാംജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചത്. ഇ.പിയുടെ കൈപ്പടയിലുള്ളതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്ക് താളിന്റെ ചിത്രവും പങ്കുവച്ചു. വാർത്തയായതോടെ പോസ്റ്റ് പിൻവലിച്ചു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് പിന്നീട് വിശദീകരണവും വന്നു. പിന്നാലെ വൈദേകത്തിലെ നിക്ഷേപരേഖകളിൽ മാറ്റം വരുത്താൻ ഇന്ദിര ശ്രമിച്ചുവെന്ന പുതിയ ആരോപണവും ശ്യാംജിത്ത് ഉന്നയിച്ചു.
ആരോപണം ഇ.പി. പൂർണമായി തള്ളി. കർത്തയുമായി ഒരു ബന്ധവുമില്ലെന്നും റിസോർട്ടുമായി സാമ്പത്തിക ബന്ധമോ ഓഹരിപങ്കാളിത്തമോ ഇല്ലെന്നും ഉപദേശം നൽകിയതേയുള്ളൂവെന്നുമാണ് വിശദീകരണം. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ശ്യാംജിത്തിനെയും ഭാര്യ ദീപയെയും സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണിതെന്നും ഇ.പി പറഞ്ഞു.

അന്വേഷണം വന്നാൽ പ്രതിരോധത്തിലാകും

മുൻ സി.പി.എം നേതാവ് പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ടെൻഡറില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് കരാർ നൽകിയെന്ന കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ കഴിഞ്ഞ വെള്ളിയാഴ്ച സർക്കാർ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരമുള്ള അനുമതി മുൻ സർക്കാർ നൽകിയിരുന്നില്ല.
ഇതേ വഴിയിൽ വൈദേകം വിഷയത്തിലും പരാതി എത്തിയാൽ പാർട്ടി പ്രതിരോധത്തിലാകും എന്നതാണ് നേതൃത്വത്തിന്റെ ആശങ്ക. ഇ.പി ജയരാജൻ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സി.പി.എം നേതാക്കളിൽ ഒരാളാണ് എന്നതും വിഷയത്തിന്റെ രാഷ്ട്രീയ ഭാരം കൂട്ടുന്നു. ഇതുവരെ ഔദ്യോഗിക പരാതിയോ അന്വേഷണ പ്രഖ്യാപനമോ ഉണ്ടായിട്ടില്ല. എങ്കിലും, കുടുംബത്തിനകത്തുനിന്നുള്ള ആരോപണങ്ങൾ എതിരാളികൾക്ക് ആയുധമാകുമെന്നും ഇ.പിയെ വിമർശിച്ചിരുന്ന പാർട്ടിക്കുള്ളിലെ വിഭാഗങ്ങൾ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.


നേരത്തെ പി. ജയരാജൻ വിവാദമാക്കി
ഇ.പിയുടെ ഭാര്യയ്ക്കും മകനും ഓഹരിയുള്ള റിസോർട്ട് എന്ന നിലയിൽ വൈദേകം ആദ്യം വിവാദമാക്കിയത് പി. ജയരാജനാണ്. സംസ്ഥാന സമിതിയിൽ അദ്ദേഹം ഉന്നയിച്ച വിഷയം കണ്ണൂർ സി.പി.എമ്മിനെ പിടിച്ചുകുലുക്കി. വിവാദം മൂർച്ഛിച്ചതോടെ, രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ ഗ്രൂപ്പിന് ഓഹരികൾ കൈമാറിയതായി ഇ.പി കുടുംബം അറിയിച്ചു. അതോടെ വിഷയം കെട്ടടങ്ങിയെന്നാണ് പാർട്ടി കരുതിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL