പാലക്കുന്ന്: 'മായ വിട്ടുണരൂ, മാനവനായി വളരൂ' എന്ന സന്ദേശവുമായി ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാൻ നാടൊരുങ്ങുന്നു. ക്ഷേത്രങ്ങളിൽ ഭജന, പൂജകൾ, വ്രതാനുഷ്ഠാനം എന്നിവ അഷ്ടമി രോഹിണി നാളിലെ പതിവ് വിശേഷങ്ങൾ ആണെങ്കിലും ഉച്ചകഴിഞ്ഞുള്ള ശോഭായാത്രകളാണ് പ്രധാന ആകർഷണം.
ജില്ലയിൽ തൃക്കരിപ്പൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ, കാസർകോട്, മുളിയാർ ബോവിക്കാനം, പാണത്തൂർ, വെള്ളരിക്കുണ്ട്, മാവിലാക്കടപ്പുറം, തൈക്കടപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളിൽ ശോഭായാത്രകൾ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 3ന് ഉദുമ കേന്ദ്രീകരിച്ചുള്ള വിവിധ ബാലഗോകുലങ്ങളുടെ ശോഭായാത്രകൾ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടിൽ സംഘടിച്ച് മഹാശോഭയാത്രയായി പള്ളം, ഉദുമ, കൊക്കാൽ വഴി അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തിലെത്തും. അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തിലും ഇടുവങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലും ഗോപൂജ ഉണ്ടായിരിക്കും.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടിൽ സന്ധ്യ മുതൽ 8.30 വരെ ജനനി ക്ഷേത്ര ബാല ഭജനസംഘത്തിന്റെ ഭജന, തുടർന്ന് 10 വരെ പള്ളിക്കര മഠം ക്ഷേത്ര പ്രാദേശികം ശംഖൊലി ഭജന സംഘത്തിന്റെയും തുടർന്ന് ചന്ദ്രോദയം വരെ ക്ഷേത്ര ഭജന സമിതിയുടെയും ഭജന. വെള്ളിയാഴ്ച നാളിലെ പതിവ് കൂട്ടം അടിയന്തിരം നേർച്ച ഉണ്ടാവില്ല.
തിരുവക്കോളി തിരൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ രാവിലെ നടതുറന്ന ശേഷം അനുഷ്ഠാന ചടങ്ങുകളും 10ന് ക്ഷേത്ര മാതൃ സമിതിയുടെ സദ്ഗ്രന്ഥ പാരായണം, 10.30 മുതൽ കളഭം, ഇളനീർ അഭിഷേകങ്ങൾ, 12ന് മഹാപൂജയ്ക്ക് ശേഷം അന്നപ്രസാദം. 3ന് ഉണ്ണിക്കണ്ണന്റെ ചമയ മത്സരത്തിൽ 10 വയസിന് താഴെയുള്ളവർക്ക് പങ്കെടുക്കാം. മികച്ച വേഷധാരികളായ മൂന്ന് പേർക്ക് 3000, 2000, 1000 രൂപ ക്യാഷ് അവാർഡ് കരുണാകരൻ മംഗ്ലൂരു സമ്മാനിക്കും. 6.15ന് ദീപസ്തംഭം ചുറ്റുവിളക്ക് ജ്വലനം. 7ന് പെരിയ വിഷ്ണു ഭജൻസിന്റെ ഭജന. 9ന് ക്ഷേത്ര ഭജനസമിതിയുടെ ഭജന. 11.30ന് അവതാര പൂജയോടെ സമാപനം. വ്രതം അനുഷ്ഠിക്കേണ്ടവർ വഴിപാട് രസീത് മുൻകൂട്ടി വാങ്ങണം.
ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉച്ചപൂജയ്ക്ക് ശേഷം പ്രസാദ വിതരണവും വിശേഷാൽ വഴിപാടും. സന്ധ്യയ്ക്ക് ശേഷം ക്ഷേത്ര ഭജന സമിതി, പള്ളം അയ്യപ്പ മഠം ഭജന സമിതി, ബേവൂരി രക്തേശ്വരി ഭജന സമിതി സംഘങ്ങളുടെ ഭജന ചന്ദ്രോദയം വരെ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |